India vs New Zealand: കുതിച്ചോടിയ ന്യൂസീലൻഡിനെ പിടിച്ചുകെട്ടി ഇന്ത്യ; വിജയലക്ഷ്യം 209 റൺസ്
New Zealand Innings vs India: രണ്ടാം ടി20യിൽ ഇന്ത്യക്കെതിരെ ന്യൂസീലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്.

ഇന്ത്യ - ന്യൂസീലൻഡ്
ന്യൂസീലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 209 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 208 റൺസാണ് നേടിയത്. കൂറ്റൻ സ്കോറിലേക്ക് കുതിച്ച കിവീസിനെ മധ്യ ഓവറുകൾ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. 47 റൺസ് നേടിയ മിച്ചൽ സാൻ്റ്നർ ആണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ.
ഡെവോൺ കോൺവെയും ടിം സെയ്ഫർട്ടും ചേർന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് തന്നെ ന്യൂസീലൻഡിന് ഗംഭീര തുടക്കം നൽകി. 43 റൺസിൻ്റെ കൂട്ടുകെട്ടിന് ശേഷം ഡെവോൺ കോൺവെയെ (9 പന്തിൽ 19) വീഴ്ത്തി ഹർഷിത് റാണയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 13 പന്തിൽ 24 റൺസ് നേടിയ സെയ്ഫർട്ടിനെ വരുൺ ചക്രവർത്തി വീഴ്ത്തി.
Also Read: India vs New Zealand: ബുംറയ്ക്ക് വിശ്രമം; കുൽദീപ് യാദവ് ടീമിൽ: രണ്ടാം ടി20യിൽ ന്യൂസീലഡിന് ബാറ്റിംഗ്
മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന രചിൻ രവീന്ദ്ര – ഗ്ലെൻ ഫിലിപ്സ് സഖ്യവും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. രവീന്ദ്ര തകർപ്പൻ ഫോമിലായിരുന്നു. 55 റൺസ് നീണ്ട കൂട്ടുകെട്ട് ഒടുവിൽ കുൽദീപ് യാദവ് അവസാനിപ്പിച്ചു. 13 പന്തിൽ 19 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സിനെ മടക്കിയാണ് കുൽദീപ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. പിന്നാലെ ഡാരിൽ മിച്ചൽ (11 പന്തിൽ 18), രചിൻ രവീന്ദ്ര (26 പന്തിൽ 44) എന്നിവർ യഥാക്രമം ശിവം ദുബെയ്ക്കും കുൽദീപ് യാദവിനും മുന്നിൽ വീണു.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെന്ന നിലയിൽ നിന്ന് ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നറാണ് പിന്നീട് ന്യൂസീലൻഡ് സ്കോർ മുന്നോട്ടുനയിച്ചത്. ഇടയ്ക്കിടെ അനായാസം ബൗണ്ടറികൾ കണ്ടെത്തിയ താരം കിവീസിനെ മികച്ച സ്കോറിലേക്ക് നയിച്ചു. ഇതിനിടെ മാർക്ക് ചാപ്മാനെ (10) ഹാർദിക് പാണ്ഡ്യ വീഴ്ത്തിയിരുന്നു. 27 പന്തിൽ 47 റൺസുമായി മിച്ചൽ സാൻ്റ്നറും 8 പന്തിൽ 15 റൺസുമായി സകാരി ഫോക്സും പുറത്താവാതെ നിന്നു.