Gardening Tips: ഗാർഡനിലേക്കുള്ള ചെടിച്ചട്ടി വീട്ടിലുണ്ടാക്കാം, കാർബോർഡ് പേപ്പർ മാത്രം മതി
How to Make Eco-Friendly Cardboard Pots: വീട്ടിൽ അനാവശ്യമായി കിടക്കുന്ന കാർഡ്‌ബോർഡ് ബോക്സുകൾ വലിച്ചെറിയാൻ വരട്ടെ, അവ ഉപയോഗിച്ച് പൈസ ചെലവില്ലാതെ മനോഹരമായ ചെടിച്ചട്ടികൾ നിർമ്മിക്കാൻ സാധിക്കും. പ്ലാസ്റ്റിക് ചട്ടികൾക്ക് പകരമായി വീട്ടുമുറ്റത്തും ഇൻഡോർ ഗാർഡനുകളിലും ഉപയോഗിക്കാവുന്ന എക്കോ-ഫ്രണ്ട്‌ലി പോട്ടുകൾ കാർഡ്‌ബോർഡ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കിയാലോ....
വീട്ടിൽ അനാവശ്യമായി കിടക്കുന്ന കാർഡ്‌ബോർഡ് ബോക്സുകൾ വലിച്ചെറിയാൻ വരട്ടെ, കളയുന്നതിന് മുമ്പ് ഒന്നോർക്കുക, അവ ഉപയോഗിച്ച് പൈസ ചെലവില്ലാതെ മനോഹരമായ ചെടിച്ചട്ടികൾ നിർമ്മിക്കാൻ സാധിക്കും. പ്ലാസ്റ്റിക് ചട്ടികൾക്ക് പകരമായി വീട്ടുമുറ്റത്തും ഇൻഡോർ ഗാർഡനുകളിലും ഉപയോഗിക്കാവുന്ന എക്കോ-ഫ്രണ്ട്‌ലി പോട്ടുകൾ കാർഡ്‌ബോർഡ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കിയാലോ, സംഗതി സിമ്പിളാ…
എന്തുകൊണ്ട് കാർഡ്‌ബോർഡ് പോട്ടുകൾ?
- പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കാനും വീട്ടിലെ പാഴ്വസ്തുക്കൾ പുനരുപയോഗിക്കാനും (Recycle) സഹായിക്കുന്നു.
- വലിയ തുക കൊടുത്ത് പൂച്ചട്ടികൾ വാങ്ങുന്നത് ഒഴിവാക്കാം.
- പൂർണ്ണമായും ജൈവരീതിയിൽ നിർമ്മിക്കുന്ന കാർഡ്‌ബോർഡ് പോട്ടുകൾ കാലക്രമേണ മണ്ണിൽ അലിഞ്ഞുചേരുകം.
- ഇത് ചെടികൾക്ക് ആവശ്യമായ ജൈവാംശം നൽകും.
ALSO READ: പിസ്ത തോട് വെറുതെ കളയല്ലേ! ചെടികൾക്ക് ഉപയോഗിക്കാം ഈ 5 സൂപ്പർ ട്രിക്കുകൾ
പോട്ടുകൾ നിർമ്മിക്കുന്ന വിധം
കാർഡ്ബോർഡിലുള്ള പ്ലാസ്റ്റിക് ടേപ്പുകൾ പൂർണ്ണമായി നീക്കം ചെയ്ത ശേഷം സമചതുരാകൃതിയിലോ നീളത്തിലോ മുറിച്ചെടുക്കുക. ഒരു വലിയ ബക്കറ്റിലോ പാത്രത്തിലോ വെള്ളമെടുത്ത് ഈ കാർഡ്ബോർഡ് കഷണങ്ങൾ ഏകദേശം 10-15 മിനിറ്റ് കുതിർത്തു വെക്കുക. കാർഡ്ബോർഡ് നന്നായി സോഫ്റ്റും വഴക്കമുള്ളതുമാകണം. കുതിർത്ത കാർഡ്ബോർഡ് കഷണം ഒരു ഗ്ലാസ് ജാറിന് ചുറ്റും നന്നായി ചുറ്റുക. അടിഭാഗം മടക്കി അടിത്തട്ട് സുരക്ഷിതമാക്കേണ്ടതാണ്.
കാർഡ്ബോർഡ് വിട്ടുപോകാതിരിക്കാൻ ചെറിയൊരു ചണക്കയർ ഉപയോഗിച്ച് മധ്യഭാഗത്തായി കെട്ടി കൊടുക്കാം. ഇനി ഇത് നന്നായി ഉണങ്ങാൻ അനുവദിക്കുക. പൂർണ്ണമായി ഉണങ്ങി ഉറച്ച ശേഷം ഉള്ളിലെ ഗ്ലാസ് ജാർ മെല്ലെ പുറത്തെടുക്കാം. നിങ്ങളുടെ ചെടിച്ചട്ടി തയ്യാർ! ഇതിലേക്ക് പോട്ടിംഗ് മിക്സും വളവും നിറച്ച് വിത്തുകളോ ചെറിയ തൈകളോ നടാവുന്നതാണ്.
ഇനി മുതൽ പുതിയ പ്ലാസ്റ്റിക് ചട്ടികൾ പണം കൊടുത്തു വാങ്ങേണ്ടതില്ല, അതുപോലെ വീട്ടുതോട്ടങ്ങളിൽ നിന്നും പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായി ഒഴിവാക്കാം. കിളർപ്പിച്ചെടുക്കുന്ന തൈകൾ മണ്ണിലേക്ക് മാറ്റിനടീക്കുമ്പോൾ വേരുകൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന പേടിയും ഇനി വേണ്ട. ഈ കാർഡ്ബോർഡ് പോട്ടുകൾ തൈകളോടെ തന്നെ നേരിട്ട് മണ്ണിലേക്ക് നട്ടുകൊടുക്കാം. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇവ മണ്ണിൽ ലയിച്ചു ചേർന്നുകൊള്ളും.
English Summary:
waste cardboard boxes can be reused to make free and eco-friendly plant pots for home gardening. This simple DIY method helps reduce plastic use, reuse household waste, and save money on buying new plant pots.