Chapati Shawarma Recipe: ഡയറ്റിലാണെങ്കിലും ഇനി ഷവർമ്മ കഴിക്കാം; ജിം പ്രേമികൾക്കായി ഹൈ-പ്രോട്ടീൻ ചപ്പാത്തി ഷവർമ്മയും ഹെൽത്തി ഗാർലിക് ഡിപ്പും
Craving Shawarma on a Diet? Try This High-Protein Chicken Chapati Shawarma: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നവരും കൃത്യമായ ഡയറ്റ് പിന്തുടരുന്നവരും സാധാരണയായി ഒഴിവാക്കുന്ന ഭക്ഷണമാണ് ഷവർമ്മ. കടകളിൽ നിന്ന് വാങ്ങുന്ന ഷവർമ്മയിലെ മൈദയും അമിതമായി എണ്ണ അടങ്ങിയ മയോണൈസുമാണ് ഫിറ്റ്നസ് പ്രേമികളെ ഇതിൽ നിന്ന് അകറ്റുന്നത്. എന്നാൽ വീട്ടിൽ തന്നെ ഈസിയായി ഹൈ-പ്രോട്ടീൻ ചപ്പാത്തി ഷവർമ്മയും ഹെൽത്തി ഗാർലിക് ഡിപ്പും തയ്യാറാക്കാവുന്നതേയൊള്ളു.

ഈ ഡയറ്റ് ഷവർമ്മ തയ്യാറാക്കാൻ ആദ്യം വേണ്ടത് കൊഴുപ്പ് കുറഞ്ഞതും ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയതുമായ ചിക്കൻ്റെ ചെസ്റ്റ് പീസാണ്. വൃത്തിയാക്കി എടുത്ത ചിക്കൻ കഷ്ണങ്ങളിലേക്ക് ആവശ്യത്തിന് മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, ത്തൈര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി പുരട്ടി യോജിപ്പിക്കുക. മസാലകൾ ചിക്കനിൽ കൃത്യമായി പിടിക്കുന്നതിനായി ഈ കൂട്ട് ഒരു മണിക്കൂർ നേരം ഫ്രിഡ്ജിൽ വെക്കാം. (Image Credit Source: Unsplash)

ഇതിന് ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് അല്പം ബട്ടർ ഇട്ടുകൊടുക്കുക. ചെറുതായി അരിഞ്ഞെടുത്ത ക്യാബേജ്, ക്യാരറ്റ്, ക്യാപ്സിക്കം, സവാള എന്നിവ പാനിലിട്ട് ചെറുതായി ഒന്ന് വഴറ്റി മാറ്റിവെക്കണം. തുടർന്ന് അതേ പാനിൽ തന്നെ കുറച്ച് ബട്ടർ കൂടി ചേർത്ത്, ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് തണുപ്പ് മാറ്റിയ ചിക്കൻ നന്നായി ഫ്രൈ ചെയ്തെടുത്ത ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം

ഷവർമ്മയ്ക്ക് രുചി കൂട്ടാൻ എണ്ണ ഒട്ടും ചേർക്കാത്ത പ്രോട്ടീൻ സമ്പുഷ്ടമായ ഹെൽത്തി ഗാർലിക് ഡിപ്പ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. പുഴുങ്ങിയ മൂന്ന് മുട്ടയുടെ വെള്ള, ഒരു സ്പൂൺ ചില്ലി ഫ്ലേക്സ്, ഒരു നുള്ള് ഉപ്പ്, മൂന്ന് വെളുത്തുള്ളി അല്ലി, ഒരു സ്പൂൺ വിനാഗിരി, അര ഗ്ലാസ് പാൽ എന്നിവ ഒരു ബ്ലെൻഡറിലിട്ട് നന്നായി അടിച്ചെടുത്താൽ ഹെൽത്തി ആൻഡ് ക്രീമി മയോണൈസ് റെഡി.

ഇനി സാധാരണ ഗോതമ്പ് ചപ്പാത്തി എടുത്ത് അതിന് മുകളിലായി തയ്യാറാക്കി വെച്ച ഹെൽത്തി ഗാർലിക് മയോണൈസ് നന്നായി തേച്ചുപിടിപ്പിക്കുക. ഇതിന് മുകളിലേക്ക് വഴറ്റി വെച്ച പച്ചക്കറികളും അരിഞ്ഞു വെച്ച ചിക്കൻ കഷ്ണങ്ങളും കൃത്യമായി നിരത്തണം. ഷവർമ്മയ്ക്ക് അല്പം രുചി ലഭിക്കാൻ മുകളിൽ കുറച്ചുകൂടി ഗാർലിക് ഡിപ്പ് ചേർത്ത ശേഷം ചപ്പാത്തി ഭംഗിയായി മടക്കി എടുത്താൽ വിഭവം റെഡി.

ചിക്കൻ ചെസ്റ്റ് പീസും പുഴുങ്ങിയ മുട്ടയുടെ വെള്ളയും പാലും ചേരുന്നതിനാൽ പേശികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഉയർന്ന പ്രോട്ടീൻ ഈ വിഭവത്തിൽ നിന്ന് ലഭിക്കും. മൈദയ്ക്ക് പകരം ഗോതമ്പ് ചപ്പാത്തിയും പച്ചക്കറികളും ഉൾപ്പെടുത്തിയതിനാൽ ഡയറ്റ് തെറ്റാതെ തന്നെ ജിം പ്രേമികൾക്ക് ഇത് ധൈര്യമായി കഴിക്കാം. ഈ ഹെൽത്തി ഗാർലിക് ഡിപ്പ് സാലഡിനൊപ്പം ചേർത്തും കഴിക്കാവുന്നതാണ്.