Bengaluru-Mumbai Train: 14 മണിക്കൂര്‍ മാത്രം! ബെംഗളൂരു-മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ജൂണില്‍ സര്‍വീസ് ആരംഭിക്കും
New Bengaluru Mumbai Superfast Train Route and Karnataka Stops Revealed: വരാനിരിക്കുന്ന സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഭാവിയില്‍ വന്ദേ ഭാരത് സ്ലീപ്പറായി അപ്‌ഗ്രേഡ് ചെയ്‌തേക്കുമെന്നും പ്രഹ്‌ളാദ് ജോഷി പറഞ്ഞു. ഇക്കാര്യം റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നാണ് അദ്ദേഹം പറയുന്നത്. ജൂണ്‍ അവസാനത്തോടെ എത്തുന്ന ട്രെയിന്‍ ബെലഗാവി വഴിയുള്ള ബെംഗളൂരു-മുംബൈ കണക്ടിവിറ്റിക്ക് കൂടുതല്‍ ഊര്‍ജം പകരും.
രാജ്യത്തെ പ്രധാന ബിസിനസ് കേന്ദ്രങ്ങളായ ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിച്ച് പുതിയ ട്രെയിന്‍ എത്തുന്നു. യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു-മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നല്‍കിയതായി ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് ബെംഗളൂരു-മുംബൈ റൂട്ടില്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ഇത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കിയിരുന്നു. യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും ട്രെയിനിന് സാധിക്കുന്നതാണ്.
ബെംഗളൂരു-മുംബൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍
ബെംഗളൂരു മുതല്‍ മുംബൈ വരെയുള്ള ദൂരം 1,136 കിലോമീറ്ററാണ്. നിലവില്‍ ഏകദേശം 20 മണിക്കൂറോളം സമയമെടുത്താണ് ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. ഈ രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഏക നേരിട്ടുള്ള ട്രെയിന്‍ ഉദ്യാന്‍ എക്‌സ്പ്രസ് ആണെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ വരവ്, യാത്രാ സമയം 20 മണിക്കൂറില്‍ നിന്ന് 14 മുതല്‍ 16 കിലോമീറ്റര്‍ വരെ കുറയ്ക്കും.




ബെംഗളൂരു-മുംബൈ ട്രെയിനിന്റെ റൂട്ട്
ബെംഗളൂരു-മുംബൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ മധ്യ കര്‍ണാടക വഴിയാണ് സര്‍വീസ് നടത്തുക. തുമകുരു-ദാവാംഗരെ-ഹാവേരി-ഹുബ്ബള്ളി-ധാര്‍വാഡ്-ബെലഗാവി റൂട്ടിലായിരിക്കും ട്രെയിനിന്റെ യാത്ര. ഇത് യാത്രാ സമയം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ എവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും എന്ന കാര്യം വ്യക്തമല്ല. ഇതുവഴിയുള്ള ട്രെയിനിന്റെ സഞ്ചാരം ബെലഗാവി, ഹുബ്ബള്ളി പോലുള്ള വളര്‍ന്നുവരുന്ന വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം വര്‍ധിപ്പിക്കും. ഈ റൂട്ട് വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും. ജോലി, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നിരവധിയാളുകളാണ് ദിനംപ്രതി ഇരുനഗരങ്ങളിലേക്കും യാത്ര ചെയ്യുന്നത്.
യാത്രക്കാര്‍ക്ക് ലോട്ടറി
ആധുനിക സൗകര്യങ്ങള്‍ ആസ്വദിച്ചുകൊണ്ടുള്ള ഒരു യാത്രയാണ് റെയില്‍വേ യാത്രക്കാര്‍ക്കായി ഇതുവഴി ഒരുക്കാന്‍ പോകുന്നത്. ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഹുബ്ബള്ളി റെയില്‍വേ സ്‌റ്റേഷന്‍ പുനരുദ്ധരിക്കും.
Also Read: Chennai Metro: ട്രെയിനുകൾ 10 മിനിറ്റ് ഇടവിട്ട്, ഗതാഗതക്കുരുക്കിൽ വലയേണ്ട; മെട്രോ രണ്ടാം ഘട്ടം ഉടൻ
ട്രെയിനിന്റെ പ്രത്യേകതകള്‍
അത്യാധുനിക സൗകര്യങ്ങളോടെയുള്ള 16 കോച്ചുകളായിരിക്കും ട്രെയിനിന് ഉണ്ടായിരിക്കുക. എല്ലാ കോച്ചുകളും എയര്‍ കണ്ടീഷന്‍ ചെയ്തതായിരിക്കും. 823 പേര്‍ക്ക് ട്രെയിനില്‍ ഒരേസമയം യാത്ര ചെയ്യാന്‍ സാധിക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും ഈ ട്രെയിനിന് സാധിക്കുന്നതാണ്. എര്‍ഗണോമിക് ആയി രൂപകല്‍പ്പന ചെയ്ത സ്ലീപ്പിങ് ബെര്‍ത്തുകളാണ് ഈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ മറ്റൊരു പ്രത്യേകത.
ഭാവിയില്‍ വന്ദേ ഭാരത് സ്ലീപ്പര്‍
വരാനിരിക്കുന്ന സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഭാവിയില്‍ വന്ദേ ഭാരത് സ്ലീപ്പറായി അപ്‌ഗ്രേഡ് ചെയ്‌തേക്കുമെന്നും പ്രഹ്‌ളാദ് ജോഷി പറഞ്ഞു. ഇക്കാര്യം റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നാണ് അദ്ദേഹം പറയുന്നത്. ജൂണ്‍ അവസാനത്തോടെ എത്തുന്ന ട്രെയിന്‍ ബെലഗാവി വഴിയുള്ള ബെംഗളൂരു-മുംബൈ കണക്ടിവിറ്റിക്ക് കൂടുതല്‍ ഊര്‍ജം പകരും.
English Summary
Indian Railways is set to launch a new superfast train service between Bengaluru and Mumbai in June, reducing travel time to around 14 hours. The railway authorities have also revealed the major stops in Karnataka along the route.