AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

RCB vs DC: ഐപിഎല്‍ ആരാധകര്‍ക്ക് ഇന്ന് പെട്ടെന്ന് ഉറങ്ങാം; ഏഴോവറില്‍ കളി തീര്‍ത്ത് ആര്‍സിബി

Royal Challengers Bengaluru beat Delhi Capitals by 9 wickets: ജേക്കബ് ബെഥലിന്റെ വിക്കറ്റ് മാത്രമാണ് ആര്‍സിബിക്ക് നഷ്ടമായത്. വിരാട് കോഹ്ലി 23 റണ്‍സുമായും, ദേവ്ദത്ത് പടിക്കല്‍ 34 റണ്‍സുമായും പുറത്താകാതെ നിന്നു. ഐപിഎല്ലില്‍ 9000 റണ്‍സെന്ന അപൂര്‍വ നേട്ടവും വിരാട് കോഹ്ലി സ്വന്തമാക്കി.

RCB vs DC: ഐപിഎല്‍ ആരാധകര്‍ക്ക് ഇന്ന് പെട്ടെന്ന് ഉറങ്ങാം; ഏഴോവറില്‍ കളി തീര്‍ത്ത് ആര്‍സിബി
ആര്‍സിബി താരങ്ങളുടെ ആഹ്ലാദം Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 27 Apr 2026 | 10:28 PM

ന്യൂഡല്‍ഹി, 27-04-2026: റണ്ണൊഴുകുന്ന ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ 200-ന് മുകളില്‍ സ്‌കോര്‍ പ്രതീക്ഷിക്കാത്ത ആരാധകര്‍ ഇന്ന് നന്നേ ചുരുക്കമായിരിക്കും. എന്നാല്‍ 100 റണ്‍സ് പോലും നേടാന്‍ ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിനെ ആര്‍സിബി ബൗളര്‍മാര്‍ അനുവദിച്ചില്ല. 16.3 ഓവറില്‍ 75 റണ്‍സിനാണ് ഡല്‍ഹിയെ ആര്‍സിബി ചുരുട്ടിക്കെട്ടിയത്. 6.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി കുഞ്ഞന്‍ വിജയലക്ഷ്യം മറികടന്നു. 81 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ആര്‍സിബി കൂറ്റന്‍ ജയം നേടിയത്. സ്‌കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ് 16.3 ഓവറില്‍ 75 ഓള്‍ ഔട്ട്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 6.3 ഓവറില്‍ ഒരു വിക്കറ്റിന് 77.

ഇമ്പാക്ട് പ്ലയറായെത്തി 33 പന്തില്‍ 30 റണ്‍സ് നേടിയ അഭിഷേക് പോറലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. പോറലിന്റെ പ്രകടനം കൂടിയില്ലായിരുന്നെങ്കില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറിന് പുറത്തായതിന്റെ നാണക്കേട് ഡല്‍ഹിക്ക് സ്വന്തമാകുമായിരുന്നു. 2017-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 49 റണ്‍സിന് പുറത്തായ ആര്‍സിബിയാണ് ഇപ്പോഴും ആ നാണക്കേട് പേറുന്നത്.

തുടക്കം മുതല്‍ പ്രഹരം

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ സാഹില്‍ പരാഖിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ഭുവനേശ്വര്‍ കുമാറാണ് ഡല്‍ഹിക്ക് ആദ്യ പ്രഹരം നല്‍കിയത്. റണ്‍സൊന്നുമെടുക്കാന്‍ സാഹിലിന് സാധിച്ചില്ല. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി സെഞ്ചുറി നേടിയ കെഎല്‍ രാഹുല്‍ രണ്ടാം ഓവറിലെ ആദ്യ പന്തിലും, തൊട്ടടുത്ത പന്തില്‍ സമീര്‍ റിസ്വിയും പുറത്തായി. വെറും ഒരു റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. റിസ്വി ഗോള്‍ഡന്‍ ഡക്കായിരുന്നു. ജോഷ് ഹേസല്‍വുഡാണ് ഇരുവരെയും പുറത്താക്കിയത്.

