Kia Syros EV : ഞെട്ടിയ്ക്കുന്ന റേഞ്ച്… ഇ.വിയിൽ ഇനി പൊരിഞ്ഞ പോരാട്ടം ! കിയ സിറോസ് കൂടി എത്തി
Kia Syros Electric EV :കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്സ് ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണിയിലും ശക്തമായ പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ്. കിയയുടെ മിഡ് സൈസ് എസ്‌യുവി ആയ സിറോസിന്റെ ഇലക്ട്രിക് വേരിയന്റിനെയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ സെഗ്മെന്റിൽ കടുത്ത മത്സരമാണ് നിലനിൽക്കുന്നത്. ഇവിടേക്കാണ് പുതിയൊരു കോംപറ്റീറ്റർ കൂടി അവതരിക്കുന്നത്.

മികച്ച റേഞ്ച് ( മൈലേജ്) ആണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ബാറ്ററി ഫുൾ ചാർജ് ചെയ്താൽ 526 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. അതുമാത്രമല്ല വെറും 39 മിനിറ്റ് കൊണ്ട് 10 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാനും സാധിക്കും. ഇനി പവറിന്റെ കാര്യത്തിലേക്ക് വന്നാൽ 171 പിഎസ് ആണ് ഈ വാഹനത്തിന് ഉള്ളത്. വാഹനത്തിന്റെ ബാറ്ററിക്ക് ലൈഫ് ടൈം വാറണ്ടിയും ലഭിക്കും. ( Image Credit Source Social Media)

സെഗ്മെന്റിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പല ഫീച്ചേഴ്സുകളും ഈ വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് 76. 2 സെന്റീമീറ്റർ വലിപ്പം വരുന്ന കണക്ടിവിറ്റി ഡിസ്പ്ലേ ആണ്. എല്ലാവിധ ആധുനിക കൺട്രോളുകളും ഈ ഡിസ്പ്ലേയിൽ നൽകിയിട്ടുണ്ട്. ഏറ്റവും സുഖകരമായ സെക്കൻഡ് റോ യാത്രയും സിറോസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

പനോരമിക് സൺറൂഫ്, 64 നിറങ്ങളിൽ ക്രമീകരിക്കാവുന്ന ആംബിയന്റ് ലൈറ്റ്, എൽഇഡി ഫുട് വെൽ ലാമ്പ്, 465 ലിറ്ററിന്റെ ബൂട്ട് സ്പേസ് എന്നിവയും വാഹനത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഐവറി സിൽവർ മാറ്റ്, ഗ്രാവിറ്റി ഗ്രേ, ഗ്ലേസിയർ വൈറ്റ് പേൾ, ഐവറി സിൽവർ ഗ്ലോസ്, അറോറ ബ്ലാക്ക് പേൾ, ഫ്രോസ്റ്റ് ബ്ലൂ, മാഗ്മ റെഡ്, ഒലിവ് എന്നീ നിറങ്ങളിൽ ഈ കാർ സ്വന്തമാക്കാം.

17 ഇഞ്ച് വലുപ്പത്തിൽ ക്രിസ്റ്റൽ കട്ട് ഡ്യൂവൽ ടോൺ എയ്റോ അലോയ് വീലുകളാണ് സിറോസ് ഇവിയിൽ വരുന്നത്. സുരക്ഷയുടെ ഭാഗമായി ആറ് എയർബാഗുകളും 360 ഡിഗ്രി ക്യാമറയും ഹില്‍ അസിസ്റ്റ് സംവിധാനവും, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും, സ്മാർട്ട് ഡ്യുവൽ ഡാഷ് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇനി വാഹനത്തിന്റെ വില പരിശോധിക്കാം. 13,49,000 രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ബാറ്ററി അസ് എ സർവീസ് ( BAS - Batteey as A Service ) സംവിധാനം വഴി 7.99 ലക്ഷം എന്ന കുറഞ്ഞ പ്രാരംഭ വിലയിലും വാഹനം സ്വന്തമാക്കാം. ഓരോ കിലോ മീറ്ററിന് 3.30 രൂപ നിരക്കിൽ നൽകിയാൽ മതിയാകും.