AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

RR vs DC: 225 അല്ല, അതിനപ്പുറവും ഈ ഡല്‍ഹി മറികടക്കും; ‘റണ്‍മഴ ഫെസ്റ്റി’ല്‍ റോയല്‍സിന് തോല്‍വി

Delhi Captials vs Rajasthan Royals : നാലാം ജയവുമായി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി അക്‌സര്‍ പട്ടേലിന്റെ ഡല്‍ഹി ക്യാപിറ്റല്‍സ്. 'റണ്‍മഴ' പെയ്ത മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിനാണ് തകര്‍ത്തത്. 226 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി അനായാസം മറികടന്നു.

RR vs DC: 225 അല്ല, അതിനപ്പുറവും ഈ ഡല്‍ഹി മറികടക്കും; ‘റണ്‍മഴ ഫെസ്റ്റി’ല്‍ റോയല്‍സിന് തോല്‍വി
പഥും നിസ്സങ്കയും കെ എൽ രാഹുലുംImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 01 May 2026 | 11:31 PM

ജയ്പുര്‍, 01-05-2026: ഐപിഎല്‍ 2026-ലെ നാലാം ജയവുമായി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി അക്‌സര്‍ പട്ടേലിന്റെ ഡല്‍ഹി ക്യാപിറ്റല്‍സ്. ‘റണ്‍മഴ’ പെയ്ത മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിനാണ് തകര്‍ത്തത്. 226 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. 40 പന്തില്‍ 75 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ഡല്‍ഹിയുടെ ചേസിങ് അനായാസമാക്കിയത്. ക്രീസിലെത്തിയ മറ്റ് ബാറ്റര്‍മാരും പൂര്‍ണ പിന്തുണ നല്‍കി. സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ്: 20 ഓവറില്‍ ആറു വിക്കറ്റിന് 225, ഡല്‍ഹി ക്യാപിറ്റല്‍സ്: 19.1 ഓവറില്‍ മൂന്ന് വിക്കറ്റിന് 226.

226 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങിന് ഇറങ്ങിയ ഡല്‍ഹിക്ക് ഓപ്പണര്‍മാരായ പഥും നിസങ്കയും, കെഎല്‍ രാഹുലും തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 110 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. പത്താം ഓവറിലെ മൂന്നാം പന്തില്‍ നിസങ്കയെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. 33 പന്തില്‍ 62 റണ്‍സാണ് നിസങ്ക നേടിയത്. വണ്‍ ഡൗണായി ക്രീസിലെത്തിയ നിതീഷ് റാണയും മികച്ച പ്രകടനം പുറത്തെടുത്തു. 17 പന്തില്‍ 33 റണ്‍സെടുത്ത നിതീഷിനെ തുഷാര്‍ ദേശ്പാണ്ഡെ പുറത്താക്കി.

തൊട്ടടുത്ത ഓവറില്‍ രാഹുലും പുറത്തായി. 40 പന്തില്‍ 75 റണ്‍സെടുത്ത രാഹുലിനെ ജോഫ്ര ആര്‍ച്ചറാണ് പുറത്താക്കിയത്. രാഹുല്‍ മടങ്ങുമ്പോഴേക്കും ഡല്‍ഹി വിജയത്തിന് അരികിലേക്ക് എത്തിയിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുച്ചേര്‍ന്ന ട്രിസ്റ്റണ്‍ സ്റ്റബ്‌സും, അശുതോഷ് ശര്‍മയും ഡല്‍ഹിയെ വിജയത്തിലെത്തിച്ചു. അശുതോഷ് 15 പന്തില്‍ 25 റണ്‍സുമായും, സ്റ്റബ്‌സ് 11 പന്തില്‍ 18 റണ്‍സുമായും പുറത്താകാതെ നിന്നു.

ഡല്‍ഹി ഓപ്പണര്‍മാരുടെ ബാറ്റിങ്‌

ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കുന്നതായിരുന്നു റോയല്‍സിന് ഈ സീസണില്‍ പല മത്സരങ്ങളിലും കരുത്തായത്. എന്നാല്‍ ഇന്ന് അത് പിഴച്ചു. ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും, വൈഭവ് സൂര്യവംശിയും ഒരുപോലെ നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ ജയ്‌സ്വാളും, രണ്ടാം ഓവറില്‍ സൂര്യവംശിയും പുറത്തായി. മൂന്ന് പന്തില്‍ ആറു റണ്‍സെടുത്ത ജയ്‌സ്വാളിനെ മിച്ചല്‍ സ്റ്റാര്‍ക്കും, രണ്ട് പന്തില്‍ നാലു റണ്‍സെടുത്ത സൂര്യവംശിയെ കൈല്‍ ജാമിസണുമാണ് വീഴ്ത്തിയത്.

