Eid Al Fitr 2026 Holidays: പെരുന്നാൾ അവധി പ്രഖ്യാപിച്ചു, ഖത്തറിലെ ഉദ്യോഗസ്ഥർക്ക് 7 ദിവസം വീട്ടിലിക്കാം
Eid Al Fitr 2026 Holidays: തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം, സ്വകാര്യ മേഖലയിൽ പെരുന്നാൾ അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാർക്ക് ഓവർടൈം ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും.
ദോഹ: ഈ വർഷത്തെ ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) പ്രമാണിച്ച് പൊതു-സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങൾ ഖത്തർ പ്രഖ്യാപിച്ചു. സർക്കാർ മന്ത്രാലയങ്ങൾക്കും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഏഴ് ദിവസത്തെ അവധിയാണ് അമീരി ദിവാൻ പ്രഖ്യാപിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവർക്ക് അവധി മാർച്ച് 17 ചൊവ്വാഴ്ച ആരംഭിച്ച് മാർച്ച് 23 തിങ്കളാഴ്ച അവസാനിക്കും. അവധിക്ക് ശേഷം മാർച്ച് 24 ചൊവ്വാഴ്ച ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കണം.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 3 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി ലഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്ഥാപനത്തിന്റെ സ്വഭാവമനുസരിച്ച് ഇതിൽ മാറ്റം വരാം. ഖത്തർ സെൻട്രൽ ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ അവധി തീയതികൾ സെൻട്രൽ ബാങ്ക് ഗവർണർ പിന്നീട് പ്രത്യേകമായി അറിയിക്കുന്നതാണ്.
തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം, സ്വകാര്യ മേഖലയിൽ പെരുന്നാൾ അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാർക്ക് ഓവർടൈം ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും. ലേബർ ലോ ആർട്ടിക്കിൾ 74 പ്രകാരമുള്ള വേതന വ്യവസ്ഥകൾ ഇതിന് ബാധകമായിരിക്കും.
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം മാർച്ച് 20-ഓടെ പെരുന്നാൾ വരാൻ സാധ്യതയുണ്ടെങ്കിലും, ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ക്രസന്റ് സൈറ്റിംഗ് കമ്മിറ്റിയുടെ മാസപ്പിറവി നിരീക്ഷണത്തിന് ശേഷമേ ഔദ്യോഗികമായി പെരുന്നാൾ തീയതി സ്ഥിരീകരിക്കുകയുള്ളൂ.