Kerala Rain Alert: ന്യൂനമര്‍ദ ഭീതിയില്‍ കേരളം; അടുത്ത 5 ദിവസം അതിശക്തമായ മഴ, കൂടെ ഇടിയും മിന്നലും
Kerala Braces for 5 Days of Heavy Rain Thunderstorm Warning Issued: തെക്കുകിഴക്കന്‍ അറബിക്കടലിനും കേരള തീരത്തിനോട് ചേര്‍ന്ന കിടക്കുന്ന ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ കേന്ദ്രം മുതല്‍ തെക്കന്‍ തമിഴ്‌നാട് വഴി തെക്കന്‍ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പില്‍ നിന്ന് 1.5 കിലോമീറ്റര്‍ മുതല്‍ 4.6 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ്.
കോഴിക്കോട്: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ. വടക്കന്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുമുണ്ട്.
മെയ് 14, 15 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മെയ് പതിനാലിന് നാല് ജില്ലകളിലും മെയ് പതിനഞ്ചിന് മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
ചക്രവാതച്ചുഴി രൂപപ്പെട്ടു
തെക്കുകിഴക്കന്‍ അറബിക്കടലിനും കേരള തീരത്തിനോട് ചേര്‍ന്ന കിടക്കുന്ന ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ കേന്ദ്രം മുതല്‍ തെക്കന്‍ തമിഴ്‌നാട് വഴി തെക്കന്‍ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പില്‍ നിന്ന് 1.5 കിലോമീറ്റര്‍ മുതല്‍ 4.6 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ്.
തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി മുതല്‍ തീരദേശ കര്‍ണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ വരെ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ന്യൂനമര്‍ദപാത്തിയും നിലനില്‍ക്കുന്നു.
മെയ് 14 മുതല്‍ ശക്തമായ മഴ
മെയ് 14 മുതല്‍ 15 വരെ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇന്നേദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടായേക്കും. വരുന്ന അഞ്ച് ദിവസം കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും. കൂടാതെ മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്.
യെല്ലോ അലര്‍ട്ട് ഏതെല്ലാം ജില്ലകളില്‍?
മെയ് 14, 15 ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ ദിവസങ്ങളിലെയും മുന്നറിയിപ്പ് നോക്കാം.
Also Read: Kerala Weather Update: മഴ പോയിട്ടില്ല, യെല്ലോ അലർട്ട് മൂന്നിടത്ത്; ഇന്നത്തെ കാലാവസ്ഥ
- മെയ് 14 വ്യാഴം- മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
- മെയ് 15 വെള്ളി- മലപ്പുറം, കോഴിക്കോട്, വയനാട്
എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം.
കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത
സംസ്ഥാനത്തെ തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ മെയ് 11 വൈകിട്ട് 5.30 മുതല്‍ മെയ് 12 വൈകുന്നേരം 5.30 വരെ 0.7 മുതല്‍ 1.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടായേക്കാം. കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്.
കോഴിക്കോട് ജില്ലയില്‍ കനത്ത മഴ
കോഴിക്കോട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടം. പേരാമ്പ്രയില്‍ മിന്നല്‍ ചുഴലി അനുഭവപ്പെട്ടു. ഇവിടെ വീശിയടിച്ച കാറ്റില്‍ നിരവധി വീടുകളുടെ മുകളിലേക്ക് മരം വീണു. വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. റോഡുകളില്‍ മരം വീണ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.
English Summary
A low pressure system over the Bay of Bengal along with a cyclonic circulation near the Kerala coast is likely to bring heavy rain across the state for the next five days. The weather department has also issued thunderstorm and lightning warnings in several districts. Residents are advised to remain cautious and follow official alerts. Strong winds and intense rainfall may affect normal life in many regions.