Kerala Weather Update: ന്യൂനമർദവും ചക്രവാതച്ചുഴിയും; ഈ ജില്ലകളിൽ മഴ തകർക്കും, ഇന്നത്തെ കാലാവസ്ഥ
Kerala Rain Alert Today: വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് നിലവിലെ കാലാവസ്ഥ മാറ്റത്തിന് കാരണം. ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാവിലെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം പലയിടത്തും ശക്തമായ മഴയാണ് പെയ്തത്. നേരിയ മഴ സാധ്യത മുൻനിർത്തി ഇന്ന് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും
വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് നിലവിലെ കാലാവസ്ഥ മാറ്റത്തിന് കാരണം. ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ, തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ കേന്ദ്രം മുതൽ തെക്കൻ തമിഴ്‌നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിലാണ് ന്യൂനമർദപാത്തി നിലനിൽക്കുന്നത്.
തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മുതൽ തീരദേശ കർണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ വരെ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ന്യൂനമർദപാത്തിയും നിലനിൽക്കുന്നുണ്ട്. അതിനാൽ, മെയ് 14 മുതൽ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പ്
- മെയ് 12 – എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്
- മെയ് 13 – എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്
- മെയ് 14 – യെല്ലോ അലർട്ട് – മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്
- മെയ് 15 – യെല്ലോ അലർട്ട് – മലപ്പുറം, കോഴിക്കോട്, വയനാട്, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്
ALSO READ: ന്യൂനമര്‍ദ ഭീതിയില്‍ കേരളം; അടുത്ത 5 ദിവസം അതിശക്തമായ മഴ, കൂടെ ഇടിയും മിന്നലും
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് വൈകുന്നേരം 5.30 വരെ 0.7 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
മെയ് 12: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശത്തിനോട് ചേർന്ന ഭാഗങ്ങൾ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
അൾട്രാവയലറ്റ് സൂചിക
വേനൽമഴയ്ക്കിടെ അൾട്രാവയലറ്റ് സൂചികയും ഉയരുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, കോട്ടയം – ചങ്ങനാശ്ശേരി, ഇടുക്കി – മൂന്നാർ, പാലക്കാട് – തൃത്താല, മലപ്പുറം – പൊന്നാനി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുള്ളത്. കൊല്ലം – കൊട്ടാരക്കര, പത്തനംതിട്ട – കോന്നി, ആലപ്പുഴ – ചെങ്ങന്നൂർ, എറണാകുളം – കളമശ്ശേരി, തൃശ്ശൂർ – ഒല്ലൂർ, കോഴിക്കോട് – ബേപ്പൂർ, വയനാട് – മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടുമാണ്.
English Summary:
Kerala Weather Update on May 12, The Central Meteorological Department has said that there is a possibility of summer rain in the state today. Green alert has been declared in all districts today due to the possibility of light rain. IMD has also informed that there is a possibility of Swell Surge phenomenon.