Rohit Sharma: സണ്‍റൈസേഴ്‌സിനെതിരെ രോഹിത് ശര്‍മ കളിക്കുമോ? വെളിപ്പെടുത്തലുമായി ടീം വക്താവ്
Rohit Sharma Injury Update: ഐപിഎല്ലില്‍ നാളെ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. രാത്രി 7.30-ന് മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. രോഹിത് ശര്‍മ കളിക്കുമോയെന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. രോഹിത് കളിക്കുമോയെന്നത് സംബന്ധിച്ച് മുംബൈ ഇന്ത്യന്‍സ് വക്താവ് പറഞ്ഞത് എന്താണെന്ന് നോക്കാം.
ഐപിഎല്‍ 2026-ല്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ മുംബൈ ഇന്ത്യന്‍സിന് ഇതുവരെ സാധിച്ചിട്ടില്ല. ഏഴു മത്സരങ്ങളില്‍ അഞ്ചിലും തോറ്റു. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഇതുവരെ ജയിച്ചത്. പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ് ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. ബാറ്റിങും, ബൗളിങും സമ്പൂര്‍ണ പരാജയമായതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. ഹാര്‍ദ്ദിക്, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ അടക്കമുള്ള സീനിയര്‍ താരങ്ങള്‍ നിരാശജനകമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരിക്ക് മൂലം വിട്ടുനില്‍ക്കുന്നതും മുംബൈയ്ക്ക് തിരിച്ചടിയായി. ഏപ്രില്‍ 12-ന് ആര്‍സിബിക്കെതിരെ നടന്ന മത്സരത്തിലാണ് രോഹിതിന് പരിക്കേറ്റത്. 13 പന്തില്‍ 19 റണ്‍സുമായി ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി.
അതിനുശേഷം മുംബൈ കളിച്ച മൂന്ന് മത്സരങ്ങളിലും രോഹിതിന് കളിക്കാനായില്ല. രോഹിത് എന്ന് കളിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും. ടീം കര കയറാന്‍ രോഹിത് തിരിച്ചെത്തിയേ തീരൂവെന്നും പല ആരാധകരും വിശ്വസിക്കുന്നു. ഇപ്പോഴിതാ, രോഹിതിന്റെ തിരിച്ചുവരവിനെക്കുറിച്ച് സുപ്രധാന വിവരം പങ്കുവെച്ചിരിക്കുകയാണ് ടീം വക്താവ്.
സണ്‍റൈസേഴ്‌സിനെതിരെ കളിക്കുമോ?
നാളെ (ഏപ്രില്‍ 29) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. ടോസ് സമയത്ത് മാത്രമേ രോഹിത് കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ടീം വക്താവ് പറഞ്ഞതായി രേവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. താരം പരിക്കില്‍ നിന്ന് മുക്തനായെന്നാണ് ടീം വക്താവ് നല്‍കുന്ന സൂചന. സണ്‍റൈസേഴ്‌സിനെതിരെ രോഹിത് കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രോഹിത് കളിക്കുമോയെന്ന് അറിയാന്‍ ടീം വക്താവ് പറഞ്ഞതുപോലെ നാളെ ടോസ് സമയം വരെ കാത്തിരിക്കേണ്ടി വരും.




ഈ സീസണില്‍ നാലു മത്സരങ്ങളില്‍ മാത്രമാണ് കളിച്ചതെങ്കിലും മികച്ച പ്രകടനമാണ് രോഹിത് പുറത്തെടുത്തത്. നാലു മത്സരങ്ങളില്‍ നിന്ന് 137 റണ്‍സാണ് രോഹിത് നേടിയത്. ഒരു അര്‍ധ സെഞ്ചുറിയും നേടി.
Also Read: Axar Patel: അക്‌സര്‍ നന്നായി കളിച്ചിട്ട് എത്ര നാളായി? ഡല്‍ഹി ക്യാപ്റ്റനെ കുടഞ്ഞ് മുന്‍ താരം
മുംബൈയുടെ പ്രകടനം
ഈ സീസണ്‍ വിജയത്തോടെയാണ് മുംബൈ തുടങ്ങിയത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറു വിക്കറ്റിന് തോല്‍പിച്ചു. കൊല്‍ക്കത്ത ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ മുംബൈ മറികടന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ തകിടം മറിഞ്ഞു. തുടര്‍ന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ആറു വിക്കറ്റിന് തോറ്റു.
മൂന്നാമത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടും തോറ്റു. 27 റണ്‍സിനാണ് റോയല്‍സ് മുംബൈയെ തകര്‍ത്തത്. അതിനുശേഷം ആര്‍സിബിയോട് 18 റണ്‍സിനും മുംബൈ തോല്‍വി രുചിച്ചു. പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തിലും തോല്‍വി ആവര്‍ത്തിച്ചു. ഏഴു വിക്കറ്റിനായിരുന്നു പഞ്ചാബിനോട് തോറ്റത്. എന്നാല്‍ ഇതിനുശേഷം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിന് തോല്‍പിക്കാനായത് മുംബൈയ്ക്ക് ആത്മവിശ്വാസം നല്‍കി. ഏപ്രില്‍ 23-ന് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് 103 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്.
സണ്‍റൈസേഴ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും മുംബൈ ലക്ഷ്യമിടുന്നില്ല. വില്‍ ജാക്ക്‌സ് പ്ലേയിങ് ഇലവനിലെത്താനാണ് സാധ്യത. ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് പുറത്തായേക്കാം. രാത്രി 7.30-ന് മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് സണ്‍റൈസേഴ്‌സിനെതിരായ മത്സരം. മറുവശത്ത്, പോയിന്റ് ടേബിളില്‍ മൂന്നാമതായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇതുവരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
English Summary
An MI spokesperson revealed that Rohit Sharma continues to progress, according to RevSportz. The spokesperson stated that any decision on Rohit’s availability will be made at the toss tomorrow. The MI vs. SRH match will be played at the Wankhede Stadium on April 29 at 7:30 PM.