കോട്ടയത്ത് എബോള സംശയം: മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള സ്ത്രീ നിരീക്ഷണത്തിൽ
Ebola suspected in Kottayam: ഷിഗെല്ലയ്ക്കും നിപയ്ക്കും പിന്നാലെ കേരളത്തിന് ഭീഷണിയായി എബോളയും. സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസ്സുകാരിയെ എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സംശയം മാത്രമാണുള്ളത്, രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന സാംപിൾ ഫലം ലഭിച്ചാൽ മാത്രമേ എബോളയാ സ്ഥിരീകരിക്കാനാകൂ എന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

Ebola Suspected In Kottayam
കോട്ടയം: ഷിഗെല്ലയ്ക്കും നിപയ്ക്കും പിന്നാലെ കേരളത്തിന് ഭീഷണിയായി എബോളയും. സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസ്സുകാരിയെ എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സംശയം മാത്രമാണുള്ളത്, രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന സാംപിൾ ഫലം ലഭിച്ചാൽ മാത്രമേ എബോളയാ സ്ഥിരീകരിക്കാനാകൂ എന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. എബോള സംശയിക്കുന്നുണ്ടെങ്കിലും ഇവർക്ക് കാര്യമായ ലക്ഷണങ്ങളില്ലെന്നും ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ പറയുന്നു. നിലവിൽ പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് ഇവർ. നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് ഇവർ നാട്ടിലെത്തിയത്. പനിയെ തുടർന്ന് ഇന്നലെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംശയങ്ങളെ തുടർന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സാധാരണ എബോള രോഗത്തിന് ഉണ്ടാകുന്ന മറ്റ് രോഗലക്ഷണങ്ങളൊന്നും ഇവർക്കില്ല. പനിയിൽ നേരിയ വ്യത്യാസമുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു.
പരിശോധനാ ഫലം ലഭിച്ച ശേഷം തുടർചികിത്സ ഉൾപ്പെടെ തീരുമാനിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും. യാത്ര കഴിഞ്ഞെത്തിയതിനു പിന്നാലെ കടുത്ത ഛർദിയും ഷുഗർ ഉയർന്ന നിലയിലുമായിരുന്നു ഇവരെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് രാത്രി പതിനൊന്നരയോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോംഗോയിലെയും ഉഗാണ്ടയിലെയും എബോള വ്യാപനത്തിൽ നിരവധിപേർക്കാണ് ജീവൻ നഷ്ടമായിരുന്നു. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് എബോള ബാധ സംശയം ഉയർന്നത്.
ഇപ്പോൾ കോംഗോയുടെ പേടി സ്വപ്നം
ആഫ്രിക്കയിലെ ഒരു ചെറിയ ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെട്ട അജ്ഞാതരോഗം, പിന്നീട് ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയ പകർച്ചവ്യാധിയായി മാറുകയും പിന്നീട് ഇതിന് പിന്നിൽ എബോള എന്ന വൈറസ് ആണെന്ന് കണ്ടുപിടിച്ചതോടെ ആ പേര് ലഭിക്കുകയും ചെയ്തു. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലായി ഇതിനോടകം നിരവധി ജീവനുകൾ എബോള അപഹരിച്ചു. കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ എബോള പടർന്നുപിടിച്ചത് ലോകമാകെയുള്ള ആരോഗ്യപ്രവർത്തകരെ ഭയപ്പെടുത്തിയ സംഭവമായിരുന്നു. ഇപ്പോഴും എബോളയുടെ പിടിയിൽ നിന്ന് കോംഗോയെ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.
കോംഗോയിലെ എബോള പകർച്ചവ്യാധി ഉന്മൂലനം ചെയ്യാൻ ഒരു വർഷമെങ്കിലും എടുക്കുമെന്ന് റെഡ്ക്രോസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോംഗോയിൽ ഇപ്പോൾ പടരുന്ന എബോള ബാധയിൽ എണ്ണൂറിനു മുകളിൽ പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 192 പേർ മരിച്ചു. നേരത്തെ ഗിനിയ, ലൈബീരിയ, സിയറ ലിയോൺ എന്നീ രാജ്യങ്ങളിലായി 28,000-ത്തിലധികം ആളുകൾക്ക് രോഗബാധയുണ്ടാകുകയും 11,000-ത്തിലധികം പേർ മരിക്കുകയും ചെയ്തിരുന്നു.
എബോള
വൈറസ് ബാധയാണ് എബോള. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.
രോഗപ്പകർച്ച
രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം. ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. കൂടാതെ രോഗ ബാധിതരുമായി ഇടപഴകേണ്ടിവന്നാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണം.
English Summary
After Shigella and Nipah, Ebola has become a threat to Kerala. A 52-year-old woman who returned from South Sudan was admitted to Kottayam Medical College Hospital on suspicion of Ebola. Medical College officials said that Ebola can only be confirmed once the results of the samples sent to Thiruvananthapuram are received. They returned from South Sudan via Uganda. They were admitted to a private hospital in Pala yesterday due to fever. Following suspicions, the health department intervened and shifted them to the Medical College Hospital.