Cleaning Tips: ഫോൺ പോർട്ടിൽ ഊതരുത്! ചാർജിംഗ് പോർട്ട് വൃത്തിയാക്കേണ്ടത് ഇങ്ങനെ…
How to Clean a Mobile Charging Port: ഫോൺ ചാർജിംഗിൽ തടസ്സം നേരിടുമ്പോൾ പലരും ബാറ്ററിക്കോ ചാർജറിനോ ആണ് കുറ്റം പറയുക. എന്നാൽ പലപ്പോഴും ചാർജിംഗ് പോർട്ടിൽ അടിഞ്ഞുകൂടുന്ന പൊടിയും ലിന്റും അഴുക്കുമായിരിക്കും പ്രധാന കാരണം. പോർട്ടിലേക്ക് വെളിച്ചം അടിച്ച് നോക്കുമ്പോൾ അഴുക്കോ പൊടിയോ കാണുന്നുണ്ടെങ്കിൽ വൃത്തിയാക്കേണ്ട സമയമായി എന്ന് മനസ്സിലാക്കാം. പക്ഷേ എങ്ങനെ....

വൃത്തിയാക്കുന്നതിന് മുൻപ് ഫോൺ പൂർണ്ണമായും സ്വിച്ച് ഓഫ് ചെയ്യുക. സുരക്ഷയ്ക്കും വൈദ്യുതി തകരാറുകൾ ഒഴിവാക്കാനുമാണ് ഇത്. കംപ്രസ്ഡ് എയർ കാൻ നേരെ പിടിച്ച്, പോർട്ടിൽ നിന്ന് കുറച്ചു ദൂരം മാറ്റി ചെറിയ ഇടവേളകളിൽ വായു അടിക്കുക. കാൻ കുലുക്കരുത്. (Image Credit source: Unsplash)

ദീർഘനേരം സ്പ്രേ ചെയ്യുകയുമരുത്. ഈർപ്പം കയറാൻ സാധ്യതയുള്ളതിനാൽ വായ കൊണ്ട് ഊതരുത്. തടി കൊണ്ടുള്ളതോ പ്ലാസ്റ്റിക് കൊണ്ടുള്ളതോ ആയ ടൂത്ത്പിക്ക് അല്ലെങ്കിൽ ഇലക്ട്രോണിക്സ് പ്ലാസ്റ്റിക് പിക്ക് ശ്രദ്ധയോടെ ഉപയോഗിച്ച് അഴുക്ക് നീക്കം ചെയ്യാം.

അഗ്രഭാഗത്ത് നാരുകൾ ഇല്ലാത്ത തുണിയോ പശയുള്ള ടേപ്പോ (ഒട്ടുന്ന ഭാഗം പുറത്തേക്ക് വരുന്ന രീതിയിൽ) ചുറ്റി ഉപയോഗിക്കുന്നത് പോർട്ടിന് കേടുപാടുകൾ വരാതിരിക്കാൻ സഹായിക്കും. അമിതമായി ബലം പ്രയോഗിക്കരുത്.

ഒട്ടിപ്പിടിച്ച അഴുക്കുണ്ടെങ്കിൽ 90 ശതമാനമോ അതിൽ കൂടുതലോ വീര്യമുള്ള ഐസോപ്രോപൈൽ ആൽക്കഹോൾ ഫോം സ്വാബിൽ വളരെ ചെറിയ അളവിൽ എടുത്ത് പോർട്ടിന്റെ പുറം വശങ്ങളിൽ മാത്രം മെല്ലെ തൊടുക. ഉള്ളിലെ പിന്നുകളിൽ നേരിട്ട് ഉരയ്ക്കരുത്.

ഉടൻ തന്നെ കംപ്രസ്ഡ് എയർ ഉപയോഗിച്ച് ഈർപ്പം ഉണക്കുക. വൃത്തിയാക്കിയ ശേഷം ഫോൺ ഓൺ ചെയ്ത് ചാർജിംഗ് ശരിയായോ എന്ന് പരിശോധിക്കുക. ലളിതമായി വൃത്തിയാക്കിയിട്ടും ചാർജ് ആകുന്നില്ലെങ്കിലോ, പിന്നുകൾ വളഞ്ഞിട്ടുണ്ടെങ്കിലോ, തുരുമ്പ് കാണുന്നുണ്ടെങ്കിലോ സർവീസ് സെന്ററിനെ സമീപിക്കുക.