Hair Care Tips: ഉറങ്ങുമ്പോൾ മുടി അഴിച്ചിടുന്നതാണോ കെട്ടിവെക്കുന്നതാണോ നല്ലത്? അറിയേണ്ട കാര്യങ്ങൾ
Should You Sleep in Braids or Loose Hair: മുടിയുടെ ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നുമുണ്ട്. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മുടി അഴിച്ചിടുന്നതാണോ അതോ കെട്ടിവെക്കുന്നതാണോ നല്ലത് എന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന സംശയമാണ്. ഇനി സംശയം വേണ്ട, തലമുടിയുടെ ആരോഗ്യത്തിനായി എന്തെല്ലാം ചെയ്യാമെന്ന് അറിഞ്ഞാലോ....
ആരോഗ്യമുള്ള തലമുടി എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ, മുടിക്കൊഴിച്ചിലും അറ്റംപിളരലും താരനുമെല്ലാം വെല്ലുവിളി ഉയർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നുമുണ്ട്. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മുടി അഴിച്ചിടുന്നതാണോ അതോ കെട്ടിവെക്കുന്നതാണോ നല്ലത് എന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന സംശയമാണ്. ഇനി സംശയം വേണ്ട, തലമുടിയുടെ ആരോഗ്യത്തിനായി എന്തെല്ലാം ചെയ്യാമെന്ന് അറിഞ്ഞാലോ….
തലമുടി അഴിച്ചിടണോ, കെട്ടണോ?
രാത്രിയിൽ മുടി അയച്ച് മെടഞ്ഞിടുന്നത് മുടി കെട്ടുപിണയുന്നതും പൊട്ടിപ്പോകുന്നതും തടയാൻ സഹായിക്കും. എന്നാൽ വളരെ ഇറുക്കി മെടഞ്ഞിടരുത്. കടുപ്പത്തിൽ കെട്ടുന്നത് മുടിയുടെ വേരുകളിൽ അമിത സമ്മർദ്ദം ഉണ്ടാക്കുകയും തലയോട്ടിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യും. മുടി നനഞ്ഞിരിക്കുമ്പോൾ അതിന്റെ വേരുകൾക്ക് ബലം കുറവായിരിക്കും. ഈ സമയത്ത് മുടി മെടഞ്ഞിടുകയോ കെട്ടിവെക്കുകയോ ചെയ്യുന്നത് മുടി എളുപ്പത്തിൽ പൊട്ടിപ്പോകാനും തലയോട്ടിയിൽ ഫംഗസ് അണുബാധയുണ്ടാകാനും കാരണമാകും. അതിനാൽ മുടി പൂർണ്ണമായും ഉണങ്ങിയ ശേഷമേ രാത്രിയിൽ കെട്ടിവെക്കാവൂ.
മെറ്റൽ ക്ലിപ്പുകളോ ഇലാസ്റ്റിക്/റബ്ബർ ബാൻഡുകളോ ഉപയോഗിച്ച് രാത്രി മുടി കെട്ടുന്നത് മുടിയിഴകളിൽ ഘർഷണം കൂട്ടുകയും മുടി പൊട്ടാൻ ഇടയാക്കുകയും ചെയ്യും. ഇതിനുപകരം മൃദുവായ സിൽക്ക് അല്ലെങ്കിൽ സാറ്റിൻ സ്ക്രഞ്ചികൾ തിരഞ്ഞെടുക്കുക. അതുപോലെ, ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഏതാനും തുള്ളി ഹെയർ സിറമോ കുറച്ച് വെളിച്ചെണ്ണയോ മുടിയുടെ അറ്റത്ത് പുരട്ടുന്നത് രാത്രി മുഴുവൻ മുടിക്ക് ആവശ്യമായ ഈർപ്പം നൽകും. മുടി വളരെ നീളമുള്ളതോ എളുപ്പത്തിൽ കെട്ടുപിണയുന്നതോ ആണെങ്കിൽ, നേരിയ രീതിയിൽ അയച്ച് മെടഞ്ഞിടുന്നതാണ് ഏറ്റവും അനുയോജ്യം.
ALSO READ: പ്രായം പിന്നോട്ടോടും; പുരുഷന്മാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന 5 ഭക്ഷണങ്ങൾ!
തലമുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ
തലമുടിയുടെ വളർച്ചയ്ക്കും ആരോഗ്യം നിലനിർത്തുന്നതിനും പോഷകസമ്പന്നമായ ആഹാരം അത്യാവശ്യമാണ്. മുടിയിഴകൾ പ്രധാനമായും കെരാറ്റിൻ എന്ന പ്രോട്ടീൻ കൊണ്ടുണ്ടാക്കിയതായതിനാൽ, പ്രോട്ടീനും അയണും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടികൊഴിച്ചിൽ തടയാനും മുടിക്ക് നല്ല തിളക്കവും ബലവും നൽകാനും സഹായിക്കും.
മുട്ട: മുടി വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ പ്രോട്ടീൻ, ബയോട്ടിൻ എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. ബയോട്ടിൻ കുറയുന്നത് മുടികൊഴിച്ചിലിന് കാരണമാകും. കൂടാതെ സിങ്ക്, സെലീനിയം തുടങ്ങിയ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
പച്ചക്കറികൾ: ഇലക്കറികളിൽ, പ്രത്യേകിച്ച് ചീരയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അയൺ തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും രോമകൂപങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാനും സഹായിക്കുന്നു.
നട്സും ബദാമും: ബദാം, വാൾനട്ട്, ഫ്ലാക്സ് സീഡ്സ്, സൺഫ്ലവർ സീഡ്സ് എന്നിവയിൽ വിറ്റാമിൻ ഇ, ബി വിറ്റാമിനുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ സാന്ദ്രത കൂട്ടാനും തലയോട്ടിയിലെ ഈർപ്പം നിലനിർത്താനും മികച്ചതാണ്.
മത്സ്യം: മത്തി, അയില, സാൽമൺ തുടങ്ങിയ കൊഴുപ്പടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. ഇത് മുടിയുടെ വരൾച്ച മാറ്റി സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കും.
നെല്ലിക്കയും സിട്രസ് പഴങ്ങളും: നെല്ലിക്ക, ഓറഞ്ച്, നാരങ്ങ എന്നിവയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. വിറ്റാമിൻ സി ശരീരത്തിൽ കൊളാജൻ ഉൽപ്പാദനം കൂട്ടുകയും ആഹാരത്തിൽ നിന്നുള്ള അയൺ വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
English Summary:
Whether you should sleep with your hair in braids or leave it loose depends on your hair type, texture, and comfort rather than a single rule. A loose braid is often recommended for long, thick, curly, or wavy hair because it helps reduce tangles, frizz, and friction against the pillow, which can minimize breakage.