Bengaluru- Mumbai Vande Bharat Sleeper: ബെംഗളൂരു- മുംബൈ വന്ദേഭാരത് സ്ലീപ്പർ എന്ന്? പ്രത്യേകതയും യാത്രാ ഗൈഡും
Bengaluru- Mumbai Vande Bharat Sleeper Train Speciality: ടെക് സിറ്റിയായ ബെംഗളൂരുവിനെയും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ബെംഗളൂരു - മുംബൈ വന്ദേഭാരത് സ്ലീപ്പർ ട്രെയിനാണ് യാത്രാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളും വിമാന യാത്രയ്ക്ക് സമാനമായ അനുഭവവും കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന വന്ദേഭാരത് സ്ലീപ്പറിന്റെ വിശദമായ വിവരങ്ങൾ പരിശോധിക്കാം.
ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വിപ്ലവകരമായ മാറ്റങ്ങളിലൊന്നായ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ (Vande Bharat Sleeper Train) പാളത്തിലിറങ്ങാൻ ഒരുങ്ങുന്നു. ടെക് സിറ്റിയായ ബെംഗളൂരുവിനെയും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ബെംഗളൂരു – മുംബൈ വന്ദേഭാരത് സ്ലീപ്പർ ട്രെയിനാണ് യാത്രാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളും വിമാന യാത്രയ്ക്ക് സമാനമായ അനുഭവവും കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന വന്ദേഭാരത് സ്ലീപ്പറിന്റെ വിശദമായ വിവരങ്ങൾ പരിശോധിക്കാം.
ഇന്ത്യൻ റെയിൽവേ തദ്ദേശീയമായി നിർമ്മിച്ച ആദ്യ സ്ലീപ്പർ ട്രെയിൻ സെറ്റുകളുടെ പരീക്ഷണ ഓട്ടങ്ങൾ അവസാന ഘട്ടത്തിലാണ്. 2026-ഓടെ പ്രധാന റൂട്ടുകളിൽ വന്ദേഭാരത് സ്ലീപ്പർ സർവീസുകൾ പൂർണ്ണതോതിൽ ആരംഭിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഈ നിരയിൽ ആദ്യഘട്ടത്തിൽ തന്നെ ബെംഗളൂരു – മുംബൈ സർവീസ് ആരംഭിക്കും. ഈ മാസം അവസാനത്തോടെയോ നവംബർ ആദ്യവാരമോ സർവീസ് ആരംഭിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
വന്ദേഭാരത് സ്ലീപ്പർ പ്രത്യേകത
മുംബൈയ്ക്കും ബെംഗളൂരുവിനും ഇടയിലുള്ള യാത്രാനുഭവത്തെത്തന്നെ മാറ്റിമറിക്കാൻ പോകുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ വരവ് യാത്രക്കാർക്ക് വലിയൊരു ആശ്വാസമാവുകയാണ്. നിലവിലുള്ള ട്രെയിൻ യാത്രയിലെ സമയനഷ്ടത്തിന് പരിഹാരമായാണ് അതിവേഗതയേറിയ ഈ പ്രീമിയം സ്ലീപ്പർ സർവീസ് റെയിൽവേ യാഥാർത്ഥ്യമാക്കുന്നത്. മുംബൈയിൽ നിന്ന് ബെംഗളൂരുലേക്കോ തിരിച്ചോ ഉള്ള സാധാരണ എക്സ്പ്രസ് ട്രെയിൻ യാത്ര പൂർത്തിയാക്കാൻ നിലവിൽ 20 മുതൽ 24 മണിക്കൂർ വരെ സമയമെടുക്കുന്നുണ്ട്.
എന്നാൽ മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ യാത്രാ സമയം 12 മുതൽ 16 മണിക്കൂറായി കുറയ്ക്കുമെന്നാണ് അധികൃതർ പറയുന്നത്. ഈ വേഗതയിലൂടെ യാത്രക്കാർക്ക് ഏകദേശം 8 മണിക്കൂർ വരെ വിലയേറിയ സമയം ലാഭിക്കാൻ സാധിക്കും. മുംബൈയിലെ പ്രാദേശിക ട്രെയിൻ ഗതാഗതത്തെ ബാധിക്കാത്ത രീതിയിലാണ് മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ സമയക്രമവും റൂട്ടും റെയിൽവേ ആസൂത്രണം ചെയ്യുന്നത്.
മുംബൈയിലെ അതിതീവ്രമായ സബർബൻ ലോക്കൽ ട്രെയിൻ ഗതാഗതത്തെ തടസ്സപ്പെടുത്താതിരിക്കാൻ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് രാത്രി വൈകി പുറപ്പെടുന്ന രീതിയിലാണ് സമയക്രമം ക്രമീകരിക്കുന്നത്. മുംബൈ – പൂനെ – സോലാപൂർ – വാഡി വഴി കർണാടകയിലെ ഹുബ്ബള്ളിയിലെത്തി ബെംഗളൂരുവിൽ എത്തിച്ചേരുന്ന രീതിയിലാണ് റൂട്ട് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആഴ്ചയിൽ എത്ര ദിവസങ്ങളിൽ സർവീസ് നടത്തുമെന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ ഔദ്യോഗിക തീരുമാനമുണ്ടാകും.
ആധുനിക കുഷ്യൻ ബെർത്തുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, ടച്ച്-ഫ്രീ ബയോ ടോയ്‌ലറ്റുകൾ എന്നിവ യാത്രയെ മികച്ചതാക്കുന്നു. അഡ്വാൻസ്ഡ് സസ്പെൻഷൻ സംവിധാനം ഉള്ളതിനാൽ ട്രെയിൻ വേഗത്തിൽ സഞ്ചരിക്കുമ്പോഴും ശബ്ദമോ കുലുക്കമോ അനുഭവപ്പെടില്ല. കൂട്ടിയിടികൾ ഒഴിവാക്കാൻ അത്യാധുനിക ‘കവച്’ സാങ്കേതികവിദ്യയും ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്.
English Summary:
Indian Railways prepares to launch the new Vande Bharat sleeper train on Mumbai to Bengaluru Route. The high-speed overnight service is set to drastically reduce travel time between the two major cities.