KEAM Rank List 2026: ഇത്തവണയും കീം റാങ്ക് ലിസ്റ്റ് കോടതി കയറുമോ? ആശങ്കയ്ക്ക് കാരണമുണ്ട്
KEAM Rank List Latest Update: കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും കീം റാങ്ക് ലിസ്റ്റ് കോടതി കയറാന്‍ സാധ്യത. സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണയ റിസള്‍ട്ട് വൈകിയതോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് അപ്‌ലോഡ് ചെയ്യാന്‍ അവസരം നിഷേധിക്കപ്പെട്ടതാണ് കാരണമെന്ന് റിപ്പോര്‍ട്ട്.
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും കീം റാങ്ക് ലിസ്റ്റ് കോടതി കയറാന്‍ സാധ്യത. സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണയ റിസള്‍ട്ട് വൈകിയതോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് അപ്‌ലോഡ് ചെയ്യാന്‍ അവസരം നിഷേധിക്കപ്പെട്ടതാണ് കാരണമെന്ന് മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയ റിസള്‍ട്ട് പുറത്തുവിടാന്‍ വൈകിയത് കീം ഫലപ്രഖ്യാപനത്തിലും കാലതാമസം സൃഷ്ടിച്ചിരുന്നു. പുനര്‍മൂല്യനിര്‍ണയ ഫലപ്രഖ്യാപനം വൈകിയത് മൂലം ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചില്ലെന്നാണ് ആക്ഷേപം.
മാര്‍ക്ക് സമീകരണം, പ്രോസ്‌പെക്ടസ് ഭേദഗതി അടക്കമുള്ള വിഷയങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം കീം റാങ്ക് പട്ടിക കോടതി കയറിയിരുന്നു. ഇത്തവണ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാന്‍ പലതവണ സമയപരിധി നീട്ടിനല്‍കിയിരുന്നു. ആദ്യം ജൂണ്‍ ഏഴു വരെയും, പിന്നീട് 14 വരെയും, അതിനുശേഷം 18 വരെയും സമയപരിധി നീട്ടിനല്‍കി. തുടര്‍ന്ന് ജൂണ്‍ 23 വരെയും സമയപരിധി ദീര്‍ഘിപ്പിച്ചു. ഇതിനുശേഷമാണ് റാങ്ക് ലിസ്റ്റ് പുറത്തുവിട്ടത്.
റാങ്ക് പട്ടിക
എഞ്ചിനീയറിങ് കോഴ്‌സുകളുടെ സംസ്ഥാന റാങ്ക് പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ https://www.cee.kerala.gov.in/cee/index.php എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഏപ്രില്‍ 17 മുതല്‍ 22 വരെയാണ് സംസ്ഥാന എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ നടത്തിയത്. മെയ് 12-ന് നോര്‍മലൈസ്ഡ് സ്‌കോര്‍ പ്രസിദ്ധീകരിച്ചു.
തുടര്‍ന്ന് എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയവരോട് അവരുടെ രണ്ടാം വര്‍ഷ പ്ലസ്ടു (തത്തുല്യം) പരീക്ഷയിലെ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി/കമ്പ്യൂട്ടര്‍ സയന്‍സ്/ബയോടെക്‌നോളജി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.
Also Read: KEAM Rank List 2026: കാത്തിരിപ്പിന് വിരാമം! കീം 2026 ഫലം പ്രഖ്യാപിച്ചു; പരിശോധിക്കേണ്ടത് ഇവിടെ
പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ 79,784 വിദ്യാര്‍ത്ഥികളില്‍ 65,438 പേരാണ് മാര്‍ക്ക് സമര്‍പ്പിച്ചത്. എന്‍ട്രന്‍സ് പരീക്ഷയിലെ നോര്‍മലൈസ്ഡ് സ്‌കോറിനും, യോഗ്യതാ പരീക്ഷയിലെ നോര്‍മലൈസ്ഡ് മാര്‍ക്കിനും 50:50 എന്ന അനുപാതത്തില്‍ പരിഗണന നല്‍കി നോര്‍മലൈസേഷന്‍ പ്രക്രിയയിലൂടെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.
ഫാര്‍മസി പ്രവേശന പരീക്ഷ
31141 വിദ്യാര്‍ത്ഥികളാണ് ഫാര്‍മസി പ്രവേശന പരീക്ഷയ്ക്ക് ഹാജരായത്. 26944 പേര്‍ യോഗ്യത നേടി. അപേക്ഷയിലെ അപാകതകള്‍, ആവശ്യമായ രേഖകളുടെ അഭാവം തുടങ്ങിയ കാരണങ്ങളാല്‍ ഏതാനും വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോള്‍ ഇവരുടെ റിസള്‍ട്ടും പ്രസിദ്ധീകരിക്കും.
റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കാരണത്താല്‍ ഒരു വിദ്യാര്‍ത്ഥി പ്രവേശനത്തിന് അര്‍ഹനാകുന്നില്ല. പ്രൊഫഷണല്‍ ഡിഗ്രി പ്രവേശനത്തിന് പ്രോസ്‌പെക്ടസ് പ്രകാരമുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ഓരോ വിദ്യാര്‍ത്ഥിക്കും ഉണ്ടായിരിക്കണം. ഈ യോഗ്യതകള്‍ പ്രവേശന സമയത്ത് കോളേജ് അധികാരികള്‍ പരിശോധിക്കും. മാര്‍ക്കുകളില്‍ വൈരുദ്ധ്യങ്ങളുണ്ടെങ്കില്‍ അപേക്ഷാര്‍ത്ഥിത്വം റദ്ദാക്കും. ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് യഥാസമയം പ്രസിദ്ധീകരിക്കും. സംശയങ്ങള്‍ക്ക് 0471-2332120, 2338487 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളുടെ സേവനം തേടാം.
English Summary
The KEAM rank list is likely to face court challenges again this year. This is because many CBSE students missed the mark upload deadline due to delayed revaluation results. Although the government extended the deadline multiple times until June 23, several students still left out. Similar issues regarding mark normalization had dragged the KEAM rank list to court last year as well.