AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CP Radhakrishnan: സസ്‌പെന്‍സുകളില്ല, സിപി രാധാകൃഷ്ണന്‍ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

CP Radhakrishnan New Vice President of India: പുതിയ ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ ബി. സുദര്‍ശന്‍ റെഡ്ഡിയെയാണ് രാധാകൃഷ്ണന്‍ തോല്‍പിച്ചത്

CP Radhakrishnan: സസ്‌പെന്‍സുകളില്ല, സിപി രാധാകൃഷ്ണന്‍ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി
സിപി രാധാകൃഷ്ണന്‍ Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 09 Sep 2025 20:17 PM

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ ബി. സുദര്‍ശന്‍ റെഡ്ഡിയെയാണ് രാധാകൃഷ്ണന്‍ തോല്‍പിച്ചത്. ആകെ രേഖപ്പെടുത്തിയ 767 വോട്ടുകളില്‍ രാധാകൃഷ്ണന്‍ 452 വോട്ടുകള്‍ നേടി. 300 വോട്ടുകളാണ് സുദര്‍ശന്‍ റെഡ്ഡിക്ക് ലഭിച്ചത്. പ്രതിപക്ഷത്ത് വോട്ടുചോര്‍ച്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്‌. ജഗദീപ് ധന്‍കര്‍ രാജിവച്ചതാണ് പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. രാവിലെ 10ന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചു.

ആറു മണിയോടെ വോട്ടെണ്ണല്‍ തുടങ്ങി. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ വോട്ട് ചെയ്തു. ആദ്യം വോട്ട് ചെയ്തവരില്‍ ഒരാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. വോട്ട് ചെയ്യാന്‍ എംപിമാര്‍ക്ക് പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം പരിശീലനം നല്‍കിയിരുന്നു. ബിആര്‍എസ്, ബിജെഡി, അകാലിദള്‍ പാര്‍ട്ടികളുടെ എംപിമാര്‍ വിട്ടുനിന്നു. 13 പേരാണ് വോട്ട് ചെയ്യാത്തത്. എന്‍ഡിഎയുടെ 427 എംപിമാര്‍ വോട്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷത്തിന്റെ 315 എംപിമാര്‍ വോട്ട് ചെയ്തതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

ആര്‍എസ്എസിലൂടെ തുടക്കം

തമിഴ്‌നാട് സ്വദേശിയായ സിപി രാധാകൃഷ്ണന്‍ തിരുപ്പൂരിലാണ് ജനിച്ചത്. 1957 ഒക്ടോബര്‍ 20നായിരുന്നു ജനനം. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം സ്വന്തമാക്കിയിട്ടുണ്ട്‌. നാല് പതിറ്റാണ്ടിലേറെയായി പൊതുരംഗത്തുള്ള രാധാകൃഷ്ണന്‍ ആര്‍എസ്എസ്, ജനസംഘം എന്നിവയിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. 1974ല്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ ബിജെപിയുടെ തമിഴ്‌നാട് സെക്രട്ടറിയായി രാധാകൃഷ്ണനെ നിയമിച്ചു.

രണ്ടു തവണ കോയമ്പത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിച്ചു. പിന്നീട് ബിജെപി തമിഴ്‌നാട് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 93 ദിവസം നീണ്ടുനിന്ന രഥയാത്രയ്ക്ക് നേതൃത്വം നല്‍കി ശ്രദ്ധേയനായി. കയര്‍ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയാണ് രാധാകൃഷ്ണന്‍. 2020-2022 കാലഘട്ടത്തില്‍ പാര്‍ട്ടിയുടെ കേരളഘടകത്തിന്റെ ‘ഇന്‍ ചാര്‍ജാ’യി (പ്രഭാരി)രുന്നു.

2023 ഫെബ്രുവരി 18നാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിക്കപ്പെട്ടത്. പിന്നീട് തെലങ്കാനയുടെ ഗവര്‍ണറായും പ്രവര്‍ത്തിച്ചു. പുതുച്ചേരി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ ചുമതലയും രാധാകൃഷ്ണനെ തേടിയെത്തി. കഴിഞ്ഞ വര്‍ഷം ജൂലൈ 31നാണ് മഹാരാഷ്ട്രയുടെ ഗവര്‍ണറായത്. ഇപ്പോഴിതാ, ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുമെത്തി.