Arjun Tendulkar: സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജന്മദിനത്തില്‍ കേക്ക് രുചിക്കാതെ മകന്‍ അര്‍ജുന്‍; ഇത് ഉഗ്രശപഥം
Sachin Tendulkar's son Arjun wishes him a happy birthday: സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജന്മദിനത്തിന് മകന്‍ അര്‍ജുന്‍ ലളിതവും മനോഹരവുമായ രീതിയിലാണ് അര്‍ജുന്‍ ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ കേക്ക് കഴിക്കാന്‍ അര്‍ജുന്‍ തയ്യാറായില്ല. അതിന്റെ കാരണവും അര്‍ജുന്‍ വെളിപ്പെടുത്തി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പങ്കുവെച്ച വീഡിയോ വൈറലാണ്.
മുംബൈ 24-04-2026: ഇന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ 54-ാം ജന്മദിനം. 1973 ഏപ്രില്‍ 24-ലാണ് സച്ചിന്‍ ജനിച്ചത്. എന്നാല്‍ പിതാവിന്റെ ജന്മദിനമാണെങ്കിലും ക്രിക്കറ്റിനോടുള്ള പ്രതിബദ്ധതയ്ക്കാണ് മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഊന്നല്‍ നല്‍കുന്നത്. ഇത്തവണ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമാണ് അര്‍ജുന്‍. പിതാവിന്റെ ജന്മദിനത്തിന് ലളിതവും മനോഹരവുമായ രീതിയിലാണ് അര്‍ജുന്‍ ആശംസകള്‍ നേര്‍ന്നത്. കായികരംഗത്തോടുള്ള പ്രതിബദ്ധത മൂലം അര്‍ജുന്‍ ഇപ്പോള്‍ മധുരം ഉപയോഗിക്കാറില്ല. അതുകൊണ്ട് തന്നെ സച്ചിന്റെ ജന്മദിനത്തിൽ പോലും കേക്ക് കഴിക്കാൻ അർജുൻ തയ്യാറായില്ല. വിശേഷദിനങ്ങളില്‍ പോലും ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അര്‍ജുന്‍.
ഈ സീസണിന് മുന്നോടിയായാണ് അര്‍ജുന്‍ മുംബൈ ഇന്ത്യന്‍സ് വിട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തിയത്. ലഖ്‌നൗ പങ്കുവെച്ച വീഡിയോയിലാണ് അര്‍ജുന്‍ പിതാവിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്. ഒരു പാത്രത്തില്‍ വെച്ചിരുന്ന കേക്ക് എടുത്താണ് അര്‍ജുന്‍ ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ ഷുഗര്‍ ഉപയോഗം കുറച്ചതിനാല്‍ താന്‍ ഇത് കഴിക്കുന്നില്ലെന്നും അര്‍ജുന്‍ പറഞ്ഞു.




ലഖ്‌നൗ പങ്കുവെച്ച വീഡിയോ കാണാം
Sachin sir, Arjun aur hamare taraf se aapke liye cake 🍰
Happy Birthday ❤️💙 pic.twitter.com/wuO4VrZNau
— Lucknow Super Giants (@LucknowIPL) April 24, 2026
ഐപിഎല്ലില്‍ അര്‍ജുന്‍
മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നെങ്കിലും പല തവണ ബെഞ്ചിലിരിക്കാനായിരുന്നു അര്‍ജുന്റെ വിധി. 2023 ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് അര്‍ജുന്‍ തന്റെ ഐപിഎൽ കരിയർ ആരംഭിച്ചത്. എന്നാല്‍ ഇതുവരെ ആകെ അഞ്ച് മത്സരങ്ങിലാണ് കളിച്ചത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. 2023-ല്‍ നാലു മത്സരങ്ങളിലും, 2024-ല്‍ ഒരു മത്സരത്തിലും കളിച്ചു. 2026 സീസണിന് മുമ്പ് അദ്ദേഹത്തെ ലഖ്‌നൗ സൂപ്പർ ജയന്റ്സിലേക്ക് ട്രേഡ് ചെയ്തു. 30 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ലഖ്‌നൗവിലെത്തിയത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
ഇത്തവണ ഏഴ് മത്സരങ്ങള്‍ കഴിഞ്ഞെങ്കിലും ഒരു മത്സരത്തില്‍ പോലും അര്‍ജുന് അവസരം ലഭിച്ചിട്ടില്ല. അര്‍ജുന്‍ ഭാഗമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വളരെ മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്. ഏഴു മത്സരങ്ങളില്‍ അഞ്ചിലും തോറ്റു. രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. ഋഷഭ് പന്ത് നയിക്കുന്ന ലഖ്‌നൗ പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ്.
ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടായിരുന്നു ലഖ്‌നൗവിന്റെ ആദ്യ മത്സരം. ആ മത്സരത്തില്‍ ഡല്‍ഹി ആറു വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 18.4 ഓവറില്‍ 141 റണ്‍സിന് ഓള്‍ ഔട്ടായി. ഡല്‍ഹി 17.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. സണ്‍റൈസേഴ്‌സിനെതിരെ നടന്ന രണ്ടാം മത്സരത്തില്‍ ലഖ്‌നൗ അഞ്ച് വിക്കറ്റിന് ജയിച്ചു. 157 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനില്‍ക്കെയാണ് ലഖ്‌നൗ മറികടന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മൂന്നാം മത്സരത്തിലും ലഖ്‌നൗ ജയിച്ചു. അന്ന് മൂന്നു വിക്കറ്റിനായിരുന്നു ജയം. 182 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ലഖ്‌നൗ മറികടന്നത്. ഇതിനു ശേഷം തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങി. ഗുജറാത്ത് ടൈറ്റന്‍സിനോട് ഏഴു വിക്കറ്റിനും, ആര്‍സിബിയോട് അഞ്ച് വിക്കറ്റിനും, പഞ്ചാബ് കിങ്‌സിനോട് 54 റണ്‍സിനും, രാജസ്ഥാന്‍ റോയല്‍സിനോട് 40 റണ്‍സിനും തോറ്റു. ഏപ്രില്‍ 26-ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് അടുത്ത മത്സരം.