ലോകകപ്പ് ബൂട്ടഴിച്ച് പോയത് മരണത്തിലേക്ക്! 25-ാം വയസിൽ ജെയ്ഡൻ ആഡംസ് അന്തരിച്ചു
South African World Cup player Jaiden Adams dies at 25: ഫിഫ ലോകകപ്പ് 2026ൽ ദക്ഷിണാഫ്രിക്കൻ ടീമിൽ മിഡ്ഫീൽഡറായിരുന്ന യുവതാരം ജെയ്ഡൻ ആഡംസ് (25) അന്തരിച്ചു. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മരണവാർത്ത അദ്ദേഹത്തിന്റെ മെന്ററും കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഫിഫ ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക കളിച്ച മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും ആഡംസ് പങ്കാളിയായിരുന്നു.
കേപ് ടൗൺ: ഫിഫ ലോകകപ്പ് 2026ൽ ദക്ഷിണാഫ്രിക്കൻ ടീമിൽ മിഡ്ഫീൽഡറായിരുന്ന യുവതാരം ജെയ്ഡൻ ആഡംസ് (25) അന്തരിച്ചു. ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ പ്ലെയേഴ്സ് യൂണിയൻ ആണ് മരണവിവരം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ കേപ് ടൗണിലെ പ്രാന്തപ്രദേശമായ ഷോഷെ ക്ലൂഫിലെ ഒരു വീട്ടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മരണവാർത്ത അദ്ദേഹത്തിന്റെ മെന്ററും കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഫിഫ ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക കളിച്ച മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും ആഡംസ് പങ്കാളിയായിരുന്നു. ടൂർണമെന്റിലെ മെക്സിക്കോ, ചെക്കിയ എന്നിവർക്കെതിരെയുള്ള ആദ്യ രണ്ട് മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ അദ്ദേഹം, തെക്കൻ കൊറിയക്കെതിരായ മത്സരത്തിൽ പകരക്കാരനായാണ് കളത്തിലിറങ്ങിയത്.
2010-ന് ശേഷം ആദ്യമായി യോഗ്യത നേടി ഫിഫ ലോകകപ്പ് 2026-ലേക്ക് എത്തിയ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഘട്ടം കടന്ന് റൗണ്ട് ഓഫ് 32 വരെ എത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ആതിഥേയരായ മെക്സിക്കോ, ചെക്ക് റിപ്പബ്ലിക്, ദക്ഷിണ കൊറിയ എന്നിവരടങ്ങുന്ന ഗ്രൂപ്പ് A-യിലാണ് ദക്ഷിണാഫ്രിക്ക ഉണ്ടായിരുന്നത്. അവിടെ നിന്ന് ഒരു തോൽവിയും ഒരു സമനിലയും ഒരു വിജയവുമായി 4 പോയിന്റ് നേടി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു റൗണ്ട് ഓഫ് 32 യോഗ്യത നേടിയത്.
Also Read: ഞാനല്ല, എന്റെ പിള്ളേരാണ് മികച്ചതെന്ന് ഫ്രാൻസ് കോച്ച്; വിജയം സിദാന് സമർപ്പിച്ച് എംബാപ്പേ
മുത്തശി മരിച്ചിട്ടും ലോകകപ്പ് കളിച്ചു
ഫിഫ ലോകകപ്പ് 2026ലെ സൗത്ത് ആഫ്രിക്കയുടെ യാത്രയിൽ സ്വകാര്യ ദുഖത്തെ ഉള്ളിലൊതുക്കിയാണ് അദ്ദേഹം ടീമിനൊപ്പം നിന്നത്. ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിനിടയിൽ (ജൂൺ 17-ന്) സ്വന്തം മുത്തശ്ശി മരിച്ചു എന്ന ദുഃഖ വാർത്ത ജെയ്ഡൻ ആഡംസിനെ തേടി എത്തുകയായിരുന്നു. എന്നാൽ ആ ദുഃഖം ഉള്ളിലൊതുക്കിയാണ് തൊട്ടടുത്ത ദിവസം ചെക്കിയക്കെതിരായ നിർണായക മത്സരത്തിൽ രാജ്യത്തിനായി അദ്ദേഹം കളിക്കാൻ ഇറങ്ങിയത്.
നിർണായകമായ റൗണ്ട് ഓഫ് 32 മത്സരത്തിൽ കാനഡയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് ദക്ഷിണാഫ്രിക്ക ടൂർണമെന്റിൽ നിന്ന് പുറത്തായി. അതോടെ ജെയ്ഡൻ ആഡംസിന്റെ ലോകകപ്പ് യാത്രയും അവസാനിച്ചു. എങ്കിലും വലിയ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്താനും ഗ്രൂപ്പ് ഘട്ടം കടന്ന് റൗണ്ട് ഓഫ് 32 വരെ എത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞതും വലിയ നേട്ടമായാണ് വിലയിരുത്തപ്പെട്ടത്.
ദക്ഷിണാഫ്രിക്കൻ ടീമിന് പുറമേ ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ക്ലബ്ബായ മാമെലോഡി സൺഡൗൺസിന്റെ മിഡ്‌ഫീൽഡറായും അദ്ദേഹം കളിച്ചിരുന്നു. സ്റ്റെല്ലൻബോഷ് എഫ്‌സിയിലൂടെയാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 2022-ലായിരുന്നു ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിനായുള്ള അരങ്ങേറ്റം. രാജ്യത്തിനായി 9 മത്സരങ്ങളിൽ നിന്ന് 1 ഗോളും ജെയ്ഡൻ ആഡംസ് നേടിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ ഫുട്ബോളിലെ ഏറ്റവും തിളക്കമാർന്ന യുവപ്രതിഭകളിൽ ഒരാളെയാണ് നഷ്ടമായതെന്നും കായിക ലോകത്തിന് ഇത് നികത്താനാകാത്ത നഷ്ടമാണെന്നും ദക്ഷിണാഫ്രിക്കൻ കായിക മന്ത്രാലയവും ഫുട്ബോൾ പ്ലേയേഴ്സ് യൂണിയനും (SAFPU) അനുശോചന സന്ദേശത്തിൽ അറിയിച്ചു. അതേസമയം ജെയ്ഡൻ ആഡംസിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്,” വെസ്റ്റേൺ കേപ് പോലീസ് വക്താവ് എഫ്‌സി വാൻ വൈക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു.
English Summary
Jayden Adams (25), a midfielder for South Africa at the 2026 FIFA World Cup, has died. The cause of death has not yet been announced. His mentor and family have confirmed his death. Adams played in all three of South Africa’s group stage matches at the FIFA World Cup a few weeks ago.