PM Narendra Modi: ‘ഇന്ത്യയുടെ വളർച്ച ഓസ്‌ട്രേലിയക്ക് വൻ അവസരം’; ഭാവി പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
India-Australia CEO Forum 2026 : ഇന്ത്യയുടെ വളർച്ചാ ഓസ്‌ട്രേലിയൻ വ്യവസായങ്ങൾക്ക് വലിയ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരസ്പര വിശ്വാസമുള്ളതും ഭാവിയിലേക്ക് ഉതകുന്നതുമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കാൻ ഒന്നിച്ച് സാധിക്കുമെന്നും മെൽബണിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ സിഇഒ ഫോറത്തിൽ മോദി.
മെല്‍ബണ്‍: ഇന്ത്യയുടെ വളർച്ചാ ഓസ്‌ട്രേലിയൻ വ്യവസായങ്ങൾക്ക് വലിയ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരസ്പര വിശ്വാസമുള്ളതും ഭാവിയിലേക്ക് ഉതകുന്നതുമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കാൻ ഒന്നിച്ച് സാധിക്കുമെന്നും മെൽബണിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ സിഇഒ ഫോറത്തിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം വ്യക്തമാക്കി. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും ഇന്ത്യ-ഓസ്‌ട്രേലിയ സിഇഒ ഫോറത്തിൽ പങ്കെടുത്തു. അനിശ്ചിതത്വങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഊർജ്ജ പ്രതിസന്ധികളും നിലനിൽക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ, ഇന്ത്യയും ഓസ്‌ട്രേലിയയും സ്വാഭാവികവും വിശ്വസ്തവുമായ പങ്കാളികളായി ഒരുമിച്ച് മുന്നേറേണ്ടത് അനിവാര്യമാണെന്ന് ഇക്കണോമിക് റോഡ്‌മാപ്പ് ബിസിനസ് റിസപ്ഷനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമായിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2022-ൽ റെക്കോർഡ് വേഗതയിൽ ഒപ്പുവെച്ച സാമ്പത്തിക സഹകരണ വ്യാപാര കരാർ സാമ്പത്തിക രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ചു. ഈ കരാർ നിലവിൽ വന്നതിനുശേഷം ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള കയറ്റുമതി ഇരട്ടിയായി വർധിക്കുകയും ഇരു രാജ്യങ്ങളിലെയും വ്യവസായങ്ങൾക്ക് പുതിയ വിപണികൾ തുറക്കപ്പെടുകയും ചെയ്തു. നിലവിൽ ഈ പങ്കാളിത്തം കൂടുതൽ വിപുലമാക്കിക്കൊണ്ട് സമഗ്ര സാമ്പത്തിക സഹകരണ കരാറിലേക്ക് ഇരു രാജ്യങ്ങളും നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ‘നെറ്റ് സീറോ’ ലക്ഷ്യം
ഹൈഡ്രോ പ്രൊജക്ടുകൾ, ഗ്രീൻ ഹൈഡ്രജൻ, സോളാർ മോഡ്യൂളുകൾ, വിൻഡ് മില്ലുകൾ എന്നിവയ്ക്കായുള്ള ഒരു വലിയ നിർമ്മാണ ഇക്കോസിസ്റ്റം ഇന്ത്യയിൽ ഒരുങ്ങുന്നുണ്ട്. 2030-ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജവും, 2070-ഓടെ ‘നെറ്റ് സീറോ’ ലക്ഷ്യവുമാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്. ഈ ലക്ഷ്യങ്ങളിലേക്ക് വേഗത്തിൽ അടുക്കാൻ ഓസ്‌ട്രേലിയയുടെ സാങ്കേതികവിദ്യയും നിക്ഷേപങ്ങളും സഹായിക്കും.
