Namma Metro: നമ്മ മെട്രോ മൂന്നാം ഘട്ടത്തിൽ നിർണായക നീക്കം; 170 ഇടങ്ങളിൽ ഭൂമി ഏറ്റെടുക്കും
Namma Metro Phase 3 Work Gains Momentum 170 Properties Marked for Acquisition: ബിളേക്കഹള്ളി, സാരക്കി അഗ്രഹാര, സാരക്കി, ജരഗനഹള്ളി, കദിരേനഹള്ളി, കരീസന്ദ്ര, കത്രിഗുപ്പെ, ഇട്ടമഡു, ഹൊസകേരഹള്ളി, പന്തരപാള്യ തുടങ്ങിയ മേഖലകളിലാണ് ഭൂമി ആവശ്യമായിരിക്കുന്നത്. ദ്വാരകനഗര്‍ മെട്രോ സ്റ്റേഷനുമായി ബന്ധപ്പെട്ട ഭൂമിയും ഇതില്‍ ഉള്‍പ്പെടുന്നു.
ബെംഗളൂരുവിലെ നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട്. പദ്ധതിക്കായി 170 ഇടങ്ങളില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. മെട്രോ പാതയും സ്റ്റേഷനുകളും ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കുകയാണ് നടപടിയുടെ ലക്ഷ്യം. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് നമ്മ മെട്രോ മൂന്നാം ഘട്ടം. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ നിര്‍മാണവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്ക് വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ.
170 സ്വത്തുക്കള്‍; 11 മേഖലകളില്‍ ഭൂമി ഏറ്റെടുക്കും
ജെപി നഗര്‍ നാലാം ഘട്ടം മുതല്‍ മൈസൂരു റോഡ് മെട്രോ സ്റ്റേഷന്‍ വരെയുള്ള പാക്കേജ് ഒന്നിന്റെ നിര്‍മാണത്തിനാണ് അധിക ഭൂമി ഏറ്റെടുക്കുന്നത്. മെട്രോ തൂണുകള്‍, പാത, റാംപ്, സ്റ്റേഷനുകള്‍ എന്നിവയുടെ നിര്‍മാണത്തിനും മറ്റ് അനുബന്ധ ആവശ്യങ്ങള്‍ക്കുമായി ആകെ 13,409.05 ചതുരശ്ര മീറ്റര്‍ ഭൂമിയിലുള്ള 170 ഇടങ്ങളിലാണ് ഭൂമി കണ്ടെത്തിയിരിക്കുന്നത്.
ബിളേക്കഹള്ളി, സാരക്കി അഗ്രഹാര, സാരക്കി, ജരഗനഹള്ളി, കദിരേനഹള്ളി, കരീസന്ദ്ര, കത്രിഗുപ്പെ, ഇട്ടമഡു, ഹൊസകേരഹള്ളി, പന്തരപാള്യ തുടങ്ങിയ മേഖലകളിലാണ് ഭൂമി ആവശ്യമായിരിക്കുന്നത്. ദ്വാരകനഗര്‍ മെട്രോ സ്റ്റേഷനുമായി ബന്ധപ്പെട്ട ഭൂമിയും ഇതില്‍ ഉള്‍പ്പെടുന്നു.
Also Read: Chennai Metro: ചെന്നൈ മെട്രോ സമയക്രമത്തിൽ മാറ്റം; കാരണമിത്…
- ബിളേക്കഹള്ളി- 1,448.72 ചതുരശ്ര മീറ്റര്‍
- സാരക്കി അഗ്രഹാര- 1,673.10 ചതുരശ്ര മീറ്റര്‍
- സാരക്കി- 1,078.34 ചതുരശ്ര മീറ്റര്‍
- ജരഗനഹള്ളി- 1,582.08 ചതുരശ്ര മീറ്റര്‍
- കദിരേനഹള്ളി- 7.92 ചതുരശ്ര മീറ്റര്‍
- കരീസന്ദ്ര- 451.88 ചതുരശ്ര മീറ്റര്‍
- കത്രിഗുപ്പെ- 1,254.95 ചതുരശ്ര മീറ്റര്‍
- ഇട്ടമഡു- 833.53 ചതുരശ്ര മീറ്റര്‍
- ഹൊസകേരഹള്ളി- 2,817.86 ചതുരശ്ര മീറ്റര്‍
- ദ്വാരകനഗര്‍ മെട്രോ സ്റ്റേഷന്‍ പരിസരം- 228.88 ചതുരശ്ര മീറ്റര്‍
- പന്തരപാള്യ- 2,031.79 ചതുരശ്ര മീറ്റര്‍
ഭൂമി കൈമാറ്റത്തിന് നിയന്ത്രണം
ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി കര്‍ണാടക വ്യവസായ മേഖലാ വികസന ബോര്‍ഡ് വഴിയാണ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട സ്വത്തുക്കള്‍ പ്രത്യേക ഭൂമി ഏറ്റെടുക്കല്‍ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ വില്‍ക്കുകയോ പാട്ടത്തിന് നല്‍കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിജ്ഞാപനത്തിന് ശേഷം അനുമതിയില്ലാതെ നിര്‍മാണമോ മറ്റ് വികസനപ്രവര്‍ത്തനങ്ങളോ നടത്തുന്നതിനും നിയന്ത്രണമുണ്ട്.
English Summary
The Karnataka government has issued a notification to acquire land for Bengaluru’s Namma Metro Phase 3 project. Around 170 properties across 11 areas have been identified for acquisition to facilitate construction along the JP Nagar 4th Phase to Mysuru Road corridor.