Sanju Samson: അയ്യായിരത്തിലെത്താന്‍ 3555 പന്തുകള്‍; സഞ്ജുവിന് മുന്നില്‍ രണ്ട് വിദേശ താരങ്ങൾ മാത്രം
Sanju Samson IPL feat: ഐപിഎല്ലില്‍ ഏറ്റവും വേഗം 5,000 റണ്‍സ് റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സഞ്ജു സാംസണ്‍. അയ്യായിരം തികയ്ക്കാന്‍ 3555 പന്തുകളാണ് സഞ്ജു നേരിട്ടത്. എബി ഡി വില്ലിയേഴ്‌സും, ഡേവിഡ് വാര്‍ണറും മാത്രമാണ് സഞ്ജുവിന് മുന്നിലുള്ളത്.

സഞ്ജു സാംസണ്‍
ചെന്നൈ, 27-04-2026: ഐപിഎല്ലില്‍ 5,000 റണ്‍സ് നേടിയതിന് പിന്നാലെ സഞ്ജു സാംസണ് മറ്റൊരു നേട്ടവും സ്വന്തം. ഏറ്റവും വേഗം അയ്യായിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സഞ്ജു. 3,555 പന്തുകള്‍ നേരിട്ടാണ് സഞ്ജു ഐപിഎല്ലില്‍ 5,000 റണ്‍സ് തികച്ചത്. എബി ഡി വില്ലിയേഴ്‌സും, ഡേവിഡ് വാര്‍ണറും മാത്രമാണ് സഞ്ജുവിന് മുന്നിലുള്ളത്. 3,288 പന്തുകള്‍ നേരിട്ടാണ് ഡിവില്ലിയേഴ്‌സ് 5000 തികച്ചത്. ഈ നേട്ടം കൈവരിക്കാന്‍ വാര്‍ണര്‍ നേരിട്ടത് 3554 പന്തുകള്‍. അതായത് സഞ്ജു നേരിട്ടതിനെക്കാള്‍ ഒരു പന്ത് മാത്രം കുറവ്. ഐപിഎല്‍ ചരിത്രത്തിലെ റണ്‍വേട്ടക്കാരില്‍ നിലവില്‍ പത്താമതാണ് സഞ്ജുവിന് സ്ഥാനം. 180 ഇന്നിങ്‌സുകളില്‍ നിന്ന് 5,008 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്.
ഒമ്പതാം സ്ഥാനത്തുള്ള ഡി വില്ലിയേഴ്‌സും (5,162 റണ്‍സ്) പത്താമതുള്ള സഞ്ജുവും തമ്മിലുള്ളത് 154 റണ്‍സ് മാത്രം. എട്ടാമതുള്ള അജിങ്ക്യ രഹാനെ ഇതുവരെ നേടിയത് 5,194 റണ്‍സ്. നെയും സഞ്ജുവും തമ്മിലും വലിയ വ്യത്യാസമില്ല. രഹാനെ ഇതുവരെ നേടിയത് 5,162 റണ്‍സ് മാത്രം.
ഐപിഎല്ലില്‍ 5,000 പിന്നിട്ടവരില്‍ വിരാട് കോഹ്ലിയും, രോഹിത് ശര്‍മയും, കെഎല്‍ രാഹുലും, എംഎസ് ധോണിയും, രഹാനെയും, സഞ്ജുവും മാത്രമാണ് ഇപ്പോള്‍ സജീവമായി ക്രിക്കറ്റ് കളിക്കുന്നത്. മറ്റ് താരങ്ങളെല്ലാം വിരമിച്ചുകഴിഞ്ഞു. ശിഖര്‍ ധവാന്‍, വാര്‍ണര്‍, സുരേഷ് റെയ്‌ന, ഡിവില്ലിയേഴ്‌സ് എന്നിവരാണ് വിരമിച്ചവര്‍.
റണ്‍വേട്ടക്കാര്‍
8,989 റണ്‍സുമായി വിരാട് കോഹ്ലിയാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമത്. 7,183 റണ്‍സുമായി രോഹിത് ശര്‍മ രണ്ടാമതുണ്ട്. ശിഖര്‍ ധവാന്‍ (6,769 റണ്‍സ്), ഡേവിഡ് വാര്‍ണര്‍ (6,565 റണ്‍സ്), കെഎല്‍ രാഹുല്‍ (5,579 റണ്‍സ്), സുരേഷ് റെയ്‌ന (5,528 റണ്‍സ്), എംഎസ് ധോണി (5,439 റണ്‍സ്) എന്നിവരാണ് മൂന്ന് മുതല്‍ ഏഴു വരെയുള്ള സ്ഥാനങ്ങളിലുള്ള താരങ്ങള്‍.
മിന്നും ഫോമില്‍
ഈ താരങ്ങളില്‍ വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവര്‍ ഈ സീസണിലും മിന്നും ഫോമിലാണ്. ഏഴു മത്സരങ്ങളില്‍ നിന്ന് 357 റണ്‍സ് നേടിയ കെഎല്‍ രാഹുല്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ മൂന്നാമതെത്തി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലെ സെഞ്ചുറി പ്രകടനമാണ് രാഹുലിന് കുതിപ്പ് സമ്മാനിച്ചത്. പുറത്താകാതെ 67 പന്തില്‍ 152 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. എന്നാല്‍ രാഹുല്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഈ മത്സരത്തില്‍ ഡല്‍ഹി ആറു വിക്കറ്റിന് തോറ്റു.
ഏഴു മത്സരങ്ങളില്‍ നിന്ന് 328 റണ്‍സാണ് ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ആറാമതുള്ള വിരാട് കോഹ്ലി ഈ സീസണില്‍ ഇതുവരെ നേടിയത്. എട്ട് മത്സരങ്ങളില്‍ നിന്ന് 304 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജു ഒമ്പതാമതാണ്.
ഈ സീസണില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ ഏക താരം സഞ്ജുവാണ്. ഐപിഎല്‍ 2026-ലെ ആദ്യ സെഞ്ചുറിയും സഞ്ജുവിന്റെ പേരിലാണ്. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഒറ്റയക്കത്തിലൊതുങ്ങിയ സഞ്ജു, പിന്നീട് തകര്‍പ്പന്‍ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. സഞ്ജു മികച്ച പ്രകടനം നടത്തുന്ന മത്സരങ്ങളില്‍ ജയിക്കുകയും, അല്ലാത്തപ്പോള്‍ തോല്‍ക്കുകയും ചെയ്യുന്നതാണ് സിഎസ്‌കെയുടെ നിലവിലെ അവസ്ഥ.