Onam Celebration: അനന്തപുരിയിൽ ഓണവസന്തം: സംസ്ഥാനതല ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം, ഉദ്ഘാടനം വൈകിട്ട്
Thiruvananthapuram Onam Celebration 2026: ഉദ്ഘാടന ചടങ്ങിൽ നടൻ കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയാകും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടി ശോഭനയുടെ നൃത്താവിഷ്കാരവും, കെ എസ് ഹരിശങ്കർ ലൈവ് ബാൻഡ് അവതരണവും ഉണ്ടായിരിക്കും. ഓണം ടൂറിസം വാരാഘോഷത്തിന് ഓഗസ്റ്റ് 30ന് നടക്കുന്ന വിപുലമായ ഘോഷയാത്രയോടെയാണ് സമാപനമാകുക. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നതാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം വാരാഘോഷത്തിന് ഇന്ന് മുതൽ തിരി തെളിയും. തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ ടൂറിസം സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മന്ത്രിമാരായ കെ മുരളീധരൻ, സി പി ജോൺ, മേയർ വി വി രാജേഷ്, ഡോ. ശശി തരൂർ എംപി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിൽ നടൻ കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയാകും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടി ശോഭനയുടെ നൃത്താവിഷ്കാരവും, കെ എസ് ഹരിശങ്കർ ലൈവ് ബാൻഡ് അവതരണവും ഉണ്ടായിരിക്കും. ഓണം ടൂറിസം വാരാഘോഷത്തിന് ഓഗസ്റ്റ് 30ന് നടക്കുന്ന വിപുലമായ ഘോഷയാത്രയോടെയാണ് സമാപനമാകുക. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നതാണ്.
ALSO READ: പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ, ഡീ ലിമിറ്റേഷൻ കമ്മീഷൻ വരും
ഇത്തവണത്തെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി നൂറുകണക്കിന് കലാകാരന്മാർ പങ്കെടുക്കുന്ന 340 ഓളം കലാപരിപാടികളാണ് 35 വേദികളിൽ ആയി തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തി എത്തിച്ചേർന്ന ഓണപ്പതാക കനകക്കുന്നിൽ നടന്ന ചടങ്ങിൽ ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ഉയർത്തി. തുടർന്ന് അവിടെ ഒരുക്കിയിട്ടുള്ള മീഡിയ സെൻററിൻറെ ഉദ്ഘാടനവും നിർവഹിച്ചിരുന്നു.
കഴിഞ്ഞ ദിവസം മന്ത്രി കെ മുരളീധരൻ വൈദ്യുത ദീപാലങ്കാരങ്ങളുട സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചിരുന്നു. ഓണാഘോഷ വാരത്തിൽ കവടിയാർ മുതൽ അട്ടക്കുളങ്ങര വരെയും ശാസ്തമംഗലം മുതൽ വെള്ളയമ്പലം വരെയും ടൂറിസം വകുപ്പിൻറെ നേതൃത്വത്തിൽ ദീപാലങ്കാരമൊരുക്കുന്നതാണ്. ദീപാലങ്കാരങ്ങൾ കാണാൻ കനകക്കുന്നിലേക്ക് ആയിരങ്ങളാകും ഒഴുകിയെത്തുക.
ഭക്ഷ്യമേളക്കും തുടക്കം
സൂര്യകാന്തി എക്സിബിഷൻ ഗ്രൗണ്ടിൽ നടക്കുന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം ശശി തൂർ എം പിയാണ് നിർവഹിച്ചത്. കേരളത്തിൻറെ വിവിധ പരമ്പരാഗത വിഭവങ്ങളും രുചിക്കൂട്ടുകളും മേളയുടെ ഭാഗമാകും. ഓണാഘോഷ വാരത്തിലുടനീളം പ്രവർത്തിക്കുന്ന മേളയിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ലഭ്യമാകുമെന്നതാണ് പ്രത്യേകത. പതിനഞ്ചോളം സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.
ഗതാഗത നിയന്ത്രണം
ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 24 മുതൽ 30 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 12 മണി വരെ കവടിയാർ മുതൽ അട്ടക്കുളങ്ങര വരെയുള്ള പ്രധാന റോഡിലും ഓണാഘോഷ പരിപാടികൾ നടക്കുന്ന വേദികൾക്ക് സമീപമുള്ള റോഡുകളിലും തിരക്കനുഭവപ്പെടുന്നതനുസരിച്ച് ഗതാഗത ക്രമീകരണങ്ങളുണ്ടാകും. നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. പാർക്കിംഗിനായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണം. അനധികൃതമായും ഗതാഗത തടസ്സം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
English Summary:
The week-long Onam celebrations, organised by the Kerala Tourism, will commence on August 24 with a grand state-level inaugural ceremony in the state capital. festival, will bring alive the classical, folk, ethnic and popular art forms before a wide audience in multiple venues in the state capital and districts across the state. The festival will conclude with a grand procession on August 30.