AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ISL 2025-26: ഐഎസ്എല്‍ എങ്ങനെ കാണാമെന്ന് ഇനി ആശങ്കപ്പെടേണ്ട; 8.62 കോടി രൂപയ്ക്ക്‌ ബ്രോഡ്കാസ്റ്ററെ തീരുമാനിച്ചു

Indian Super League 2025-26 season broadcast rights: ഐഎസ്എൽ 2025-26 സീസണിലെ സംപ്രേക്ഷണാവകാശം ഫാൻകോഡിന് ലഭിച്ചു. കെപിഎസ് സ്റ്റുഡിയോസ് ലീഗിന്റെ നിർമ്മാണം കൈകാര്യം ചെയ്യും. 8.62 കോടി രൂപയ്ക്കാണ് ഫാന്‍കോഡ് അവകാശം നേടിയത്.

ISL 2025-26: ഐഎസ്എല്‍ എങ്ങനെ കാണാമെന്ന് ഇനി ആശങ്കപ്പെടേണ്ട; 8.62 കോടി രൂപയ്ക്ക്‌ ബ്രോഡ്കാസ്റ്ററെ തീരുമാനിച്ചു
ISLImage Credit source: PTI
Jayadevan AM
Jayadevan AM | Published: 02 Feb 2026 | 07:53 PM

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2025-26 സീസണിലെ സംപ്രേക്ഷണാവകാശം ഫാൻകോഡിന് ലഭിച്ചു. കാലിഡോസ്കോപ്പ് പ്രൊഡക്ഷൻ ആൻഡ് സർവീസസ് (കെപിഎസ് സ്റ്റുഡിയോസ്) ലീഗിന്റെ നിർമ്മാണം കൈകാര്യം ചെയ്യും.  ജനുവരി 18 ന് റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (ആര്‍എഫ്പി) ടെൻഡർ പുറപ്പെടുവിച്ച ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) തിങ്കളാഴ്ചയാണ് ലേല നടപടികള്‍ ആരംഭിച്ചത്.

വേൾഡ് ഫീഡ് പ്രൊഡക്ഷൻ, ലീനിയർ ടിവി, ഡിജിറ്റൽ സ്ട്രീമിംഗ് എന്നിവയുൾപ്പെടുന്ന എ, ബി, ഡി പാക്കേജിലാണ് ഫാന്‍കോഡ് താല്പര്യം പ്രകടിപ്പിച്ചത്. ആകെ 8.62 കോടി രൂപയ്ക്കാണ് ഫാന്‍കോഡ് അവകാശം നേടിയത്.

91 മത്സരങ്ങളാണ് ലീഗില്‍ ഇത്തവണയുള്ളത്. ഒരു മത്സരത്തിന് ഏകദേശം 9.5 ലക്ഷം രൂപ ചെലവ് വരും. മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത് വളരെയധികം കുറവാണ്. മുന്‍ കൊമേഴ്‌സ്യല്‍ പാര്‍ട്ണറുമായി 275 കോടി രൂപയുടെ കരാറാണ് ഉണ്ടായിരുന്നത്. ഈ കരാറില്‍ ഒരു മത്സരത്തിന് ഏകദേശം 1.68 കോടി രൂപ ചെലവ് വരുമായിരുന്നു.

Also Read: Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി

‘വേള്‍ഡ് ഫീഡ് പ്രൊഡക്ഷന്‍’ മാത്രം വരുന്ന പാക്കേജ് ഇയ്ക്ക് വേണ്ടിയാണ്‌ കെപിഎസ് സ്റ്റുഡിയോ രംഗത്തെത്തിയത്. പാക്കേജ് ഇ-യ്ക്കായി 5.75 കോടി രൂപ ക്വോട്ട് ചെയ്തതിലൂടെ കെപിഎസ് സ്റ്റുഡിയോക്ക് അവകാശം ലഭിച്ചു.

ഫാൻകോഡ്, ടു സർക്കിൾസ്, ആനന്ദബസാർ പത്രിക (എബിപി), ജിയോസ്റ്റാർ, മോണാർക്ക് വിത്ത് പിആർ സൊല്യൂഷൻസ്, സ്‌പോർട്‌സ്‌വർക്ക്‌സ്, കെപിഎസ് സ്റ്റുഡിയോസ് എന്നിവയാണ്‌ ലേലത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നത്. സോണി സ്‌പോർട്‌സും സീ സ്‌പോർട്‌സും പ്രീ ബിഡ് മീറ്റിങില്‍ പങ്കെടുത്തിരുന്നുവെങ്കിലും അവസാന ഘട്ടത്തിൽ പിന്മാറി. അന്തിമ തീയതിയായ ഫെബ്രുവരി ഒന്നിന്‌ മുമ്പ് ലേലത്തിനുള്ള അന്തിമ അപേക്ഷകൾ ലഭിച്ചു.

ഫെബ്രുവരി 14 നാണ് ഐഎസ്എല്‍ ആരംഭിക്കുന്നത്. അന്ന്‌ രണ്ട് മത്സരങ്ങളുണ്ടാകും.കേരള ബ്ലാസ്റ്റേഴ്‌സും, മോഹന്‍ ബഗാന്‍ എസ്ജിയും തമ്മിലാണ് ഒരു മത്സരം. എഫ്‌സി ഗോവയും ഇന്റര്‍ കാശിയും തമ്മിലാണ് മറ്റൊരു മത്സരം. ബ്രോഡ്കാസ്റ്ററുടെ താൽപ്പര്യപ്രകാരം മത്സരക്രമത്തിൽ മാറ്റങ്ങൾ വരുത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

Follow Us