Home Construction: കനത്ത മഴയിലും വെയിലിലും നിങ്ങളുടെ വീട് സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ എടുക്കാൻ മറക്കരുത്
Home Construction Tips: കാലാവസ്ഥാ വ്യതിയാനം ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചുതുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ, മാറുന്ന ഈ കാലാവസ്ഥയെ പ്രതിരോധിക്കാൻ തക്കവണ്ണം നമ്മുടെ വീടുകളെ ഒരുക്കേണ്ടത് അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നു. പുതിയ വീട് വയ്ക്കുമ്പോഴോ പുതുക്കുമ്പോഴോ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞാലോ

വേനലിൽ വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ മേൽക്കൂരകളിൽ പ്രത്യേക ശ്രദ്ധ നൽകണം. കോൺക്രീറ്റ് മേൽക്കൂരയ്ക്ക് മുകളിൽ ചൂട് പ്രതിഫലിപ്പിക്കുന്ന 'സോളാർ റിഫ്ലെക്റ്റീവ്' പെയിന്റുകൾ അടിക്കുന്നത് വീടിനുള്ളിലെ താപനില വലിയ തോതിൽ കുറയ്ക്കും. ടെറസിന് മുകളിൽ ചെറിയ രീതിയിൽ കൃഷി ചെയ്യുന്നതും നല്ലതാണ്. ( Image Credit source: Getty Images)

എയർ കണ്ടീഷണറുകളെ അമിതമായി ആശ്രയിക്കാതെ തന്നെ വീട് തണുപ്പിച്ചു നിർത്താൻ കൃത്യമായ വായുസഞ്ചാരം സഹായിക്കുന്നതാണ്. ജനലുകളും വെന്റിലേറ്ററുകളും പരസ്പരം അഭിമുഖമായി വരുന്ന രീതിയിൽ ക്രമീകരിക്കുക. ഇത് ചൂടുവായു പുറത്തുപോവുകയും തണുത്ത വായു അകത്തേക്ക് പ്രവേശിക്കുകയും ചെയ്യും.

അതുപോലെ, മേൽക്കൂരയിൽ വീഴുന്ന വെള്ളം കൃത്യമായി ഒഴുക്കിക്കളയാൻ തക്കവണ്ണമുള്ള പൈപ്പുകൾ സ്ഥാപിക്കുക. അവയിൽ ഇലകളും മറ്റും അടിഞ്ഞുകൂടി തടസ്സമില്ലെന്ന് ഉറപ്പുവരുത്തണം. മുറ്റത്ത് ഇന്റർലോക്ക് കട്ടകൾ പൂർണ്ണമായി പാകുന്നതിന് പകരം മഴവെള്ളം മണ്ണിലേക്ക് ഇറങ്ങാൻ സഹായിക്കുന്ന 'ഗ്രാസ് പേവറുകളോ' തറയോടുകളോ ഉപയോഗിക്കാം.

വീടിന്റെ പടിഞ്ഞാറ്, തെക്ക് വശങ്ങളിൽ തണൽ നൽകുന്ന മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത് ഉച്ചതിരിഞ്ഞുള്ള കടുത്ത വെയിലിൽ നിന്ന് വീടിന് സംരക്ഷണം നൽകും. ജനൽപ്പാടികളിലും ബാൽക്കണിയിലും ലാൻഡ്സ്കേപ്പിങ് പ്ലാന്റുകൾ വളർത്തുന്നതും ഉത്തമമാണ്.

പുതിയ വീട് നിർമ്മിക്കുമ്പോഴോ പുതുക്കുമ്പോഴോ പ്രാദേശികമായി ലഭിക്കുന്നതും പ്രകൃതിക്ക് ഇണങ്ങുന്നതുമായ സാമഗ്രികൾ ഉപയോഗിക്കുക. വെട്ടുകല്ല്, മൺകട്ടകൾ തുടങ്ങിയവ കോൺക്രീറ്റിനേക്കാൾ ചൂട് കുറവ് നിലനിർത്തുന്നവയാണ്. അതിനാൽ അവ ഉപയോഗിക്കാം.