8th Pay Commission: പെൻഷൻ വർദ്ധനവ് മുടങ്ങിയേക്കാം! 8-ാം ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ നിരാശയോ?
8th Pay Commission Updates: രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇനിയും മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നേക്കും. നിലവിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നുണ്ട്. പുറത്ത് വരുന്ന ഓരോ അപ്ഡേറ്റുകളും ജീവനക്കാരുടെ പ്രതീക്ഷ കൂട്ടുകയാണ്.

എട്ടാം ശമ്പള കമ്മീഷന്റെ വരവോടെ തങ്ങളുടെ പെൻഷൻ തുകയിൽ വലിയൊരു വർധനവ് പ്രതീക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ പെൻഷൻകാർ ഇപ്പോൾ കടുത്ത ആശങ്കയിലാണ്. 2026 ജനുവരി ഒന്നിന് മുൻപ് വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിലെ അവ്യക്തതയാണ് ഈ ആശങ്കയ്ക്ക് പ്രധാന കാരണം. (Image Credit source: Getty Images)

കേന്ദ്ര സർക്കാർ പുറത്തിറക്കിയ എട്ടാം ശമ്പള കമ്മീഷന്റെ ഔദ്യോഗിക 'ടേംസ് ഓഫ് റഫറൻസ്' (ToR) രേഖയിൽ നിലവിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ, ഇതിനകം വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണത്തെക്കുറിച്ച് ഈ രേഖയിൽ ഒരു വരി പോലും പരാമർശിച്ചിട്ടില്ല. ഇതാണ് പെൻഷൻകാർക്കിടയിൽ വ്യാപകമായ പരിഭ്രാന്തി പടർത്തുന്നത്.

വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഭാരത് പെൻഷനേഴ്സ് സമാജം, ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ തുടങ്ങിയ പ്രമുഖ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പെൻഷൻ എന്നത് സർക്കാർ നൽകുന്ന ഒരു ഔദാര്യമല്ലെന്നും, വർഷങ്ങളോളം സേവനമനുഷ്ഠിച്ചവർക്ക് ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശമാണെന്നും ഇവർ ഓർമ്മിപ്പിക്കുന്നു. ഔദ്യോഗിക വിജ്ഞാപനത്തിൽ അടിയന്തരമായി ഭേദഗതി വരുത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

അതേസമയം, സോഷ്യൽ മീഡിയയിലും വാട്സാപ്പ് ഗ്രൂപ്പുകളിലും മിനിമം പെൻഷൻ 21,600 രൂപയാകുമെന്നോ 25,000 രൂപയാകുമെന്നോ ഒക്കെയുള്ള തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇത്തരം ഊഹാപോഹങ്ങളെ വിശ്വസിക്കരുതെന്നും, ഔദ്യോഗിക സർക്കാർ അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും പെൻഷൻകാർക്ക് മുന്നറിയിപ്പുണ്ട്.

പുതിയ ശമ്പള ഘടന 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് നടപ്പിലാക്കാൻ കാലതാമസം നേരിട്ടാൽ, മുൻകാല പ്രാബല്യത്തോടെ ജീവനക്കാർക്ക് വലിയൊരു തുക ശമ്പള കുടിശ്ശികയായി ലഭിച്ചേക്കാം. ഏഴാം ശമ്പള കമ്മീഷന്റെ സമയത്തുണ്ടായ അനുഭവത്തിൽ നിന്നാണ് വലിയൊരു തുക കുടിശ്ശികയായി ലഭിക്കുമെന്ന നിഗമനത്തിൽ വിദഗ്ധർ എത്തിച്ചേരുന്നത്.