Actor Darshan: ‘കയ്യിൽ പൂപ്പൽ, മുഷിഞ്ഞ വസ്ത്രങ്ങൾ, ജയിൽ ജീവിതം ദുസ്സഹം’; വിഷം തന്ന് കൊലപ്പെടുത്തണമെന്ന് നടൻ ദർശൻ്റെ അപേക്ഷ
Actor Darshan Asks For Poison: തനിക്ക് വിഷം തന്ന് കൊലപ്പെടുത്തണമെന്ന് നടൻ ദർശൻ. ജയിലിൽ വലിയ ബുദ്ധിമുട്ടാണെന്നും ഇങ്ങനെ ജീവിക്കാൻ കഴിയില്ലെന്നും ദർശൻ പറഞ്ഞു.

ദർശൻ
ജയിൽ ജീവിതം ദുസ്സഹമെന്ന് നടൻ ദർശൻ. രേണുകാസ്വാമി കൊലക്കേസിൻ്റെ പ്രതിമാസ വാദം കേൾക്കലിനിടെയാണ് സംഭവം. ജയിലിൽ നിന്ന് വിഡിയോ കോളിലൂടെ വാദം കേൾക്കുന്നതിനിടെ താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ദർശൻ തുറന്നുപറയുകയായിരുന്നു. സുഹൃത്തായ പവിത്രഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നാരോപിച്ച് രേണുകാസ്വാമി എന്ന തൻ്റെ ആരാധകനെ ദർശനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയെന്നതാണ് കേസ്.
ദിവസങ്ങളായ താൻ സൂര്യപ്രകാശം കണ്ടിട്ടില്ലെന്ന് ദർശൻ കോടതിയോട് പറഞ്ഞു. കൈകളിൽ പൂപ്പലാണ്. വസ്ത്രങ്ങളൊക്കെ മുഷിഞ്ഞ് ദുർഗന്ധം വരുന്നു. ഇങ്ങനെ ജീവിക്കാൻ കഴിയില്ല. ദയവായി തനിക്ക് വിഷം നൽകണം. ജീവിതം അസഹനീയമായിരിക്കുകയാണ്. ഈ അവസ്ഥയിൽ തനിക്ക് അതിജീവിക്കാനാവില്ല. തനിക്ക് മാത്രമായെങ്കിലും വിഷം നൽകണമെന്നും ദർശൻ പറഞ്ഞു. എന്നാൽ, അതൊന്നും ചെയ്തുതരാൻ കഴിയില്ല എന്ന് കോടതി പറഞ്ഞു.
Also Read: CP Radhakrishnan: സസ്‌പെൻസുകളില്ല, സിപി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി
33 വയസുകാരനായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ 2024ലാണ് ദർശൻ അറസ്റ്റിലായത്. ചിത്രഗുർഗ സ്വദേശിയായ ഇയാൾ ദർശൻ്റെ കടുത്ത ആരാധകനായിരുന്നു. ദർശൻ്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് രേണുകസ്വാമി അശ്ലീല സന്ദേശങ്ങൾ അയച്ചു എന്നാണ് പോലീസ് പറയുന്നത്. ഇതോടെയാണ് രേണുകസ്വാമിയെ ദർശനും ഒരു കൂട്ടം ആളുകളും ചേർന്ന് തട്ടിക്കൊണ്ടുപോയി ബെംഗളൂരുവിലെ ഷെഡിൽ പാർപ്പിച്ച് ക്രൂരമായി ഉപദ്രവിച്ചത്. ഇയാളെ കരണ്ടടിപ്പിച്ചും ബെൽറ്റ് കൊണ്ട് അടിച്ചും ഉപദ്രവിച്ചു. ക്രൂരമർദ്ദനത്തെ തുടർന്ന് രേണുകസ്വാമി കൊല്ലപ്പെടുകയും ചെയ്തു.
2024 ഡിസംബറിൽ കർണാടക ഹൈക്കോടതി നടന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, 2025 ഓഗസ്റ്റിൽ സുപ്രീം കോടതി ജാമ്യം റദ്ദാക്കി. തളിവ് നശിപ്പിച്ചതടക്കമുള്ള ഗുരുതര ആശങ്കകളാണ് കോടതി പങ്കുവച്ചത്.