ഷാർജ – ദുബായ് യാത്രക്കാർക്ക് ആശ്വാസം; അൽ താവൂൻ തുരങ്കത്തിൻ്റെ ആദ്യഘട്ടം നവംബറിൽ തുറക്കും
Al Taawun Tunnel Set to Open Before Sharjah Book Fair: നിലവിലെ റൗണ്ട് എബൗട്ടിലെ വലിയ തിരക്കിൽ പെടാതെ വാഹനങ്ങൾക്ക് ദുബായിലേക്ക് നേരിട്ട് പ്രവേശിക്കാൻ ഈ ടണൽ വഴിയൊരുക്കും. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായി നവംബറോടെ തന്നെ ടണലിൻ്റെ ആദ്യഘട്ടം ജനങ്ങൾക്കായി തുറന്നു നൽകും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന റോഡുകളും ആദ്യഘട്ടത്തിൽ ഉൾപ്പെടും
ഷാർജയ്ക്കും ദുബായ്ക്കുമിടയിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ആശ്വാസ വാർത്ത. ഈ റൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിക്കുന്ന അൽ താവൂൻ ടണലിൻ്റെ ആദ്യഘട്ടം ഉടൻ ഗതാഗതത്തിനായി തുറന്നുകൊടുക്കും. യാത്രകൾക്കിടെ ഗതാഗത കുരുക്കിൽ ദിർഘനേരം പാഴാവുന്ന അവസ്ഥ തുരങ്കപാത വരുന്നതോടെ ഇല്ലാതാകും. അൽ താവൂൻ റൗണ്ട് എബൗട്ടിന് താഴെയായി 500 മീറ്റർ നീളത്തിലാണ് പുതിയ ഭൂഗർഭ തുരങ്കം നിർമ്മിച്ചിരിക്കുന്നത്. അൽ താവൂൻ സ്ട്രീറ്റിനെയും അൽ നഹ്ദ പാലത്തെയും നേരിട്ട് ബന്ധിപ്പിക്കുന്ന തരത്തിലാണ് തുരങ്ക പാത ഒരുക്കിയിരിക്കുന്നത്..
നിലവിലെ റൗണ്ട് എബൗട്ടിലെ വലിയ തിരക്കിൽ പെടാതെ വാഹനങ്ങൾക്ക് ദുബായിലേക്ക് നേരിട്ട് പ്രവേശിക്കാൻ ഈ ടണൽ വഴിയൊരുക്കും. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായി നവംബറോടെ തന്നെ ടണലിൻ്റെ ആദ്യഘട്ടം ജനങ്ങൾക്കായി തുറന്നു നൽകും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന റോഡുകളും ആദ്യഘട്ടത്തിൽ ഉൾപ്പെടും. 2027 ഫെബ്രുവരിയിലായിരിക്കും പദ്ധതിപൂർത്തിയാവുക.
പുതിയ സിഗ്നൽ സംവിധാനങ്ങളാണ് പാതയിൽ ഉണ്ടാവുക. തിരക്കുള്ള സമയങ്ങളിൽ ഇരുവശത്തേക്കുമായി മണിക്കൂറിൽ 4,200 വാഹനങ്ങൾക്ക് വരെ കടന്നുപോകാൻ കഴിയുംവിധമാണ് ഇത്. പുതിയ സംവിധാനം വരുന്നതോടെ നിലവിലെ റോഡുകളിലെയും സിഗ്നലുകളിലെയും വാഹനത്തിരക്ക് കുറയും. സന്ദർശകർക്ക് ഷാർജ എക്സ്പോ സെൻ്ററിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാനും പുതിയ ടണൽ സഹായിക്കും. ഭാവിയിൽ അൽ നൂർ റോഡുമായി ഈ പാതയെ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
Also Read: അബുദാബിയിൽ വീട് വാടകക്കെടുക്കാൻ പ്ലാനുണ്ടോ? വാടക നിരക്കുകൾ മുൻകൂട്ടി അറിയാൻ ഇതാ ഒരു ‘മാപ്പ്’
ഷാർജയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിരവധി റോഡ് വികസന പദ്ധതികളാണ് പുരോഗമിക്കുന്നത്. 140 ദശലക്ഷം ദിർഹം ചിലവിൽ നിർമ്മിക്കുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് – മലീഹ സ്ട്രീറ്റ് ഇൻ്റർസെക്ഷൻ അത്തരത്തിൽ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ്. 500 മീറ്റർ നീളമുള്ള മൂന്ന് വരി മേൽപ്പാലവും രണ്ടര കിലോമീറ്ററോളം വരുന്ന റോഡുകളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
ഈ പദ്ധതി പൂർത്തിയാകുന്നതോടെ മലീഹ റോഡിലേക്കുള്ള യാത്രാസമയം 20 മിനിറ്റിൽ നിന്നും വെറും 10 മിനിറ്റായി ചുരുങ്ങും. ഇതിന് പുറമെ, എമിറേറ്റ്സ് റോഡിൽ വാദി അൽ അമർദിയിലേക്കുള്ള 5 കിലോമീറ്റർ ദൂരത്തിൽ രണ്ട് പുതിയ ലൈനുകൾ കൂടി തുറന്നിരുന്നു. കൂടാതെ അൽ ജസ്സാത്ത്, അൽ ഹസാന തുടങ്ങിയ പ്രധാന മേഖലകളിൽ റോഡിൻ്റെ അറ്റകുറ്റപ്പണികളും സുരക്ഷാ ജോലികളും പുരോഗമിക്കുകയാണ്.
English Summary
The first phase of the 500-meter Al Taawon Tunnel will open in November, offering major relief to Sharjah-Dubai commuters. By connecting Al Taawon Street directly to Al Nahda Bridge, the project bypasses roundabout traffic, handling 4,200 vehicles hourly and significantly reducing travel time before the upcoming Sharjah International Book Fair