Namma Metro: നമ്മ മെട്രോയില്‍ യാത്ര വേണ്ട; ട്രെയിന്‍ സര്‍വീസ് എന്നും അവതാളത്തില്‍
Frequent Technical Glitches Leave Bengaluru Metro Commuters Worried: വ്യാഴാഴ്ച രാവിലെ 8.23ന് ബനശങ്കരി സ്‌റ്റേഷനില്‍ സിഗ്നലിങ് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് ഗ്രീന്‍ ലൈനില്‍ സര്‍വീസ് തടസപ്പെട്ടത്. രാവിലെ തിരക്കേറിയ സമയത്തുണ്ടായ ഈ തകരാര്‍ ഒട്ടനവധി യാത്രക്കാരെ ജോലി സ്ഥലത്തും മറ്റും എത്തുന്നതില്‍ വൈകിപ്പിച്ചു. പിന്നീട് മറ്റ് ട്രെയിനുകളിലാണ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്.
ബെംഗളൂരു: നമ്മ മെട്രോ സര്‍വീസുകളില്‍ എന്നും പ്രശ്‌നം. പര്‍പ്പിള്‍ ലൈനില്‍ അഞ്ച് മണിക്കൂറോളം മെട്രോ സര്‍വീസുകള്‍ സ്തംഭിച്ച് ആഴ്ചകള്‍ തികയും മുമ്പ് തന്നെ കഴിഞ്ഞ ദിവസം മറ്റൊരു സാങ്കേതിക തകരാറും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 20 ദിവസത്തിനിടെ മൂന്നാമത്തെ സംഭവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഗ്രീന്‍ ലൈനിലാണ് സര്‍വീസ് വൈകിയത്, തിരക്കേറിയ സമയത്തുണ്ടായ തകരാര്‍ മൂലം യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.
ഗ്രീന്‍ ലൈനില്‍ സാങ്കേതിക തകരാര്‍
വ്യാഴാഴ്ച രാവിലെ 8.23ന് ബനശങ്കരി സ്‌റ്റേഷനില്‍ സിഗ്നലിങ് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് ഗ്രീന്‍ ലൈനില്‍ സര്‍വീസ് തടസപ്പെട്ടത്. രാവിലെ തിരക്കേറിയ സമയത്തുണ്ടായ ഈ തകരാര്‍ ഒട്ടനവധി യാത്രക്കാരെ ജോലി സ്ഥലത്തും മറ്റും എത്തുന്നതില്‍ വൈകിപ്പിച്ചു. പിന്നീട് മറ്റ് ട്രെയിനുകളിലാണ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. പ്രശ്‌നം പരിഹരിക്കുന്നതിനായി ട്രെയിന്‍ ട്രാക്കില്‍ നിന്ന് മാറ്റുകയായിരുന്നുവെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു. രാവിലെ 8.23നും 8.38നും ഇടയിലുള്ള ഗ്രീന്‍ ലൈന്‍സ് സര്‍വീസുകളാണ് തടസപ്പെട്ടതെന്ന് ബിഎംആര്‍സിഎല്‍ പ്രസ്താവനയില്‍ പറയുന്നു.
തകരാറുകള്‍ തുടര്‍കഥയാകുന്നു
ജൂണ്‍ 23നാണ് പര്‍പ്പിള്‍ ലൈനിലെ ഭൂഗര്‍ഭ സെക്ഷനില്‍ മൂന്നാമത്തെ റെയില്‍പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ഏകദേശം അഞ്ച് മണിക്കൂറോളം ട്രെയിന്‍ സര്‍വീസുകള്‍ വൈകുകയായിരുന്നു. ഇതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങി.
ഇതിന് പിന്നാലെ ജൂണ്‍ 25ന് 20 മിനിറ്റ് വീണ്ടും സാങ്കേതിക തകരാര്‍ ഉണ്ടായി. ട്രെയിനിന്റെ വാതിലുകള്‍ ശരിയായി അടയ്ക്കാന്‍ സാധിക്കാതെ വന്നതോടെ സര്‍വീസുകള്‍ മുടങ്ങുകയായിരുന്നു. ഇതെല്ലാം പരിഹരിച്ച് പ്രശ്‌നങ്ങളില്ലാതെ പോകുമ്പോഴായിരുന്നു പര്‍പ്പിള്‍ ലൈനില്‍ സിഗ്നലിങ് തകരാറുണ്ടായത്.
Also Read: Namma Metro: ബെംഗളൂരു-തുംകുരു യാത്ര വെറും 45 മിനിറ്റില്‍; നമ്മ മെട്രോ സര്‍വീസ് ഈ വര്‍ഷം ആരംഭിക്കും
പിങ്ക്-ബ്ലൂ ലൈനുകള്‍ എന്ന് തുറക്കും?
നമ്മ മെട്രോയുടെ പിങ്ക്, ബ്ലൂ ലൈനുകള്‍ തുറക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. പിങ്ക് ലൈനിന്റെ എലിവേറ്റഡ് ഭാഗം ഓഗസ്റ്റിലും, ഭൂഗര്‍ഭ ഭാഗം 2027 മാര്‍ച്ചിലുമായിരിക്കും തുറക്കുന്നത്. ബ്ലൂ ലൈന്‍ പാതയുടെ ഉദ്ഘാടനം 2027 ലായിരിക്കും നടക്കുക. കലേന അഗ്രഹാര മുതല്‍ തവരെക്കരെ വരെയുള്ള പിങ്ക് ലൈനിന്റെ എലിവേറ്റഡ് സ്‌ട്രെച്ച് ഓഗസ്റ്റ് 15നകം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. നാഗവാര വരെയുള്ള ഭൂഗര്‍ഭ ഭാഗം 2027 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം.
കെആര്‍പുര മുതല്‍ മാറത്തഹള്ളി, എച്ച്എസ്ആര്‍ ലേഔട്ട് വരെയുള്ള ബ്ലൂ ലൈനില്‍ 2026 ഒക്ടബറോടെ ട്രെയിനുകളുടെ പരീക്ഷണയോട്ടം ആരംഭിക്കും. ഹെബ്ബാല്‍-എയര്‍പോര്‍ട്ട് ഭാഗം 2027 ജൂണില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും കെആര്‍പുര-ഹെബ്ബാല്‍ പാത 2027 ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ സമയപരിധി പാലിക്കുന്നതില്‍ ബിഎംആര്‍സിഎല്‍ ആവര്‍ത്തിച്ച് പരാജയപ്പെടുന്നതിലുള്ള ആശങ്കയും മന്ത്രി പങ്കുവെച്ചു. പുതിയ സമയപരിധികളില്‍, 2028 ആകുമ്പോഴേക്കും മെട്രോ ശൃംഖല 175 കിലോമീറ്ററായി വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗൗഡ.
English Summary
Frequent technical glitches have raised concerns among regular Bengaluru Namma Metro commuters. Repeated service disruptions have affected daily travel and caused inconvenience to passengers. The recurring technical issues have renewed questions about the reliability of the metro network.