KEAM 2026: എഞ്ചിനീയറിങ് കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കാം; അലോട്ട്‌മെന്റ് തീയതികള്‍ അറിയാം
KEAM 2026 Option Registration Begins: 2026-27 അധ്യയന വര്‍ഷത്തെ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി. വിദ്യാര്‍ത്ഥികള്‍ വിവിധ കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂലൈ അഞ്ചിനാണ് ട്രയല്‍ അലോട്ട്‌മെന്റ്. ജൂലൈ ഏഴിന് താല്‍ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ജൂലൈ എട്ടിന് ആദ്യ അലോട്ട്‌മെന്റ് പുറത്തുവിടും.
2026-27 അധ്യയന വര്‍ഷത്തെ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി. വിദ്യാര്‍ത്ഥികള്‍ വിവിധ കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണ എയ്ഡഡ്, സര്‍ക്കാര്‍ കോസ്റ്റ് ഷെയറിങ്, സ്വകാര്യ സ്വാശ്രയ, സ്വയംഭരണ എഞ്ചിനീയറിങ് കോളേജുകളിലേക്കാണ് ഓപ്ഷനുകള്‍ ക്ഷണിക്കുന്നത്. ജൂലൈ ആറിന് വൈകുന്നേരം നാലു മണി വരെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. http://www.cee.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല.
ജൂലൈ അഞ്ചിനാണ് ട്രയല്‍ അലോട്ട്‌മെന്റ്. ജൂലൈ ഏഴിന് താല്‍ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ജൂലൈ എട്ടിന് ആദ്യ അലോട്ട്‌മെന്റ് പുറത്തുവിടും. ജൂലൈ ഒമ്പത് മുതല്‍ 12-ന് വൈകുന്നേരം നാലു മണി വരെ അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ടതുമായ തുക ഓണ്‍ലൈനായി ഒടുക്കണം.
നിശ്ചിത സമയപരിധിക്കകം ഫീസ് അടച്ചില്ലെങ്കില്‍ അലോട്ട്‌മെന്റും, നിലവിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാകും. റദ്ദാക്കപ്പെടുന്ന ഓപ്ഷന്‍ അടുത്ത ഘട്ടത്തില്‍ ലഭിക്കില്ല. തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളുയെ സമയക്രമം സമയാസമയങ്ങളില്‍ വിജ്ഞാപനത്തിലൂടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.
Also Read: NEET PG 2026 Registration: നീറ്റ് പിജി രജിസ്ട്രേഷൻ ആരംഭിച്ചു; വലിയ മാറ്റങ്ങളോടെ പുതിയ വിജ്ഞാപനം
ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ്
എഞ്ചിനീയറിങ് പ്രവേശനത്തിന് ഈ ഘട്ടത്തില്‍ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടായിരം രൂപ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസായി നല്‍കണം. കോഴ്‌സിന്റെ ട്യൂഷന്‍ ഫീസില്‍ ഈ തുക വകയിരുത്തും.
ഇന്റര്‍നെറ്റ് സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫെസിലിറ്റേഷന്‍ സെന്ററിലൂടെ ഓപ്ഷനുകള്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഫെസിലിറ്റേഷന്‍ സെന്ററുകളുടെ ലിസ്റ്റ് വെബ്‌സൈറ്റിലുണ്ട്.
സര്‍ക്കാര്‍, എയ്ഡഡ്, എയ്ഡഡ് സ്വയംഭരണ എഞ്ചിനീയറിങ് കോളേജില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ മുഴുവന്‍ ഫീസും അടച്ച് പ്രവേശനം ഉറപ്പാക്കണം. സര്‍ക്കാര്‍ കോസ്റ്റ് ഷെയറിങ്, സ്വകാര്യ സ്വാശ്രയ, സ്വാശ്രയ സ്വയംഭരണ എഞ്ചിനീയറിങ് കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരില്‍ 8,000 രൂപ ടോക്കണ്‍ ഡെപ്പോസിറ്റായി ഓണ്‍ലൈനായി അടയ്ക്കണം.
വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടത്
അലോട്ട്‌മെന്റ് കിട്ടിയാല്‍ അഡ്മിഷന്‍ നേടും എന്നുറപ്പുള്ള കോളേജുകളിലെയും, കോഴ്‌സുകളിലെയും മാത്രം ഓപ്ഷനുകള്‍ നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകം ശ്രദ്ധിക്കണം. വിവിധ കാരണങ്ങളാല്‍ റിസള്‍ട്ട് തടഞ്ഞുവച്ചിട്ടുള്ളവര്‍ക്കും ഈ ഘട്ടത്തില്‍ ഓണ്‍ലൈനായി ഓപ്ഷനുകള്‍ സമര്‍പ്പിക്കാം. എന്നാല്‍ ഇത്തരം വിദ്യാര്‍ത്ഥികള്‍ ജൂലൈ ആറിന് രാവിലെ 11-ന് മുമ്പ് ന്യൂനതകള്‍ പരിഹരിക്കണം. ഇല്ലെങ്കില്‍ അവരുടെ ഓപ്ഷനുകള്‍ അലോട്ട്‌മെന്റിന് പരിഗണിക്കില്ല.
മാര്‍ക്ക് സമര്‍പ്പിക്കാം:
അതേസമയം, ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും നാറ്റാ സ്‌കോറും ഓണ്‍ലൈനായി സമര്‍പ്പിക്കണം. ആര്‍ക്കിടെക്ചര്‍ കൗണ്‍സില്‍ നടത്തിയ നാറ്റാ പരീക്ഷയില്‍ ലഭിച്ച സ്‌കോറിനും, യോഗ്യതാ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനും തുല്യ പരിഗണന നല്‍കി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാകും ബിആര്‍ക്ക് കോഴ്‌സുകളിലേക്കുള്ള പ്രവേശനം നടത്തുന്നത്.
English Summary
KEAM 2026 Phase 1 option registration for Engineering courses has officially started. Eligible students must register their online choices before July 6, 2026, at 4:00 PM. The general registration fee is ₹2,000. The trial allotment will be published on July 5, followed by the first final allotment on July 8.