KEAM Architecture 2026: ആര്‍ക്കിടെക്ചര്‍ അപേക്ഷകര്‍ക്ക് പ്രൊഫൈലിലെ പിഴവുകള്‍ തിരുത്താം; ചെയ്യേണ്ടത് ഇത്ര മാത്രം
KEAM 2026 Architecture Profile Correction: 2026-27 അധ്യയന വര്‍ഷത്തെ ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലെ അഡ്മിഷന് അപേക്ഷിച്ചവര്‍ക്ക് അവരുടെ പ്രൊഫൈല്‍ പരിശോധിക്കുന്നതിനും, പിഴവുകളുണ്ടെങ്കില്‍ തിരുത്തുന്നതിനും അവസരം. പ്രവേശന പരീക്ഷ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നാളെ വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ ഇതിനുള്ള സൗകര്യം വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണം.
2026-27 അധ്യയന വര്‍ഷത്തെ ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലെ അഡ്മിഷന് അപേക്ഷിച്ചവര്‍ക്ക് അവരുടെ പ്രൊഫൈല്‍ പരിശോധിക്കുന്നതിനും, പിഴവുകളുണ്ടെങ്കില്‍ തിരുത്തുന്നതിനും അവസരം. http://www.cee.kerala.gov.in/ എന്ന പ്രവേശന പരീക്ഷ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നാളെ (ജൂണ്‍ 30) വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ ഇതിനുള്ള സൗകര്യം വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണം. ‘കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍’ എന്ന ലിങ്ക് വഴിയാണ് പ്രൊഫൈല്‍ പരിശോധിക്കേണ്ടത്. അപേക്ഷാ നമ്പരും, പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യുമ്പോള്‍ പ്രൊഫൈല്‍ പേജ് ദൃശ്യമാകും.
അപേക്ഷയിലെ വ്യക്തിഗത വിവരങ്ങള്‍, നേറ്റിവിറ്റി, സംവരണം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും, വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും, ഒപ്പും ദൃശ്യമാകും. അപേക്ഷയില്‍ ന്യൂനതകളുണ്ടെങ്കില്‍ പ്രൊഫൈല്‍ പേജിലെ ‘മെമ്മോ ഡീറ്റെയില്‍സ്’ എന്ന മെനു ക്ലിക്ക് ചെയ്യണം. ഇതുവഴി ന്യൂനതകള്‍ സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകര്‍ക്ക് കാണാനാകും.
ന്യൂനതകളുണ്ടെങ്കില്‍ ചെയ്യേണ്ടത്:
ന്യൂനതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകള്‍/സര്‍ട്ടിഫിക്കറ്റുകള്‍/ഫോട്ടോ/ഒപ്പ് എന്നിവ വിദ്യാര്‍ത്ഥി ഓണ്‍ലൈനായി നിശ്ചിത സമയപരിധിക്കുള്ളില്‍ അപ്‌ലോഡ് ചെയ്യണം. അപാതകള്‍ പരിഹരിക്കുന്നതിന് പിന്നീട് അവസരം ലഭിക്കില്ല. അനുബന്ധ രേഖകളോ, സര്‍ട്ടിഫിക്കറ്റുകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയക്കരുത്.
Also Read: KEAM Rank List 2026: ഇത്തവണയും കീം റാങ്ക് ലിസ്റ്റ് കോടതി കയറുമോ? ആശങ്കയ്ക്ക് കാരണമുണ്ട്
പ്രോസ്‌പെക്ടസ് വ്യവസ്ഥ പ്രകാരം കേരളീയരായവര്‍ക്ക് മാത്രമാണ് സാമുദായിക/പ്രത്യേക സംവരണത്തിനോ ഫീസ് ആനുകൂല്യങ്ങള്‍ക്കോ അര്‍ഹതയുള്ളത്. കേരളീയനാണെന്ന് തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ഇല്ലെങ്കില്‍ പ്രസ്തുത സംവരണങ്ങളും ആനുകൂല്യങ്ങളും റദ്ദാകും.
അതുകൊണ്ട് കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ നേറ്റിവിറ്റി മെമ്മോ ലഭിച്ചിട്ടുള്ളവര്‍ ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്ത് നേറ്റിവിറ്റിയിലെ അപാകത പരിഹരിക്കണം. ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലെ അഡ്മിഷനായുള്ള റാങ്ക് ലിസ്റ്റും, കാറ്റഗറി/കമ്മ്യൂണിറ്റി തിരിച്ചുള്ള ലിസ്റ്റുകളും യഥാസമയം പ്രസിദ്ധീകരിക്കും.
എഞ്ചിനീയറിങ് റാങ്ക് പട്ടിക
എഞ്ചിനീയറിങ് കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കാം. ഏപ്രില്‍ 17 മുതല്‍ 22 വരെയാണ് എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ നടത്തിയത്.
മെയ് 12-ന് നോര്‍മലൈസ്ഡ് സ്‌കോര്‍ പുറത്തുവിട്ടു. തുടര്‍ന്ന് രണ്ടാം വര്‍ഷ പ്ലസ്ടു (തത്തുല്യം) പരീക്ഷയിലെ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി/കമ്പ്യൂട്ടര്‍ സയന്‍സ്/ബയോടെക്‌നോളജി/ബയോളജി എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് ഓണ്‍ലൈനായി പരിശോധിക്കാന്‍ പല തവണ സമയപരിധി നീട്ടിനല്‍കുകയും ചെയ്തു.
എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയ 79,784 പേരില്‍ 65,438 പേര്‍ മാര്‍ക്ക് സമര്‍പ്പിച്ചു. എന്‍ട്രന്‍സ് പരീക്ഷയിലെ നോര്‍മലൈസ്ഡ് സ്‌കോറിനും, യോഗ്യതാ പരീക്ഷയിലെ നോര്‍മലൈസ്ഡ് മാര്‍ക്കിനും 50:50 എന്ന അനുപാതത്തില്‍ പരിഗണന നല്‍കിയുള്ള നോര്‍മലൈസേഷന്‍ പ്രക്രിയയിലൂടെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.
ഫാര്‍മസി പ്രവേശന പരീക്ഷയ്ക്ക് 31141 വിദ്യാര്‍ത്ഥികള്‍ ഹാജരായി. ഇതില്‍ 26944 പേര്‍ യോഗ്യത നേടി. അപേക്ഷയിലെ അപാകതകള്‍, ആവശ്യമായ രേഖകളുടെ അഭാവം തുടങ്ങിയ കാരണങ്ങളാല്‍ ചില വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ട് തടഞ്ഞുവെച്ചിട്ടുണ്ട്. അപാകതകള്‍ പരിഹരിക്കുമ്പോള്‍ ഇവരുടെ ഫലം പ്രസിദ്ധീകരിക്കും.
English Summary
Kerala KEAM 2026 architecture applicants can now check and correct errors in their profiles. This facility is available on the official website using the candidate portal. The deadline to upload required documents and fix defects is tomorrow, June 30, before 5:00 PM. Failure to clear errors, especially regarding nativity documents, will result in the loss of reservation benefits.