UAE Holidays 2026: യുഎഇയിൽ വരുന്നത് ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ അവധി; ബലിപെരുന്നാൾ മേയ് അവസാന വാരം
UAE Public Holiday Eid Al Adha 2026: യുഎഇ ക്യാബിനറ്റ് അംഗീകരിച്ചതനുസരിച്ച് അറഫാ ദിനത്തിന് ഒരു ദിവസവും ബലിപെരുന്നാളിന് മൂന്ന് ദിവസവുമാണ് ഔദ്യോഗിക അവധി ലഭിക്കുക. ഇതനുസരിച്ച് മേയ് 26 മുതൽ മേയ് 29 വരെ (ചൊവ്വ - വെള്ളി) ആണ് ഔദ്യോഗിക അവധി. ഇതിനു പിന്നാലെ വരുന്ന ശനി, ഞായർ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ മൊത്തം 6 ദിവസത്തെ അവധി താമസക്കാർക്ക് ലഭിക്കും.
ദുബായ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പൊതു അവധിക്കായി യുഎഇ ഒരുങ്ങുന്നു. ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ), അറഫാ ദിനം എന്നിവ പ്രമാണിച്ച് മേയ് മാസാവസാനം രാജ്യത്ത് വലിയ അവധി ലഭിക്കുമെന്ന് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നു. അവധി ദിവസങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് ചന്ദ്രദർശനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. എമിറേറ്റ്‌സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാന്റെ കണക്കനുസരിച്ച് അറഫാ ദിനം മേയ് 26 ചൊവ്വാഴ്ചയാണ്. ബലിപെരുന്നാൾ മേയ് 27 ബുധനാഴ്ച ആരംഭിക്കും.
അവധി ദിനങ്ങൾ ഇങ്ങനെ
യുഎഇ ക്യാബിനറ്റ് അംഗീകരിച്ചതനുസരിച്ച് അറഫാ ദിനത്തിന് ഒരു ദിവസവും ബലിപെരുന്നാളിന് മൂന്ന് ദിവസവുമാണ് ഔദ്യോഗിക അവധി ലഭിക്കുക. ഇതനുസരിച്ച് മേയ് 26 മുതൽ മേയ് 29 വരെ (ചൊവ്വ – വെള്ളി) ആണ് ഔദ്യോഗിക അവധി. ഇതിനു പിന്നാലെ വരുന്ന ശനി, ഞായർ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ മൊത്തം 6 ദിവസത്തെ അവധി താമസക്കാർക്ക് ലഭിക്കും.
ALSO READ : സുരക്ഷിതമായ ഭക്ഷണം ഉറപ്പ്, യുഎഇയിലെ ആദ്യ അത്യാധുനിക വൈറസ് പരിശോധനാ ലാബ് തുറന്നു
വിദ്യാർത്ഥികൾക്ക് 9 ദിവസത്തെ അവധി
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം സ്കൂളുകളിലെ മൂന്നാം ടേം മിഡ്-ടേം ബ്രേക്ക് ബലിപെരുന്നാൾ അവധിയോടൊപ്പമാണ് വരുന്നത്. മേയ് 25 മുതൽ 29 വരെ സ്കൂളുകൾക്ക് അവധിയായിരിക്കും. ശനി, ഞായർ ദിവസങ്ങൾ കൂടി ഉൾപ്പെടുമ്പോൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും തുടർച്ചയായി 9 ദിവസത്തെ അവധി ലഭിക്കും. സ്വകാര്യ-പൊതു മേഖലയിലുള്ളവർക്ക് മേയ് 25 തിങ്കളാഴ്ച കൂടി വാർഷിക അവധി (Annual Leave) എടുക്കുകയാണെങ്കിൽ, മുൻപത്തെ വാരാന്ത്യ അവധി ഉൾപ്പെടെ തുടർച്ചയായി 9 ദിവസത്തെ അവധി ആസ്വദിക്കാനാകും (മേയ് 23 മുതൽ മേയ് 31 വരെ).
ഹജ്ജ് 2026: തീർത്ഥാടകർക്കായി ഹറമൈൻ അതിവേഗ ട്രെയിൻ സർവീസുകൾ
ഇസ്‌ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലാണ് ഹജ്ജ് കർമ്മങ്ങൾ നടക്കുന്നത്. 2026-ൽ ഹജ്ജ് കർമ്മങ്ങൾ മേയ് 25-ന് ആരംഭിച്ച് മേയ് 29-30 ഓടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി ഹറമൈൻ അതിവേഗ ട്രെയിനിന്റെ പ്രവർത്തന ശേഷി സൗദി അറേബ്യ റെയിൽവേ (SAR) വർദ്ധിപ്പിച്ചു. തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി 22.1 ലക്ഷത്തിലധികം സീറ്റുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
മക്ക മുതൽ മദീന വരെയുള്ള വിവിധ സ്റ്റേഷനുകളെ ബന്ധിപ്പിച്ചു കൊണ്ട് അയ്യായിരത്തി മുന്നൂറിലധികം (5,300) സർവീസുകൾ നടത്താനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഓരോ സർവ്വീസിലും 417 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 35 ഇലക്ട്രിക് ട്രെയിനുകളാണ് ഉൾപ്പെടുക. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ 453 കിലോമീറ്റർ ദൂരമുള്ള റെയിൽ ശൃംഖലയിലൂടെയാണ് സർവീസ് നടത്തുന്നത്.
മക്കയിൽ നിന്ന് ആരംഭിച്ച് ജിദ്ദ, കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി, മദീന എന്നീ സ്റ്റേഷനുകളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. തീർത്ഥാടകർക്ക് പുണ്യനഗരങ്ങൾക്കിടയിൽ അതിവേഗത്തിലും സുരക്ഷിതമായും യാത്ര ചെയ്യാൻ ഇത് സഹായിക്കും.
English Summary
The UAE is expected to enjoy its longest break of 2026 this May, with residents potentially securing up to a nine-day holiday for Eid Al Adha and Arafat Day. While official dates depend on moon sightings, astronomical projections suggest the break will begin around May 26, coinciding with school midterm holidays.