Fashion Tips: കസവ് സാരിയുണ്ടോ? എങ്കിൽ ഈ ടെമ്പിൾ ജ്വല്ലറികൾ കൂടി പരീക്ഷിക്കൂ, ലുക്ക് മാറും!
Onam 2026 Fashion Tips: ഓണം പടിവാതിൽക്കൽ എത്തിയതോടെ വിപണികളിൽ കസവ് സാരികളും എത്തിതുടങ്ങി. ഓണത്തിന് കസവ് സാരി എന്നതിൽ സംശയമില്ല, പക്ഷേ അതിനോടൊപ്പം ആഭരണങ്ങളേത് ധരിക്കും? എന്നാൽ ഇനി ആ ആശങ്ക വേണ്ട, കസവ് സാരിയോടൊപ്പം ഏത് തരം ടെമ്പിൾ ആഭരണങ്ങൾ തിരഞ്ഞെടുക്കണം, അവ എങ്ങനെ മനോഹരമായി സ്റ്റൈൽ ചെയ്യാം എന്ന് നോക്കിയാലോ...

കേരളത്തിന്റെ തനത് കസവ് സാരികൾക്കൊപ്പം ടെമ്പിൾ ജ്വല്ലറികൾ അണിയുന്നത് ഒരു ക്ലാസിക് കോമ്പിനേഷനാണ്. കസവ് സാരിയുടെ ഗോൾഡൻ ബോർഡറിനൊപ്പം ഏറ്റവും കൂടുതൽ ഇണങ്ങുന്നത് ആന്റിക് ഫിനിഷുള്ള ടെമ്പിൾ ആഭരണങ്ങളാണ്. ഇത് അധികം തിളങ്ങി നിൽക്കാതെ തന്നെ നിങ്ങൾക്ക് കിടിലം ലുക്ക് നൽകുന്നതാണ്. (Image Credit source: Getty Images)

അതുപോലെ, ഹാലക്ഷ്മിയുടെയോ മറ്റ് ദേവീദേവന്മാരുടെയോ രൂപങ്ങൾ പതിപ്പിച്ച നെക്ലേസുകളും കാതിലകളും കസവ് സാരിയുടെ കൂടെ അണിയാൻ ഏറ്റവും മികച്ചതാണ്. ചുവപ്പ്, പച്ച കല്ലുകളോ ചെറിയ വെളുത്ത മുത്തുകളോ പതിപ്പിച്ച ടെമ്പിൾ ജ്വല്ലറി ധരിക്കുന്നതും സാരിക്ക് നല്ലൊരു കളർ കോൺട്രാസ്റ്റ് നൽകും.

നിങ്ങൾ തിരഞ്ഞെടുക്കുന്ന ബ്ലൗസിന്റെ ഡിസൈനും കഴുത്തിന്റെ വെട്ടും അനുസരിച്ച് വേണം ആഭരണങ്ങൾ സ്റ്റൈൽ ചെയ്യാൻ. ബോട്ട് നെക്ക് അല്ലെങ്കിൽ ഹൈ നെക്ക് ബ്ലൗസിന് കഴുത്തിനോട് ചേർന്ന് നിൽക്കുന്ന ചോക്കറുകൾക്ക് പകരം നീളമുള്ള ദേവീ രൂപങ്ങളുള്ള മാലയോ അല്ലെങ്കിൽ അല്പം വലിയ പെൻഡന്റുള്ള മാലകളോ തിരഞ്ഞെടുക്കുക.

ഡീപ് കഴുത്തുള്ള ബ്ലൗസുകൾക്കൊപ്പം ടെമ്പിൾ ചോക്കറുകൾ ധരിക്കാം. കഴുത്തിനോട് ചേർന്ന് നിൽക്കുന്ന ലക്ഷ്മി ചോക്കറുകൾക്കൊപ്പം കാതിൽ വലിയൊരു ജുംക്ക കൂടി ഇടാവുന്നതാണ്. കഴുത്ത് ഒഴിഞ്ഞു കിടക്കുന്നത് ഒഴിവാക്കാൻ ഒരു ചെറിയ ചോക്കറും അതിനൊപ്പം അല്പം നീളമുള്ള മറ്റൊരു ടെമ്പിൾ മാലയും ഒരുമിച്ച് ധരിക്കാവുന്നതുമാണ്.

അതേസമയം, ഓണാഘോഷങ്ങൾക്കോ മറ്റ് ലളിതമായ ചടങ്ങുകൾക്കോ പോകുമ്പോൾ കസവ് സാരിക്കൊപ്പം കനത്ത ആഭരണങ്ങൾ ഒഴിവാക്കാം. ഒരു ചെറിയ ടെമ്പിൾ പെൻഡന്റുള്ള മാലയും അതിനൊപ്പം ചെറിയൊരു സ്റ്റഡ്ഡ് കമ്മലോ ജുംക്കയോ മാത്രം ധരിക്കുക.