Also Read: MS Dhoni: നെറ്റ്‌സില്‍ അടിച്ചുതകര്‍ത്ത് ധോണി; ‘ലവ് യു ഡാര്‍ലിങ്’ എന്ന് ഹാര്‍ദ്ദിക്‌

ആദ്യ രണ്ടോവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയെങ്കിലും, മൂന്നാം വിക്കറ്റില്‍ ധ്രുവ് ജൂറലും, ക്യാപ്റ്റന്‍ റിയാന്‍ പരാഗും റോയല്‍സിനെ മുന്നോട്ടുനയിച്ചു. വിലപ്പെട്ട 98 റണ്‍സാണ് ഈ സഖ്യം റോയല്‍സിന് സമ്മാനിച്ചത്. 30 പന്തില്‍ 42 റണ്‍സെടുത്ത ജൂറലിനെ 12-ാം ഓവറില്‍ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ പുറത്താക്കുമ്പോഴേക്കും റോയല്‍സ് ഒരുവിധം തകര്‍ച്ചയില്‍ നിന്ന് കരകയറിയിരുന്നു.

ജൂറലിന് ശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജയുമായി ചേര്‍ന്ന് പരാഗ് വീണ്ടും റോയല്‍സിന് കരുത്ത് പകര്‍ന്നു. ജഡേജയെ ഒരു വശത്ത് സാക്ഷിയാക്കി പരാഗ് അടിച്ചുതകര്‍ത്തു. 17-ാം ഓവറില്‍ 14 പന്തില്‍ 20 റണ്‍സെടുത്ത ജഡേജയെ സ്റ്റാര്‍ക്ക് പുറത്താക്കി. അതേ ഓവറില്‍ തന്നെ പരാഗും പുറത്തായി. സെഞ്ചുറിക്ക് 10 റണ്‍സ് അകലെയാണ് പരാഗിനെ സ്റ്റാര്‍ക്ക് വീഴ്ത്തിയത്. 50 പന്തില്‍ അഞ്ച് സിക്‌സറുകളുടെയും, എട്ട് ഫോറുകളുടെയും അകമ്പടിയോടെ 90 റണ്‍സെടുത്ത പരാഗിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ അക്‌സര്‍ പട്ടേല്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

തകര്‍ത്തടിച്ച് ഫെരേര

തുടര്‍ന്ന് ക്രീസിലെത്തിയ ഡൊനോവന്‍ ഫെരേര പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലെ മികവ് ഡല്‍ഹിക്കെതിരെയും ആവര്‍ത്തിച്ചു. വമ്പനടികളുമായി ഫെരേര കളം നിറഞ്ഞതോടെ റോയല്‍സ് സ്‌കോര്‍ബോര്‍ഡ് കുതിച്ചുയര്‍ന്നു. പുറത്താകാതെ 14 പന്തില്‍ 47 റണ്‍സാണ് ഫെരേര അടിച്ചുകൂട്ടിയത്. ആറു സിക്‌സറുകളും, രണ്ട് ഫോറുകളും താരം പായിച്ചു.

എന്നാല്‍ പഞ്ചാബ് കിങ്‌സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ശുഭം ദുബെയ്ക്ക് ഇന്ന് ആ മികവ് ആവര്‍ത്തിക്കാനായില്ല. ആറു പന്തില്‍ ആറു റണ്‍സെടുത്ത ശുഭം ടി നടരാജന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഫെരേരയ്‌ക്കൊപ്പം ഒരു പന്തില്‍ ഒരു റണ്‍സുമായി ജോഫ്ര ആര്‍ച്ചറും പുറത്താകാതെ നിന്നു.

ഡല്‍ഹിയുടെ പ്ലേയിങ് ഇലവനിലേക്ക് തിരികെയെത്തിയ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ പിഴുതെങ്കിലും നാലോവറില്‍ 40 റണ്‍സ് വഴങ്ങി. കൈല്‍ ജാമിസണ്‍ നാലോവറില്‍ 48 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കി. 39 റണ്‍സ് വഴങ്ങി അക്‌സര്‍ പട്ടേലും, 54 റണ്‍സ് വഴങ്ങി നടരാജനും ഓരോ വിക്കറ്റ് വീതം പങ്കിട്ടു. കുല്‍ദീപ് യാദവിന് മാത്രം വിക്കറ്റ് ലഭിച്ചില്ല. താരം 41 റണ്‍സാണ് വിട്ടുകൊടുത്തത്.

English Summary

In the 43rd match of IPL 2026, Delhi Capitals defeated Rajasthan Royals by 7 wickets. DC chased down the target of 226 runs with five balls to spare. KL Rahul was the top scorer for DC with 75 runs off 40 balls. Captain Riyan Parag was the top scorer for RR with 90 runs off 50 balls.

Follow Us