Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Victor Bertomeu In Kerala: സ്പാനിഷ് സ്ട്രൈക്കർ വിക്ടർ ബെർട്ടോമിയു കേരള ബ്ലാസ്റ്റേഴ്സിൽ. ഒരാഴ്ചക്കിടെ ഇത് എട്ടാമത്തെ താരമാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
കേരള ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്. സ്പാനിഷ് സ്ട്രൈക്കർ വിക്ടർ ബെർട്ടോമിയുവിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും പുതുതായി ടീമിലെത്തിച്ചത്. ഫെബ്രുവരി 14നാണ് ഐഎസ്എലിൻ്റെ പുതിയ സീസൺ ആരംഭിക്കുക. ഉദ്ഘാടനമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനെ നേരിടും. സീസണ് മുന്നോടിയായി ടീം പരിശീലനം ആരംഭിച്ചിട്ടുണ്ട്.
മുന്നേറ്റനിരയിൽ സ്ട്രൈക്കറായും വിങ്ങറായും ഒരുപോലെ കളിക്കാൻ മികവുള്ള താരമാണ് വിക്ടർ ബെർട്ടോമിയു എന്ന് കേരള ബ്ലാസ്റ്റേഴ്സ് വാർത്താകുറിപ്പിൽ അറിയിച്ചു. യൂറോപ്പിലും ഏഷ്യയിലുമുള്ള വിവിധ ലീഗുകളിൽ താരം കളിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ് ജിംനാസ്റ്റിക് ഡി ടരാഗോണ, സിഎഫ് അസ്കോ, എഇ പ്രാറ്റ് തുടങ്ങിയ ക്ലബുകളിൽ കളിച്ച താരം ഹോങ്കോങ്ങ് പ്രീമിയർ ലീഗിലെ ഈസ്റ്റേൺ എഫ്സി, ഇന്തോനേഷ്യൻ ക്ലബ്ബായ ഗ്രെസിക് യുണൈറ്റഡ് എഫ്സി എന്നീ ടീമുകൾക്കായും പന്ത് തട്ടി. വേഗതയേറിയ നീക്കങ്ങളും ആക്രമണ ശൈലിയുമാണ് ബെർട്ടോമിയുവിനെ ശ്രദ്ധേയനാക്കുന്നതെന്നും കേരള ബ്ലാസ്റ്റേഴ്സിൻ്റെ വാർത്താകുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചക്കിടെ ബ്ലാസ്റ്റേഴ്സ് ആകെ നടത്തിയത് എട്ട് സൈനിങുകളാണ്. ഇതിൽ നാല് പേർ വിദേശികളാണ്. ഒരു ഇന്ത്യൻ താരവും മൂന്ന് പേർ അക്കാദമി താരങ്ങളും. സീസൺ അനിശ്ചിതാവസ്ഥയിലായ സമയത്ത് അഡ്രിയാൻ ലൂണ, നോഹ സദൗയി, ഡുസാൻ ലഗേറ്റർ, കോൾഡോ ഒബിയേറ്റ, ടിയാഗോ ആൽവസ്, ജുവാൻ റോഡ്രിഗസ് എന്നീ വിദേശതാരങ്ങൾ ക്ലബ് വിട്ടിരുന്നു. പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് പുതിയ സൈനിങുകൾ പ്രഖ്യാപിച്ചത്.
ജനുവരി 25ന് മുൻ ജർമ്മനി U-18 ഫോർവേഡ് മർലോൺ റൂസ് ട്രൂജില്ലോ ആണ് ആദ്യം ടീമിലെത്തിയത്. അന്ന് തന്നെ ഇന്ത്യൻ മധ്യനിര താരം റൗളിന്‍ ബോര്‍ജസിനെയും ക്ലബ് സ്വന്തമാക്കി. പിറ്റേന്ന്, പിഎസ്ജിയുടെ യൂത്ത് സിസ്റ്റത്തിലൂടെ വളര്‍ന്നുവന്ന 29കാരൻ കെവിൻ യോക്ക് ടീമിലെത്തി. കഴിഞ്ഞ ദിവസം ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ മതിയാസ് ഹെര്‍ണാണ്ടസും ഇന്ന് വിക്ടർ ബെർട്ടോമിയും എത്തി. ഇതിനിടെ എബിന്‍ദാസ്, ജഗന്നാഥ്, അജ്‌സല്‍ എന്നീ അക്കാദമി താരങ്ങളെയും ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു.