Kerala Assembly Election 2026: തൃത്താലയിൽ കൊട്ടിക്കയറുക ആരുടെ പെരുമ? പോരാട്ടവും പ്രതീക്ഷയും
Kerala Assembly election Thrithala 2026: ഇടതു വലതു സമവാക്യങ്ങൾക്ക് ഒരേ പ്രസക്തിയുള്ള നാട് കൂടിയാണ് ഇവിടം എന്നത് ഒരു പ്രധാന സവിശേഷതയാണ്. 2011ലും 2016ലും യുഡിഎഫ് സ്ഥാനാർത്ഥിയായ വിടി ബൽറാമിനെ തുണച്ച മണ്ണ്. ഇത്തവണയും ബൽറാം മത്സരത്തിന് ഇറങ്ങുമ്പോൾ വിജയ പ്രതീക്ഷയ്ക്ക് ഒട്ടും മങ്ങലില്ല.
തൃത്താല: പാലക്കാടിന്റെ പടിഞ്ഞാറ്, പറയിപെറ്റ പന്തിരുകുലത്തിന്റെ കളിത്തട്ട്, ഭാരതപ്പുഴയുടെ ലാളന ഏറ്റുവാങ്ങുന്ന പച്ചപുതച്ച നാട്… തൃത്താല. മേളപ്പെരുമയിൽ കേഴ്വികേട്ട കലാകാരന്മാരുടെ നാട് മാത്രമല്ല ഇവിടം, കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിലെ പ്രസക്തഭാഗം കൂടിയാണ്.
ത്രികോണ മത്സരമോ, 2021ന്റെ തുടർച്ചയായ പോരാട്ടമോ?
ഇടതു വലതു സമവാക്യങ്ങൾക്ക് ഒരേ പ്രസക്തിയുള്ള നാട് കൂടിയാണ് ഇവിടം എന്നത് ഒരു പ്രധാന സവിശേഷതയാണ്. 2011ലും 2016ലും യുഡിഎഫ് സ്ഥാനാർത്ഥിയായ വിടി ബൽറാമിനെ തുണച്ച മണ്ണ്. ഇത്തവണയും ബൽറാം മത്സരത്തിന് ഇറങ്ങുമ്പോൾ വിജയ പ്രതീക്ഷയ്ക്ക് ഒട്ടും മങ്ങലില്ല. എന്നാൽ 2021 ലെ തെരഞ്ഞെടുപ്പിൽ കരുത്തുറ്റ പോരാട്ടം കാഴ്ചവച്ചു വിജയക്കൊടി പാറിച്ച സിപിഎമ്മിന്റെ കരുത്തനായ നേതാവ് എം ബി രാജേഷിനെ കാണാതിരിക്കാനാവില്ല.
യുഡിഎഫ് കോട്ട തകർത്ത് എൽഡിഎഫിന്റെ പേരുകൊത്തിയ രാജേഷ് ആണ് ഇത്തവണ ഇടതുപക്ഷത്തിന്റെ പോരാളി. 2021ലെ തിരഞ്ഞെടുപ്പിൽ എം പി രാജേഷിന് 69814 വോട്ടുകൾ ലഭിച്ചിരുന്നു. 66,794 വോട്ടുകളും ആയി വിടി ബൽറാമും ശക്തി തെളിയിച്ചു. 3016 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം ബി രാജേഷ് അന്ന് വിജയിച്ചത്. ഇന്നും സമാനമായ മത്സരത്തിനാണ് തൃത്താല സാക്ഷിയാവുന്നത്.
ALSO READ: ചെങ്ങന്നൂരിൽ ഇത്തവണയും ചെങ്കൊടി പാറുമോ?; അതോ അപ്രതീക്ഷിത ട്വിസ്റ്റോ, മണ്ഡലം ആർക്കൊപ്പം
ഇതിനൊപ്പം തന്നെ ബിജെപി സ്ഥാനാർത്ഥിയായ വി ഉണ്ണികൃഷ്ണൻ മാസ്റ്ററും ശ്രദ്ധയാകർഷിക്കുന്നുണ്ട്. ദേശീയ സംസ്ഥാന നേതൃത്വങ്ങളുടെ ചർച്ചയ്ക്കൊടുവിലാണ് അധ്യാപകനും പൊതുപ്രവർത്തകനുമായ ഉണ്ണികൃഷ്ണൻ രംഗത്തെത്തുന്നത്. കഴിഞ്ഞവർഷത്തെ തിരഞ്ഞെടുപ്പുകളിൽ ബിജെപി വോട്ട് വിഹിരത്തിന് ഉണ്ടായ വർദ്ധനവ് ബിജെപിയുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്.
രാഷ്ട്രീയ പശ്ചാത്തലം ഭൂമിശാസ്ത്രം
പ്രധാനമായും ഗ്രാമീണ അർദ്ധ നഗര മേഖലകൾ ചേർന്നതാണ് തൃത്താല. ആനക്കര ചാലിശ്ശേരി കപൂർ നാഗലശ്ശേരി പരുതൂർ പട്ടിത്തറ തിരുമിറ്റക്കോട് തൃത്താല എന്നീ പഞ്ചായത്തുകൾ ആണ് ഈ മണ്ഡലത്തിൽ ഉള്ളത്. നിരവധി സ്മാരകങ്ങളും സാംസ്കാരിക പ്രാധാന്യവും ഉള്ള ഈ മണ്ഡലത്തിൽ വികസന പ്രശ്നങ്ങൾ തന്നെയാണ് പ്രധാനമായും പരിഗണിക്കപ്പെടുക. അടിസ്ഥാന സൗകര്യ വികസനം ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ഉന്നമനം കാർഷിക മേഖലയ്ക്കുള്ള പിന്തുണ എന്നിവ വികസന മുൻഗണനകളിൽ ഉൾപ്പെട്ടേക്കും