ഏകദിന ലോകകപ്പില്‍ ബാക്കപ്പ് പ്ലാനുകള്‍; ശ്രേയസ് അയ്യര്‍ പുറത്തേക്കോ? തിലക് പരിഗണനയില്‍
India’s 2027 ODI World Cup Strategy : 2027-ലെ ഏകദിന ലോകകപ്പിനുള്ള ടീം കോമ്പിനേഷനെക്കുറിച്ചുള്ള ആലോചനയിലാണ് ടീം മാനേജ്‌മെന്റ്. ഇന്ത്യയുടെ ട്വന്റി-20 വൈസ് ക്യാപ്റ്റനായ തിലക് വർമയെ മിഡിൽ ഓർഡറിലെ ഒരു ബാക്കപ്പ് താരമായി ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.

2027-ലെ ഏകദിന ലോകകപ്പിനുള്ള ടീം കോമ്പിനേഷനെക്കുറിച്ചുള്ള ആലോചനയിലാണ് ടീം മാനേജ്‌മെന്റ്. ഇന്ത്യയുടെ ട്വന്റി-20 വൈസ് ക്യാപ്റ്റനായ തിലക് വർമയെ മിഡിൽ ഓർഡറിലെ ഒരു ബാക്കപ്പ് താരമായി മാനേജ്‌മെന്റ് പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. ടോപ്പ് സിക്സിൽ ശ്രേയസ് അയ്യർക്ക് പകരമുള്ള ഒരു മികച്ച ബദലായാണ് തിലകിനെ ടീം മാനേജ്‌മെന്റ് കാണുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വലങ്കയ്യന്‍ ബാറ്റര്‍മാര്‍ കൂടുതലുള്ളതിനാല്‍, തിലക് ഇടങ്കയ്യനാണെന്നതും അനുകൂലഘടകമാണ് (Image Credit Source: PTI).

സ്പിന്‍ ബൗളിങില്‍ കൂടി തിലകിനെ ഉപയോഗിക്കാമെന്നതും ബോണസാണ്. ഏകദിനങ്ങളിൽ ഇന്ത്യയ്ക്ക് അധിക ബൗളിംഗ് ഓപ്ഷനായി ഉപയോഗിക്കാൻ കഴിയുന്ന ഒരു പാർട്ട് ടൈം ബൗളറായി തിലകിനെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. മുൻനിര ബാറ്റർമാർക്ക് തൃപ്തികരമായ രീതിയിൽ ബൗൾ ചെയ്യാൻ സാധിക്കാത്തത് മാനേജ്‌മെന്റ് ആശങ്കയോടെയാണ് കാണുന്നത്. ടീമിലെ മുൻനിര ബാറ്റർമാരിൽ ആരെങ്കിലും കുറച്ചു ഓവറുകൾ എങ്കിലും എറിയാൻ പ്രാപ്തരായാൽ അത് പ്രധാന ബൗളർമാരുടെ ജോലിഭാരം കുറയ്ക്കും

പാര്‍ട്ട് ടൈം ബൗളര്‍മാരുണ്ടെങ്കില്‍ അത് പ്ലേയിങ് ഇലവന് കൂടുതല്‍ 'ഫ്‌ളെക്‌സിബിലിറ്റി' നല്‍കുമെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെ നിരന്തരം പരിക്ക് അലട്ടുന്നതും ആശങ്കയാണ്. മിഡില്‍ ഓര്‍ഡറിലേക്ക് പകരക്കാരനായ താരത്തെ കണ്ടെത്താന്‍ ഗംഭീറിനും ഗില്ലിനും താല്‍പര്യമുണ്ടെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മിഡിൽ ഓർഡറിൽ ബാക്കപ്പ് ചെയ്യാൻ തക്കവണ്ണം തയാറുള്ള താരങ്ങള്‍ ഇല്ലെന്നാണ് മാനേജ്‌മെന്റ് കരുതുന്നത്.

ഏകദിനത്തിൽ കുറഞ്ഞത് 4 ഓവറുകളെങ്കിലും എറിയാൻ കഴിയുന്ന പാര്‍ട്ട് ടൈം ബൗളര്‍മാരെ ആവശ്യമുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഒക്ടോബറിൽ അഞ്ച് ഏകദിന മത്സരങ്ങൾക്കായി ഇന്ത്യ ന്യൂസിലൻഡിലേക്ക് പര്യടനം നടത്തുമ്പോൾ മാറ്റങ്ങള്‍ പരീക്ഷിക്കാനാണ് സാധ്യത. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ പ്രധാന താരങ്ങളില്‍ പലരും കളിച്ചേക്കില്ലെന്നാണ് സൂചന. ഏഷ്യൻ ഗെയിംസിനായി ശക്തമായ ഒരു ട്വന്റി-20 സ്‌ക്വാഡിനെയായിരിക്കും അയക്കുക.

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പിന്റെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഒരു ടീമിനെ സജ്ജമാക്കുന്നതിനാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ശ്രദ്ധിക്കുന്നത്. സീനിയര്‍ താരങ്ങളുടെ പ്രായവും കായികക്ഷമതയും ടീം മാനേജ്‌മെന്റിന്റെ ദീർഘകാല പ്ലാനുകളെ സ്വാധീനിക്കുന്നുണ്ട്. രോഹിത് ശർമയും വിരാട് കോഹ്‌ലിയും തങ്ങളുടെ അന്താരാഷ്ട്ര കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ലോകകപ്പ് എത്തുമ്പോഴേക്കും കെ.എൽ. രാഹുലിന് 35 വയസ്സ് പിന്നിടും.