T20 World Cup 2026: ഐസിസി വടിയെടുക്കുന്നു; പാകിസ്ഥാനെ വെറുതെ വിടില്ല; സംഭവിക്കാന്‍ പോകുന്നത്
ICC likely to take strict action against PCB: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ നടക്കാനിരിക്കുന്ന മത്സരം ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്റെ നിലപാടിനെതിരെ ഐസിസി. ഈ തീരുമാനം ആഗോള ക്രിക്കറ്റിന്റെ സമഗ്രതയെ ദുർബലപ്പെടുത്തുന്നുവെന്നും കായികരംഗത്ത് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഐസിസി.
ടി20 ലോകകപ്പില്‍ ഫെബ്രുവരി 15 ന് ഇന്ത്യയ്‌ക്കെതിരെ നടക്കാനിരിക്കുന്ന മത്സരം ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്റെ നിലപാടിനെതിരെ ഐസിസി. ഈ തീരുമാനം ആഗോള ക്രിക്കറ്റിന്റെ സമഗ്രതയെ ദുർബലപ്പെടുത്തുന്നുവെന്നും കായികരംഗത്ത് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഐസിസി വ്യക്തമാക്കി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് (പിസിബി) നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഐസിസി സ്ഥിരീകരിച്ചു.
പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി പിസിബിയോട് ആവശ്യപ്പെട്ടു. ഐസിസി ടൂർണമെന്റുകൾ കായിക സമഗ്രത, മത്സരക്ഷമത, സ്ഥിരത, നീതി എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ചില മത്സരങ്ങള്‍ ഒഴിവാക്കുന്നത് മത്സരത്തിന്റെ ‘സ്പിരിറ്റി’നെ ദുര്‍ബലപ്പെടുത്തുമെന്നും ഐസിസി വ്യക്തമാക്കി.
ദേശീയ നയങ്ങളുടെ കാര്യത്തിൽ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നിലപാടുകളെ ബഹുമാനിക്കുന്നു. എന്നാല്‍ ഈ തീരുമാനം ആഗോള ക്രിക്കറ്റിന്റെയോ പാകിസ്ഥാനിലെ ദശലക്ഷക്കണക്കിന് ആളുകൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആരാധകരുടെയോ ക്ഷേമത്തിന് വേണ്ടിയുള്ളതല്ലെന്നും ഐസിസി വിമര്‍ശിച്ചു.
Also Read: T20 World Cup 2026: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ല; സ്ഥിരീകരിച്ച് പാകിസ്ഥാന്‍
ഐസിസി പുരുഷ ടി20 ലോകകപ്പ് വിജയകരമായി നടത്തുക എന്നതാണ് ഐസിസിയുടെ മുൻഗണന. അത് പിസിബി ഉൾപ്പെടെയുള്ള എല്ലാ അംഗങ്ങളുടെയും ഉത്തരവാദിത്തമായിരിക്കണം. പിസിബി തീരുമാനം പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐസിസി പ്രസ്താവനയിലൂടെ അറിയിച്ചു.
പാകിസ്ഥാനെതിരെ കര്‍ശന നടപടി?
മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം തിരുത്തിയില്ലെങ്കില്‍ സ്വഭാവികമായും പാകിസ്ഥാനെതിരെ ഐസിസിക്ക് കര്‍ശന നടപടി സ്വീകരിക്കേണ്ടി വരും. എന്തൊക്കെ നടപടികള്‍ക്കാണ് സാധ്യതയുള്ളതെന്ന് പരിശോധിക്കാം. ടി20 ലോകകപ്പില്‍ നിന്നു പാകിസ്ഥാന് വിലക്ക് ഏര്‍പ്പെടുത്തിയേക്കാമെന്നതാണ് ഒരു സാധ്യത.
ദ്വിരാഷ്ട്ര പരമ്പരകൾ നടത്താനുള്ള അനുമതി നിഷേധിക്കല്‍, കനത്ത സാമ്പത്തിക ഉപരോധങ്ങൾ, വിദേശ കളിക്കാരുടെ പിഎസ്എല്ലിലെ പങ്കാളിത്തം വിലക്കൽ എന്നിവയും മറ്റ് ഉപരോധങ്ങളിൽ ഉൾപ്പെട്ടേക്കാം. ഐസിസി ബോർഡ് വെർച്വലായി യോഗം ചേർന്ന് പാകിസ്ഥാനെ ടൂർണമെന്റിൽ കളിക്കാൻ അനുവദിക്കണമോ എന്ന് തീരുമാനിക്കുമെന്ന് ബോർഡ് വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
പാകിസ്ഥാന് ഡബ്ല്യുടിസി പോയിന്റുകൾ നൽകാതിരിക്കാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. പാകിസ്ഥാൻ സൂപ്പർ ലീഗിന് മേൽ ഉപരോധം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പിസിബിക്ക് അത് കനത്ത സാമ്പത്തിക ആഘാതം സമ്മാനിക്കും. പാകിസ്ഥാന്‍ മത്സരം ബഹിഷ്‌കരിക്കുന്നത് ഐസിസിയുടെ ഹോസ്റ്റ് ബ്രോഡ്‌കാസ്റ്ററായ ജിയോ-സ്റ്റാറിന് ദശലക്ഷക്കണക്കിന് ഡോളർ വരുമാന നഷ്ടം ഉണ്ടാക്കാം. ഇത് പിസിബി നികത്തേണ്ടിവരും.