Mumbai Indians: ചെന്നൈ ഭയക്കണം; വജ്രായുധമെത്തിച്ച് ഗിയര്‍ മാറ്റി മുംബൈ; രോഹിത് കളിക്കുമോ?
Will Jacks and Rohit Sharma: ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടും. വില്‍ ജാക്ക്‌സ് സ്‌ക്വാഡിനൊപ്പം ചേര്‍ന്നത് മുംബൈയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രോഹിത് ശര്‍മയും പരിശീലനം പുനഃരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും ഇന്ന് കളിക്കുമോയെന്ന് വ്യക്തമല്ല.
മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ ഇതുവരെ പരിതാപകരമായ പ്രകടനമാണ് ഇരുഫ്രാഞ്ചെസികളും പുറത്തെടുത്തത്. രണ്ട് ടീമുകളും ആറു മത്സരങ്ങള്‍ വീതം കളിച്ചു. രണ്ടെണ്ണത്തില്‍ വീതം ജയിച്ചു. നാലെണ്ണം തോറ്റു.
ഇരുടീമുകള്‍ക്കും നാല് പോയിന്റുകള്‍ വീതമുണ്ടെങ്കിലും റണ്‍ റേറ്റിന്റെ മികവില്‍ മുംബൈ പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. ചെന്നൈ എട്ടാമതും. വൈകിട്ട് 7.30-നാണ് മത്സരം.
വില്‍ ജാക്ക്‌സ് എത്തി
ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ വില്‍ ജാക്ക്‌സ് സ്‌ക്വാഡിനൊപ്പം ചേര്‍ന്നത് മുംബൈയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വില്‍ ജാക്ക്‌സ് ടീമിനൊപ്പം ചേര്‍ന്ന കാര്യം മുംബൈ സ്ഥിരീകരിച്ചത്. മുംബൈയെ സംബന്ധിച്ച് വജ്രായുധമാണ് വില്‍ ജാക്ക്‌സ്.
മുംബൈ പങ്കുവെച്ച കുറിപ്പ്
Guess who’s back, back again?
Jacks is back, tell a friend! 😉 pic.twitter.com/DnKGM8tGk9— Mumbai Indians (@mipaltan) April 21, 2026
രാജ്യാന്തര ക്രിക്കറ്റിലെ തിരക്കുകള്‍ മൂലം ഐപിഎല്ലിലെ ആദ്യ പകുതിയില്‍ ജാക്ക്‌സ് മുംബൈ ടീമിനോട് ഇടവേള ആവശ്യപ്പെട്ടിരുന്നു. ടി20 ലോകകപ്പിലടക്കം താരം ഉജ്ജ്വല ഫോമിലായിരുന്നുവെന്നത് മുംബൈയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
ബാറ്റിങില്‍ ഏത് പൊസിഷനിലും പ്രയോജനപ്പെടുത്താമെന്നതാണ് ജാക്ക്‌സിന്റെ പ്രത്യേകത. പാര്‍ട്ട് ടൈം സ്പിന്നര്‍ കൂടിയാണ്. എന്നാല്‍ ഇന്ന് ചെന്നൈയ്‌ക്കെതിരെ ജാക്ക്‌സ് പ്ലേയിങ് ഇലവനിലുണ്ടാകുമോയെന്ന് വ്യക്തമല്ല. ടോസിന് മുമ്പാകും അന്തിമ തീരുമാനം എടുക്കുക.
ആരു പുറത്താകും?
ജാക്ക്‌സ് പ്ലേയിങ് ഇലവനിലെത്തിയാല്‍ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് പുറത്താകാനാണ് സാധ്യത. മികച്ച ഫോമിലാണെങ്കിലും റുഥര്‍ഫോര്‍ഡിന് പലപ്പോഴും ലോവര്‍ ഓര്‍ഡറിലാണ് അവസരം ലഭിക്കുന്നത്. ഗുജറാത്തിനെതിരെ റുഥര്‍ഫോര്‍ഡ് ഏഴാമതാണ് കളിച്ചത്. അവസാന ഓവറില്‍ മാത്രമാണ് താരത്തിന് ബാറ്റിങിന് അവസരം ലഭിച്ചത്.
റുഥര്‍ഫോര്‍ഡിനെ കൃത്യമായി ഉപയോഗിക്കുന്നില്ലെന്ന് ആരോപിച്ച് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കെതിരെ വിമര്‍ശനം ശക്തമാണ്. റുഥര്‍ഫോര്‍ഡിനും മുമ്പ് പാണ്ഡ്യ ബാറ്റിങിന് ഇറങ്ങുന്നതിനെ വിമര്‍ശിച്ച് മുന്‍ താരം മനോജ് തിവാരിയടക്കം രംഗത്തെത്തിയിരുന്നു.
രോഹിത് കളിക്കുമോ?
പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ന് കളിക്കുമോയെന്നതില്‍ അവ്യക്തത തുടരുകയാണ്. രോഹിത് കളിക്കുമോ ഇല്ലയോ എന്നതില്‍ ടീം മാനേജ്‌മെന്റ് ഒരു സൂചനയും നല്‍കിയിട്ടില്ല. ടോസിന് മുമ്പാകും രോഹിത് കളിക്കുമോയെന്നതില്‍ അന്തിമ തീരുമാനം എടുക്കുക. താരം ഫിറ്റ്‌നസ് വീണ്ടെടുത്തെന്നാണ് സൂചന. പരിശീലനവും പുനഃരാരംഭിച്ചിരുന്നു.
രോഹിതിന്റെ പരിശീലനം-വീഡിയോ കാണാം
Every cricket fan knows this feeling 😮💨 pic.twitter.com/uJZVWZUv2X
— Mumbai Indians (@mipaltan) April 22, 2026
ബുധനാഴ്ച നെറ്റ്‌സില്‍ രോഹിത് ബാറ്റു ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍ നിയന്ത്രിതമായാണ് താരം പരിശീലനം നടത്തിയത്. രോഹിത് കൂടുതലും ത്രോഡൗണുകളാണ് നേരിട്ടതെന്നും, വലിയ ഷോട്ടുകള്‍ ഒഴിവാക്കിയെന്നും ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ സൂചിപ്പിക്കുന്നു. ഈ മാസം 12-ന് ആര്‍സിബിക്കെതിരായ മത്സരത്തിനിടെയാണ് രോഹിതിന് പരിക്കേറ്റത്. 13 പന്തില്‍ 19 റണ്‍സ് എന്ന നിലയില്‍ ബാറ്റു ചെയ്യുന്നതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി.