നേരിട്ട് കാണില്ലെങ്കിലും അഴുക്കുണ്ട്! സ്മാർട്ട്ഫോൺ സിംപിളായി ക്ലീൻ ചെയ്യാം, ഈ ടിപ്സ് ഓർത്താൽ മതി
Smartphone Cleaning: ഒറ്റനോട്ടത്തിൽ ക്ലീൻ ആണെന്ന് തോന്നുമെങ്കിലും നമ്മുടെ സ്മാർട്ട്ഫോണിൽ നിരവധി അഴുക്കുകൾ പറ്റിയിരുപ്പുണ്ട് എന്നതാണ് സത്യം. പൊടിയാണ് നമ്മുടെ ഫോണിന്റെ പ്രധാന ശത്രു, പ്രത്യേകിച്ച് ക്യാമറയ്ക്ക്. പൊടിപിടിച്ച ലെൻസുകൾ വൃത്തിയാക്കാൻ ക്ലീനിങ് പെൻ അല്ലെങ്കിൽ സോഫ്റ്റ് ആയ ചെറിയ ബ്രഷുകൾ ഉപയോഗിക്കുക. വിരൽപ്പാടുകളും ക്യാമറയ്ക്ക് തലവേദനയാണ്. ഇത് പരിഹരിക്കാൻ മൈക്രോ ഫൈബർ ക്ലോത്ത് ഉപയോഗിച്ച് ക്ലീൻ ചെയ്യുക.

ഇന്ന് നമ്മൾ എല്ലാവരും എപ്പോഴും കൈയിൽ കൊണ്ടുനടക്കുന്ന ഒന്നാണ് സ്മാർട്ട്ഫോൺ. എപ്പോഴും കൈയിൽ പിടിക്കുക മാത്രമല്ല, ചില ഘട്ടങ്ങളിൽ പ്രത്യക്ഷത്തിൽ വൃത്തിയുള്ളത് എന്ന് തോന്നുന്ന പലയിടത്തും നമ്മൾ ഫോൺ വയ്ക്കുകയും ചെയ്യാറുണ്ട്. ചിലരാകട്ടെ ബാത്ത്റൂമിൽ ഉൾപ്പെടെ ഫോൺ കൊണ്ടുപോകാറുമുണ്ട്. ഒറ്റനോട്ടത്തിൽ ക്ലീൻ ആണെന്ന് തോന്നുമെങ്കിലും നമ്മുടെ സ്മാർട്ട്ഫോണിൽ നിരവധി അഴുക്കുകൾ പറ്റിയിരുപ്പുണ്ട് എന്നതാണ് സത്യം.

കവർ ഇട്ടിട്ടുണ്ട് എന്നതിനാൽ ഫോൺ ക്ലീനാണ് എന്ന് അർഥമില്ല. ഇടയ്ക്കിടയ്ക്ക് കവർ ഊരി ഫോണും കവറും വൃത്തിയാക്കേണ്ടതുണ്ട്. എന്നാൽ അശ്രദ്ധമായി വൃത്തിയാക്കുന്നത് ലെൻസിൽ പോറൽ വീഴുന്നതു പോലുള്ള പ്രശ്നങ്ങൾ വരുത്തിവയ്ക്കും. ഫോണിലെ ക്യാമറയുടെ കാര്യമെടുത്താൽ ഏറ്റവും വലിയ ശത്രുവാണ് പൊടി. പൊടിപിടിച്ച ലെൻസുകൾ വൃത്തിയാക്കാൻ ക്ലീനിങ് പെൻ അല്ലെങ്കിൽ സോഫ്റ്റ് ആയ ചെറിയ ബ്രഷുകൾ ഉപയോഗിക്കുക.

നമ്മുടെ വിരൽപ്പാടുകളും ക്യാമറയ്ക്ക് തലവേദനയാണ്. ഇത് പരിഹരിക്കാൻ മൈക്രോ ഫൈബർ ക്ലോത്ത് ഉപയോഗിച്ച് ലെൻസ് വൃത്തിയായി ക്ലീൻ ചെയ്യുക. ടിഷ്യൂ പേപ്പറുകൾ പോലെയുള്ളവ ഉപയോഗിച്ചാൽ പൊടി പടലങ്ങൾ ബാക്കിയാകും. മൈക്രോ ഫൈബർ ക്ലോത്ത് ഇല്ലെങ്കിൽ മൃദുവായ ക്ലോത്തും ഉപയോഗിക്കാം. പക്ഷേ ഫാബ്രിക് സോഫ്റ്റനറുകൾ ഉപയോഗിച്ച് കഴുകിയ തുണികൾ ക്യാമറ ലെൻസിൽ വരകളും പാടുകളും വീഴാൻ കാരണമാകും.

