Sanju Samson: തകര്‍പ്പന്‍ സെഞ്ചുറി; ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ മൂന്നാമത്; ഒപ്പം കിടിലന്‍ റെക്കോഡും തൂക്കി സഞ്ജു
Sanju Samson Orange Cap Race: ഐപിഎല്‍ 2026-ലെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ മൂന്നാമതെത്തി സഞ്ജു സാംസണ്‍. ഏഴു മത്സരങ്ങളില്‍ നിന്ന് 293 റണ്‍സാണ് സഞ്ജു നേടിയത്. 323 റണ്‍സുമായി അഭിഷേക് ശര്‍മയാണ് ഒന്നാമത്. 320 റണ്‍സുമായി ഹെൻറിച്ച് ക്ലാസ്സെൻ രണ്ടാമതുണ്ട്.
മുംബൈ: വാങ്കഡെയില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ സെഞ്ചുറിയോടെ ഐപിഎല്‍ 2026-ലെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ മൂന്നാമതെത്തി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സഞ്ജു സാംസണ്‍. ഏഴു മത്സരങ്ങളില്‍ നിന്ന് 293 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്. 323 റണ്‍സുമായി അഭിഷേക് ശര്‍മയാണ് ഒന്നാമത്. 320 റണ്‍സുമായി ഹെൻറിച്ച് ക്ലാസ്സെൻ രണ്ടാമതുണ്ട്. ഇരുവരും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളാണ്.
58.60 ആണ് ഈ സീസണില്‍ ഇതുവരെയുള്ള സഞ്ജുവിന്റെ ആവറേജ്. സ്‌ട്രൈക്ക് റേറ്റ് 178.65. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പുറത്താകാതെ നേടിയ 115 റണ്‍സാണ് ഈ ഐപിഎല്ലില്‍ സഞ്ജുവിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 31 ഫോറും, 15 സിക്‌സും താരം ഈ ഏഴു മത്സരങ്ങളില്‍ അടിച്ചുകൂട്ടി.
ആദ്യ മൂന്ന് മത്സരങ്ങളിലും രണ്ടക്കം പോലും കടക്കാന്‍ സാധിക്കാത്ത താരമാണ് ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ മൂന്നാമതെത്തിയത്. ഈ സീസണിലെ ആദ്യ സെഞ്ചുറി നേടിയത് സഞ്ജുവായിരുന്നു. ഐപിഎല്‍ 2026-ല്‍ ഇതുവരെ രണ്ട് സെഞ്ചുറികള്‍ നേടിയ ഏക താരവും സഞ്ജു തന്നെ.
ഓറഞ്ച് ക്യാപ് ടോപ് 10
- അഭിഷേക് ശർമ്മ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
- ഹെൻറിച്ച് ക്ലാസ്സെൻ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
- സഞ്ജു സാംസൺ – ചെന്നൈ സൂപ്പര്‍ കിങ്‌സ്
- ശുഭ്മാൻ ഗിൽ – ഗുജറാത്ത് ടൈറ്റന്‍സ്
- വൈഭവ് സൂര്യവംശി – രാജസ്ഥാന്‍ റോയല്‍സ്
- വിരാട് കോഹ്ലി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
- യശ്വസി ജയ്‌സ്വാള്‍ – രാജസ്ഥാന്‍ റോയല്‍സ്
- ഇഷാൻ കിഷൻ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
- രജത് പാട്ടിദാർ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
- കൂപ്പർ കനോലി – പഞ്ചാബ് കിങ്‌സ്
റെക്കോഡുകളും തൂക്കി
മുംബൈ ഇന്ത്യന്‍സിനെതിരായ സെഞ്ചുറിയോടെ ചില റെക്കോഡുകളും സഞ്ജു സ്വന്തം പേരില്‍ ചേര്‍ത്തു. ഐപിഎൽ ചരിത്രത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ സിഎസ്‌കെ ബാറ്ററായി സഞ്ജു മാറി. മുംബൈയ്‌ക്കെതിരെ സിഎസ്‌കെ ബാറ്ററുടെ ഇതുവരെയുള്ള ഉയർന്ന വ്യക്തിഗത സ്‌കോർ റുതുരാജ് ഗെയ്ക്‌വാദിന്റെ 88 ആയിരുന്നു.
സഞ്ജുവിനെ അഭിനന്ദിക്കുന്ന മുംബൈ താരങ്ങള്‍
Appreciation all around for a special knock 💙💛
Sanju Samson 🤝 Respect 🫡 #TATAIPL | #KhelBindaas | #MIvCSK | @ChennaiIPL pic.twitter.com/eS0u6dxRGi
— IndianPremierLeague (@IPL) April 23, 2026
സിഎസ്‌കെയ്‌ക്കായി ഒരു ഐപിഎൽ പതിപ്പിൽ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനും സഞ്ജുവാണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ താരമായും സഞ്ജു മാറി. അഞ്ച് സെഞ്ചുറികള്‍ നേടിയ കെഎല്‍ രാഹുലിനൊപ്പം സഞ്ജു ഈ നേട്ടം പങ്കിടുന്നു. എട്ട് സെഞ്ചുറികള്‍ നേടിയ വിരാട് കോഹ്ലിയാണ് ഒന്നാമത്. ഏഴു സെഞ്ചുറികളുമായി ജോസ് ബട്ട്‌ലര്‍ രണ്ടാമതും, ആറു സെഞ്ചുറികളുമായി ക്രിസ് ഗെയില്‍ മൂന്നാമതുമുണ്ട്. ഒരു ഐപിഎൽ സീസണിൽ രണ്ട് സെഞ്ച്വറികൾ നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയിലും ഇനി മുതല്‍ സഞ്ജുവുണ്ട്.
മുംബൈയ്‌ക്കെതിരായ പ്രകടനം
മുംബൈയ്‌ക്കെതിരെ പുറത്താകാതെ 54 പന്തില്‍ 101 റണ്‍സാണ് സഞ്ജു നേടിയത്. 10 ഫോറും, ആറു സിക്‌സറും നേടി. വിക്കറ്റുകള്‍ ഒരുവശത്ത് കൊഴിയുമ്പോഴും സഞ്ജു പാറപോലെ ഉറച്ചുനിന്നു. മോശം പന്തുകള്‍ മാത്രം തിരഞ്ഞുപിടിച്ച് ശിക്ഷിച്ചു. അവസാന പന്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. ക്രിഷ് ഭഗത് എറിഞ്ഞ അവസാന പന്ത് ബൗണ്ടറി കടത്തിയാണ് താരം സെഞ്ചുറി നേട്ടം പൂര്‍ത്തിയാക്കിയത്.