Rohit Sharma: രോഹിതിന്റെ തിരിച്ചുവരവ് എപ്പോള്‍? ഇനി അധികം കാത്തിരിക്കേണ്ട; ഹാര്‍ദ്ദിക് അത് വെളിപ്പെടുത്തി
Rohit Sharma needs more time before making MI comeback: രോഹിത് ശര്‍മയുടെ തിരിച്ചുവരവ് എന്നായിരിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ സൂചിപ്പിച്ചു. രോഹിത് തിരിച്ചെത്താന്‍ ഇനിയും ഒന്നോ രണ്ടോ മത്സരങ്ങള്‍ കൂടി ആവശ്യമാണെന്നാണ് ടോസ് വേളയില്‍ ഹാര്‍ദ്ദിക് നല്‍കിയ സൂചന.

പരിശീലനത്തിനിടെ രോഹിത് ശർമ്മ
മുംബൈ, 29-04-2026: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കാത്തതില്‍ ആരാധകര്‍ക്ക് നിരാശ. ഏപ്രില്‍ 12-ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിലാണ് രോഹിതിന് പരിക്കേറ്റത്. തുടര്‍ന്ന് താരത്തിന്റെ തിരിച്ചുവരവ് വൈകുകയാണ്. രോഹിത് ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ലെന്ന് സ്ഥിരീകരിക്കുന്നതിനൊപ്പം, അദ്ദേഹത്തിന്റെ തിരിച്ചുവരവ് എന്നായിരിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ സൂചിപ്പിച്ചു. രോഹിത് തിരിച്ചെത്താന്‍ ഇനിയും ഒന്നോ രണ്ടോ മത്സരങ്ങള്‍ കൂടി ആവശ്യമാണെന്നാണ് ടോസ് വേളയില്‍ ഹാര്‍ദ്ദിക് നല്‍കിയ സൂചന.
ഹാംസ്ട്രിങ് ഇഞ്ചുറി മൂലമാണ് രോഹിത് കളിക്കാത്തത്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ അദ്ദേഹം കളിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. താരം പരിക്കില്‍ നിന്ന് മുക്തനായെന്നാണ് സൂചന. രോഹിത് സണ്‍റൈസേഴ്‌സിനെതിരെ കളിക്കുമോയെന്ന് ടോസ് സമയത്ത് മാത്രമേ തീരുമാനിക്കൂവെന്ന് ടീം വക്താവ് പറഞ്ഞതായി രേവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രോഹിതിന്റെ തിരിച്ചുവരവ്
രോഹിതിനെ തിടുക്കത്തില്‍ കളിപ്പിക്കേണ്ടതില്ലെന്നാണ് മുംബൈ മാനേജ്‌മെന്റിന്‍രെ തീരുമാനം. ഒന്നോ രണ്ടോ മത്സരങ്ങള്‍ക്ക് ശേഷം രോഹിത് തിരിച്ചെത്തിയേക്കാമെന്ന ഹാര്‍ദ്ദിക്കിന്റെ വെളിപ്പെടുത്തല്‍ ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. രോഹിത് കഠിനമായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം ആഗ്രഹിക്കുന്ന പഴയ ഫിറ്റ്‌നസ് നിലവാരത്തിലേക്ക് എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇന്നത്ത മത്സരത്തില്‍ രോഹിത് കളിക്കില്ലെന്നായിരുന്നു ഹാര്‍ദ്ദിക്കിന്റെ വാക്കുകള്‍.
Also Read: Vaibhav Sooryavanshi: ബാറ്റില്‍ എഐ ചിപ്പുണ്ടോ? പാക് അനലിസ്റ്റിന്റെ സംശയത്തിന് സൂര്യവംശിയുടെ മറുപടി
രോഹിത് തിരിച്ചുവരവിന് ശ്രമിക്കുന്നുണ്ടെങ്കിലും, പൂര്‍ണമായി ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്ന് ഹാര്‍ദ്ദിക്കിന്റെ പരാമര്‍ശം സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ മുംബൈയ്ക്ക് രോഹിതിന്റെ സേവനം പ്രധാനമാണെങ്കിലും, താരത്തിന്റെ കാര്യത്തില്‍ റിസ്‌ക് എടുക്കേണ്ടെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം. രോഹിതിന്റെ അഭാവം മുംബൈയ്ക്ക് കനത്ത തിരിച്ചടിയാണ്.
മുംബൈയുടെ സ്ഥിതി
പരിക്കേറ്റ് മടങ്ങുമ്പോള്‍ ടൂര്‍ണമെന്റില്‍ തരക്കേടില്ലാത്ത ഫോമിലായിരുന്നു രോഹിത്. കളിച്ച നാലു മത്സരങ്ങളില്‍ നിന്നായി താരം 137 റണ്‍സ് നേടിയിരുന്നു. ആര്‍സിബിക്കെതിരായ മത്സരത്തില്‍ 13 പന്തില്‍ 19 റണ്‍സുമായി ബാറ്റ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി.
ഇതുവരെ ഏഴു മത്സരങ്ങളില്‍ നിന്ന് രണ്ടേ രണ്ട് ജയം മാത്രമാണ് മുംബൈയ്ക്ക് സ്വന്തമാക്കാനായത്. അഞ്ചിലും തോറ്റു. വെറും നാലു പോയിന്റുമായി പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ്.
സണ്‍റൈസേഴ്‌സിനെതിരായ മത്സരം
എന്നാല്‍ ഇന്ന് നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചു. പുറത്താകാതെ 55 പന്തില്‍ 123 റണ്‍സ് നേടിയ ഓപ്പണറും, വിക്കറ്റ് കീപ്പറുമായ റിയാന്‍ റിക്കല്‍ട്ടണാണ് മുംബൈയുടെ ബാറ്റിങിന് കരുത്തായത്. സഹ ഓപ്പണറായ വില്‍ ജാക്ക്‌സ് 22 പന്തില്‍ 46 റണ്‍സെടുത്തു. ഈ സീസണില്‍ ജാക്ക്‌സ് കളിക്കുന്ന ആദ്യ മത്സരമാണിത്. വില്‍ ജാക്ക്‌സ് പ്ലേയിങ് ഇലവനിലെത്തിയപ്പോള്‍ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് പുറത്തായി. തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തെങ്കിലും പല മത്സരങ്ങളിലും ലോവര്‍ ഓര്‍ഡറിലാണ് റുഥര്‍ഫോര്‍ഡ് ബാറ്റു ചെയ്തിരുന്നത്.
ഹാര്‍ദ്ദിക് 15 പന്തില്‍ 31 റണ്‍സുമായി തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. സൂര്യകുമാര്‍ യാദവ് പതിവുപോലെ നിരാശപ്പെടുത്തി. താരം നേടിയത് അഞ്ച് പന്തില്‍ അഞ്ച് റണ്‍സ്. തുടര്‍ച്ചയായ മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തുന്നത് മുംബൈയ്ക്ക് ആശങ്കയായിരിക്കുകയാണ്. ദേശീയ ടീമിലും സമീപകാലത്ത് പരിതാപകരമായ പ്രകടനമാണ് സൂര്യ പുറത്തെടുക്കുന്നത്. ഐപിഎല്ലിലും ഇത് തന്നെയാണ് സ്ഥിതി.
English Summary
Hardik Pandya confirmed at the toss that Rohit Sharma is working on his fitness but still needs a few more games before he is ready to return. This is a major setback for Mumbai Indians. Rohit Sharma continues to recover from a hamstring injury. Team management has decided not to rush Rohit back into action until he is fully fit to play.