ആണവോർജ്ജ മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് പങ്കാളിത്തം നൽകുന്നതിനായി ‘ശാന്തി ആക്ട്’ വഴി വഴിത്തിരിവുണ്ടാക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. 2047-ഓടെ 100 ജിഗാവാട്ട് ആണവോർജ്ജം ഉൽപ്പാദിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഓസ്‌ട്രേലിയയിലെ വൻ യുറേനിയം നിക്ഷേപം ഇന്ത്യയുടെ ആണവോർജ്ജ യാത്രയിൽ നിർണ്ണായക പങ്കുവഹിക്കുമെന്നും ഈ മേഖലയിൽ ചരിത്രപരമായ അവസരങ്ങളാണ് മുന്നിലുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗം:
വലിയ അവസരങ്ങള്‍ മുന്നില്‍
ഇന്ത്യയിലെ പോർട്ടുകൾ, വിമാനത്താവളങ്ങൾ, റോഡുകൾ, റെയിൽവേ, നഗര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഓസ്‌ട്രേലിയൻ ദീർഘകാല നിക്ഷേപകർക്ക് വലിയ അവസരങ്ങളുണ്ട്. നിലവിൽ ഇന്ത്യയിൽ പ്രതിദിനം 34 കിലോമീറ്റർ ദേശീയ പാതകളും 8 കിലോമീറ്ററിലധികം റെയിൽവേ ട്രാക്കുകളും നിർമ്മിക്കപ്പെടുന്നുണ്ട്. ഇത് രാജ്യത്തെ വികസനത്തിന്റെ വേഗതയും സ്ഥിരതയും വ്യക്തമാക്കുന്നു. കൂടാതെ, ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീൽ ഉൽപ്പാദകരായ ഇന്ത്യക്ക് ഓസ്‌ട്രേലിയയുമായി ചേർന്ന് ലോ-കാർബൺ അലുമിനിയം, ഗ്രീൻ അയൺ എന്നിവയുടെ നിർമ്മാണത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം മിഷൻ, സെമികണ്ടക്ടർ പ്രോഗ്രാമുകൾ എന്നിവയ്ക്കായി ഇന്ത്യൻ സർക്കാർ 10 ബില്യൺ ഡോളറിലധികം ധനസഹായം നൽകിയിട്ടുണ്ട്. ഈ മേഖലകളിലും ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിലും ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് ആഗോള പരിഹാരങ്ങൾ കണ്ടെത്താനാകും.
കേരളത്തെക്കുറിച്ചും പരാമര്‍ശം
സൗത്ത് ഓസ്‌ട്രേലിയയുടെ ഡിഫൻസ്-സ്പേസ് മേഖലകൾക്ക് ഉത്തർപ്രദേശുമായും കേരളവുമായും പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ക്വീൻസ്‌ലാൻഡ്, ടാസ്മേനിയ എന്നിവയുടെ ഹരിതോർജ്ജ-കാർഷിക വൈദഗ്ധ്യം പഞ്ചാബ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഫുഡ് പ്രോസസിങ് മേഖലയ്ക്ക് കരുത്താകും.
സിഇഒ ഫോറത്തിലെ കാഴ്ചകള്‍:
ഇന്ത്യ-ഓസ്‌ട്രേലിയ സിഇഒ ഫോറം
ചടങ്ങിൽ പ്രധാനമന്ത്രി മോദിയെ ആന്റണി അൽബനീസ് സ്വാഗതം ചെയ്യുകയും ഇരു നേതാക്കളും ചേർന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നുമുള്ള വ്യവസായ പ്രമുഖരുമായി ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി. 2012 മുതൽ സജീവമായ സിഇഒ ഫോറം 2023-ൽ പ്രധാനമന്ത്രി മോദിയും അൽബനീസും ചേർന്നാണ് പുനരുജ്ജീവിപ്പിച്ചത്. വിവിധ മേഖലകളിലെ വ്യാപാര-നിക്ഷേപ സഹകരണങ്ങൾ കൂടുതൽ ശക്തമാക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും ഈ ഫോറം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary
PM Modi highlighted that India and Australia are natural partners in a time of global economic and energy crises. The economic partnership has grown stronger after signing the trade agreement in 2022. He invited Australian investments in India’s booming green energy, infrastructure, and technology sectors. Finally, he suggested direct partnerships between individual Australian and Indian states to boost growth.