KC Venugopal Profile: ദേശീയ രാഷ്ട്രീയത്തിലെ നെടുംതൂണ്‍, ഗാന്ധി കുടുംബത്തിന്റെ വലംകൈ; കെസി വേണുഗോപാലിന്റെ രാഷ്ട്രീയ ജീവിതം
KC Venugopal Profile Early Life Political Career and Rise in Congress: കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ താലൂക്കിലെ കടന്നപ്പള്ളി എന്ന സ്ഥലത്താണ് കെസി വേണുഗോപാലിന്റെ ജനനം. കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെയും ജാനകിയമ്മയുടെയും മകനായ അദ്ദേഹത്തിന്റെ ജനനം 1963 ഫെബ്രുവരി നാലിനാണ്. കോഴിക്കാട് സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.
ദേശീയ രാഷ്ട്രീയത്തില്‍ കെസി വേണുഗോപാല്‍ എന്ന നേതാവിന്റെ സ്വാധീനം അത്ര ചെറുതൊന്നുമല്ല. കഴിഞ്ഞ കുറേനാളുകളായി എഐസിസി നേതൃത്വത്തെ അല്ലെങ്കില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതില്‍ അദ്ദേഹം വളരെയേറെ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. മന്ത്രി, എംപി തുടങ്ങി ഒട്ടേറെ സ്ഥാനങ്ങളും കെസി വേണുഗോപാല്‍ വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവും വിശദമായി തന്നെ അറിയാം.
കെസി വേണുഗോപാലിന്റെ ജീവിതരേഖ
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ താലൂക്കിലെ കടന്നപ്പള്ളി എന്ന സ്ഥലത്താണ് കെസി വേണുഗോപാലിന്റെ ജനനം. കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെയും ജാനകിയമ്മയുടെയും മകനായ അദ്ദേഹത്തിന്റെ ജനനം 1963 ഫെബ്രുവരി നാലിനാണ്. കോഴിക്കാട് സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. പിന്നീട് തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് എല്‍എല്‍ബി പാസായ അദ്ദേഹം, പഠനകാലത്ത് തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.
പഠനത്തില്‍ മാത്രമായിരുന്നില്ല അക്കാലത്ത് കെസി വേണുഗോപാല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. സ്‌കൂള്‍ പഠനകാലത്ത് കണ്ണൂര്‍ ജില്ലയിലെ അറിയപ്പെടുന്ന വോളിബോള്‍ താരം കൂടിയായിരുന്നു അദ്ദേഹം. ജില്ല ജൂനിയര്‍ വോളിബോള്‍ ക്യാപ്റ്റനായും തിളങ്ങിയിരുന്നു.
കെസി എന്ന രാഷ്ട്രീയക്കാരന്‍
വിദ്യാര്‍ഥി സംഘടനയായ കെ എസ് യുവിലൂടെയാണ് കെസി വേണുഗോപാല്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1987ല്‍ കെ എസ് യുവിന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തതോടെ കെസി വേണുഗോപാലിന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചുവെന്ന് പറയാം. പിന്നീട് അവിടന്നിങ്ങോട്ട് ശ്രദ്ധേയമായ ഒട്ടേറെ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കെസി വേണുഗോപാലിന് സാധിച്ചിട്ടുണ്ട്.
- 1987ല്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ്.
- 1992 മുതല്‍ 2000 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.
- 1996ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് ജനവിധി തേടി, എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടു.
- 2001, 2006 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ആലപ്പുഴയില്‍ നിന്ന് വീണ്ടും മത്സരിച്ച് വിജയിച്ചു.
- 2004-2006 കാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി പ്രവര്‍ത്തിച്ചു. ടൂറിസം, ദേവസ്വം എന്നീ വകുപ്പുകളായിരുന്നു അന്ന് കെസി വേണുഗോപാല്‍ കൈകാര്യം ചെയ്തിരുന്നത്.
- 2009ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ആലപ്പുഴയിലെ സിറ്റിങ് എംപിയായി.
- 2011 മുതല്‍ 2014 വരെ കേന്ദ്ര മന്ത്രിയായി പ്രവര്‍ത്തിച്ചു. കേന്ദ്ര വ്യോമയാന സഹമന്ത്രി, കേന്ദ്ര ഊര്‍ജ സഹമന്ത്രി എന്നീ പദവികളിലായിരുന്നു പ്രവര്‍ത്തനം.
- 2014ലെ തെരഞ്ഞെടുപ്പിലും ആലപ്പുഴയില്‍ നിന്ന് മത്സരിച്ച് വിജയിച്ച് എംപിയായി.
- 2019ല്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ അംഗമായി കോണ്‍ഗ്രസ് അദ്ദേഹത്തെ തിരഞ്ഞെടുത്തു.
- പിന്നീട് 2024ല്‍ ആലപ്പുഴയില്‍ നിന്ന് വീണ്ടും ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചു.
എഐസിസിയിലേക്കൊരു യാത്ര
കേരളത്തില്‍ നിന്നും ഉയര്‍ന്നുവന്ന പല നേതാക്കളും എഐസിസി നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എകെ ആന്റണിക്ക് ശേഷം ഗാന്ധി കുടുംബത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ച നേതാക്കളില്‍ ഒരാളാണ് കെസി വേണുഗോപാല്‍. 2019ലാണ് എഐസിസി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കെസി വേണുഗോപാല്‍ എത്തുന്നത്. അതിന് മുമ്പ് എഐസിസിയുടെ കര്‍ണാടകയുടെ ചുമതലയുള്ള സെക്രട്ടറിയായിരുന്നു അദ്ദേഹം. 2018 മുതല്‍ 2020 വരെ ഈ സ്ഥാനത്ത് കെസി തുടര്‍ന്നിരുന്നു.
കെസി വേണുഗോപാലിന്റെ ആസ്തി
ഏകദേശം മൂന്ന് കോടി 63 ലക്ഷമാണ് കെസി വേണുഗോപാലിന്റെ ആസ്തി എന്നാണ് 2024ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നത്. സ്ഥാവര ജംഗമമായി 1.2 കോടിയുടെയും മറ്റ് ആസ്തികളായി 2.4 കോടിയും അദ്ദേഹത്തിനുണ്ട്. 2.7 ലക്ഷമാണ് അദ്ദേഹത്തിന്റെ കടം.
English Summary
KC Venugopal is one of the most influential Congress leaders from Kerala and currently plays a crucial role in national party affairs. His political journey from student activism to becoming a key strategist in the Congress leadership has made him a prominent figure in Indian politics.