Also Read: Angkrish Raghuvanshi: ഔട്ടിന് പിന്നാലെ കട്ടക്കലിപ്പ്; ആങ്ക്രിഷ് രഘുവംശിക്ക് പിഴശിക്ഷ

മൂന്നാം ഓവറില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെയും (മൂന്ന് പന്തില്‍ അഞ്ച്), ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെയും (മൂന്ന് പന്തില്‍ പൂജ്യം) ഭുവനേശ്വര്‍ വീഴ്ത്തി. അടുത്ത ഓവറില്‍ ഒമ്പത് പന്തില്‍ ഒരു റണ്‍സെടുത്ത നിതീഷ് റാണ ഹേസല്‍വുഡിന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ ആറു വിക്കറ്റിന് എട്ടു റണ്‍സെന്ന നിലയില്‍ ഡല്‍ഹി പതറി.

തുടര്‍ന്ന് ഏവാം വിക്കറ്റില്‍ ഡേവിഡ് മില്ലറും, പോറലും നടത്തിയ രക്ഷാപ്രവര്‍ത്തനം ഡല്‍ഹിക്ക് ചെറിയ ആശ്വാസമായി. 18 പന്തില്‍ 19 റണ്‍സെടുത്ത മില്ലറിനെ ഒമ്പതാം ഓവറില്‍ റാസിക്ക് സലാം പുറത്താക്കി. തുടര്‍ന്നെത്തിയ കൈല്‍ ജാമിസണ്‍ പതിമൂന്നാം ഓവറില്‍ വീണു. ഇത്തവണ ക്രുണാല്‍ പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്. പോറലും, മില്ലറും, ജാമിസണും മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നത്.

11 പന്തില്‍ മൂന്ന് റണ്‍സെടുത്ത കുല്‍ദീപ് യാദവിനെ സുയാഷ് ശര്‍മയും, പോറലിനെ ഹേസല്‍വുഡും പുറത്താക്കിയതോടെ ഡല്‍ഹിയുടെ കഥ കഴിഞ്ഞു. റണ്‍സൊന്നുമെടുക്കാതെ ദുശ്മന്ത ചമീര പുറത്താകാതെ നിന്നു. റൊമാരിയോ ഷെപ്പേര്‍ഡ് ഒഴികെയുള്ള ബൗളര്‍മാരെല്ലാം ഡല്‍ഹിക്കായി വിക്കറ്റ് വീഴ്ത്തി. ഹേസല്‍വുഡ് നാലു വിക്കറ്റ് പിഴുതു. ഭുവനേശ്വര്‍ കുമാറിന് മൂന്ന് വിക്കറ്റ് ലഭിച്ചു.

ആര്‍സിബിയുടെ ചേസിങ്‌

അനായാസം ആര്‍സിബി

11 പന്തില്‍ 20 റണ്‍സെടുത്ത ജേക്കബ് ബെഥലിന്റെ വിക്കറ്റ് മാത്രമാണ് ആര്‍സിബിക്ക് നഷ്ടമായത്. വിരാട് കോഹ്ലി 15 പന്തില്‍ 23 റണ്‍സുമായും, ദേവ്ദത്ത് പടിക്കല്‍ 13 പന്തില്‍ 34 റണ്‍സുമായും പുറത്താകാതെ നിന്നു. ഇതോടെ ഐപിഎല്ലില്‍ 9000 റണ്‍സെന്ന അപൂര്‍വ നേട്ടവും വിരാട് കോഹ്ലി സ്വന്തമാക്കി. ഐപിഎല്ലില്‍ ഇതുവരെ മറ്റൊരു താരവും 8,000 പോലും പിന്നിട്ടിട്ടില്ല. 267 ഇന്നിങ്‌സുകളില്‍ നിന്ന് 9,012 റണ്‍സാണ് കോഹ്ലി ഇതുവരെ നേടിയത്.

Follow Us