PM Modi to Attend Dussehra: പ്രധാനമന്ത്രി ദസറ ആഘോഷങ്ങളിൽ പങ്കെടുക്കും; ഡൽഹി ഐ.പി എക്സ്റ്റൻഷനിൽ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം
Delhi Traffic Advisory: Routes to Avoid as PM Modi Attends Dussehra at Utsav Ground: ചൊവ്വാഴ്ച വൈകുന്നേരം 6:30-ഓടെയാണ് ചടങ്ങുകൾക്കായി പ്രധാനമന്ത്രി വേദിയിലെത്തുക. ഏകദേശം 10,000 ആളുകൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻട്രി പാസുകൾ ഉള്ളവർക്ക് മാത്രമേ ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കു എന്നും പ്രവേശന കവാടത്തിൽ എത്തുന്ന എല്ലാവരെയും കർശനമായ പരിശോധനൽക്ക് വിധേയരാക്കുമെന്നും അധികൃതർ അറിയിച്ചു
ന്യുഡൽഹി: കിഴക്കൻ ഡൽഹിയിലുള്ള ഐ.പി എക്സ്റ്റൻഷനിലെ ഉത്സവ് ഗ്രൗണ്ടിൽ നടക്കുന്ന ദസറ ആഘോഷ പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഇതിൻ്റെ ഭാഗമായി കനത്ത സുരക്ഷാ വലയമാണ് എസ്.പി.ജിയും ഭീകരവിരുദ്ധ സേനയും ഡൽഹി പോലീസും ചേർന്ന് ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി വേദിയിലെത്തുക. സുരക്ഷ മുൻനിർത്തി വേദിയിലും പരിസര പ്രദേശങ്ങളിലും ത്രിതല സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പരിപാടിയുടെ സുരക്ഷയ്ക്കും ഗതാഗത ക്രമീകരണങ്ങൾക്കുമായി കേന്ദ്ര സായുധ, അർധ സൈനിക വിഭാഗങ്ങളിൽ നിന്നും ഡൽഹി പൊലീസിൽ നിന്നുമായി 2500-ലധികം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ഡൽഹി പൊലീസിൻ്റെ സ്പെഷ്യൽ സെല്ലിന് കീഴിലുള്ള ഭീകരവിരുദ്ധ സേനയായ ‘സ്വാറ്റ്’ കമാൻഡോകളും സുരക്ഷാ സംഘത്തിൻ്റെ ഭാഗമാണ്. പ്രതിഷേധങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Also Read: Namma Metro: നമ്മ മെട്രോ മൂന്നാം ഘട്ടത്തിൽ നിർണായക നീക്കം; 170 ഇടങ്ങളിൽ ഭൂമി ഏറ്റെടുക്കും
ചൊവ്വാഴ്ച വൈകുന്നേരം 6:30-ഓടെയാണ് ചടങ്ങുകൾക്കായി പ്രധാനമന്ത്രി വേദിയിലെത്തുക. ഏകദേശം 10,000 ആളുകൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻട്രി പാസുകൾ ഉള്ളവർക്ക് മാത്രമേ ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കു എന്നും പ്രവേശന കവാടത്തിൽ എത്തുന്ന എല്ലാവരെയും കർശനമായ പരിശോധനൽക്ക് വിധേയരാക്കുമെന്നും അധികൃതർ അറിയിച്ചു. വേദിയുടെയും പരിസരത്തിൻ്റെയും പൂർണ നിയന്ത്രണം എസ്.പി.ജി ഏറ്റെടൂത്തിട്ടുണ്ട്. ആൻ്റി സാബോട്ടേജ് സ്ക്വാഡിൻ്റെ ഉൾപ്പടെ പരിശോധനകൾ ഉതിനകം പൂർത്തിയാക്കി.
സുരക്ഷയുടെ ഭാഗമായി ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും ശക്തമാക്കിയതായി ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി കമ്മീഷ്ണർ രാജീവ് കുമാർ അറിയിച്ചു. പ്രധാനമന്ത്രിയുടെ വാഹനം വ്യൂഹം കടന്നുപോകുന്ന വഴികളിലെയും വേദിക്ക് പരിസരത്തെയും ഉയർന്ന കെട്ടിടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. തന്ത്രപ്രധാന ഇടങ്ങളിൽ കമാൻഡോകളെയും സ്നൈപ്പർമാരെയും വിന്യസിച്ചിട്ടുണ്ട്.
ഗതാഗതം സുഗമമാക്കാൻ മുന്നൂറോളം ഉദ്യോഗസ്ഥരെയാണ് വിവിധ റോഡുകളിൽ വിന്യസിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 5 മണി മുതൽ രാത്രി 8 മണി വരെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. കിഴക്കൻ ഡൽഹിയിൽ ദേശീയപാത 24, റോഡ് നമ്പർ 57, 57 എ, പട്പർഗഞ്ച്, ഗാസിപ്പൂർ എന്നിവയ്ക്ക് ചുറ്റുമുള്ള റോഡ് നമ്പർ 55, വികാസ് മാർഗ് എന്നിവിടങ്ങളിലൂടെ പോകുന്ന വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിടും. യാത്രക്കാർ നിയന്ത്രണങ്ങളുള്ള റോഡുകൾ പരമാവധി ഒഴിവാക്കണമെന്നും മറ്റ് ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
English Summary
A three-layer security blanket with 2,500 personnel and drone surveillance is in place at East Delhi’s IP Extension for PM Modi’s Dussehra visit. Extensive traffic diversions have also been announced.