സ്മാർട്ട്ഫോൺ ക്യാമറ ലെൻസിന്റെ വശങ്ങളിലും മറ്റും പറ്റിപ്പിടിച്ച കടുത്ത അഴുക്കുകൾ കളയാൻ ലെൻസ് വൈപ്പുകളാണ് അനുയോജ്യം. ക്യാമറ ലെൻസിൽ ഒരു കാരണവശാലും സാധാരണ വെറ്റ് വൈപ്പുകൾ ഉപയോഗിക്കരുത്. ലെൻസ് വൈപ്പുകൾ കിട്ടിയില്ലെങ്കിൽ ലെൻസ് ക്ലീനർ മൈക്രോഫൈബർ ക്ലോത്തിന്റെ ഒരു മൂലയിൽ പുരട്ടി ഉപയോഗിക്കാം. 70 ശതമാനം ഐസോപ്രോപൈൽ ആൽക്കഹോളും ഡിസ്റ്റിൽഡ് വാട്ടറും 50:50 അനുപാതത്തിൽ മിക്സ് ചെയ്ത് ലെൻസ് ക്ലീനർ സ്വയം നിർമ്മിക്കാം.

ലെൻസ് തുടയ്ക്കുമ്പോൾ അമർത്താതെ, വളരെ പതുക്കെ വൃത്താകൃതിയിൽ തുടയ്ക്കുക. ഇത് പൊടിയും വിരലടയാളങ്ങളും എളുപ്പം മാറ്റാൻ സഹായിക്കും. ലെൻസിനുള്ളിൽ മഞ്ഞ് പോലെ കാണുന്നെങ്കിൽ ക്യാമറ മൊഡ്യൂളിനുള്ളിൽ ഈർപ്പം കയറിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഫോൺ ഓഫ് ചെയ്ത് സിലിക്ക ജെൽ പാക്കറ്റുകൾക്കൊപ്പം എയർടൈറ്റ് ആയിട്ടുള്ള പാത്രങ്ങളിലോ ബോക്സുകളിലോ 24 മണിക്കൂർ വയ്ക്കുന്നത് ഉപകരിക്കും. ഇത് വിജയിച്ചില്ലെങ്കിൽ സർവീസ് സെന്ററിലേക്ക് കൊണ്ട് പോകുക.

കവർ വൃത്തിയാക്കാൻ പല വഴികളുണ്ട്. ഒരു പാത്രത്തിൽ അല്പം ചെറുചൂടുവെള്ളമെടുത്ത് അതിൽ ഡിഷ് വാഷിംഗ് ലിക്വിഡോ മൈൽഡ് സോപ്പോ ചേർത്ത് അതിൽ മുക്കി പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് കവർ കഴുകാം. സിലിക്കൺ കവറുകളിലെ മഞ്ഞനിറം മാറ്റാൻ അല്പം ബേക്കിംഗ് സോഡ കവറിന്മേൽ വിതറി നനഞ്ഞ ബ്രഷ് കൊണ്ട് നന്നായി ഉരയ്ക്കുക. ലെതർ കവറുകളാണെങ്കിൽ വെള്ളത്തിൽ മുക്കാതെ, നേരിയ ഈർപ്പമുള്ള വൃത്തിയുള്ള തുണിവച്ച് തുടയ്ക്കുക. തിളക്കം നിലനിർത്താൻ ലെതർ കണ്ടീഷണറുകൾ ഉപയോഗിക്കാവുന്നതാണ്. കവർ കഴുകിയെങ്കിൽ അത് പൂർണ്ണമായും ഉണങ്ങി എന്ന് ഉറപ്പുവരുത്തണം, അല്ലെങ്കിൽ ഈർപ്പം ഫോണിന് തകരാർ വരുത്തിയേക്കാം.