ശ്രേയങ്കയുടെ നിർഭാഗ്യം പ്രേമയുടെ ഭാഗ്യമായി; വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് ഇനി ദക്ഷിണാഫ്രിക്കൻ പരീക്ഷ
Prema Rawat replaces injured Shreyanka Patil: വനിതാ ടി20 ലോകകപ്പില്‍ കന്നിക്കിരീടം ലക്ഷ്യമിട്ട് മുന്നേറുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. നെതർലൻഡ്സിനെതിരെയുള്ള ഗ്രൂപ്പ് എ മത്സരത്തിനിടെ പരുക്കേറ്റ ഓഫ് സ്പിന്നർ ശ്രേയാങ്ക പാട്ടീൽ ടൂർണമെന്റിൽ നിന്ന് പുറത്തായി. പകരം, ലെഗ് സ്പിന്നർ പ്രേമ റാവത്തിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ബോളിങ് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളില്‍ ഒന്നായിരുന്നു ശ്രേയങ്ക.

Prema Rawat Replaces Injured Shreyanka Patil
ന്യൂഡൽഹി: വനിതാ ടി20 ലോകകപ്പില്‍ (ICC Women’s T20WC 2026) കന്നിക്കിരീടം ലക്ഷ്യമിട്ട് മുന്നേറുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. നെതർലൻഡ്സിനെതിരെയുള്ള ഗ്രൂപ്പ് എ മത്സരത്തിനിടെ പരുക്കേറ്റ ഓഫ് സ്പിന്നർ ശ്രേയങ്ക പാട്ടീൽ ടൂർണമെന്റിൽ നിന്ന് പുറത്തായി. പകരം, ലെഗ് സ്പിന്നർ പ്രേമ റാവത്തിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ബോളിങ് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളില്‍ ഒന്നായിരുന്നു ശ്രേയങ്ക പാട്ടീല്‍. നേരത്തെ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ വിജയത്തിൽ 3 ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് ശ്രേയങ്ക തിളങ്ങിയിരുന്നു. ലോകകപ്പിൽ ഇനി ദക്ഷിണാഫ്രിക്കക്കെതിരേ കളിക്കാനിറങ്ങുന്ന ഇന്ത്യക്ക് ശ്രേയങ്കയുടെ പുറത്താകൽ ഒരു വെല്ലുവിളിയായേക്കും.
പരുക്കേറ്റ് പുറത്തായ ശ്രേയങ്കയ്ക്ക് പകരം പ്രേമ റാവത്തിനെ (24 വയസ്) ടീമിൽ ഉൾപ്പെടുത്താൻ സാങ്കേതിക സമിതി അനുമതി നൽകിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതുവരെ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ലാത്ത പ്രേമ റാവത്തിന് ഇപ്പോൾ ലോകകപ്പിലൂടെ തന്റെ അരങ്ങേറ്റം കുറിക്കാനുള്ള ഭാഗ്യമാണ് വന്ന് ചേർന്നിരിക്കുന്നത്.
Also Read: ചുണയുണ്ടെങ്കിൽ വാ തല്ലിത്തീർക്കാം! ഹർഭജൻ സിങ്ങിനെ ബോക്സിങ്ങിന് വെല്ലുവിളിച്ച് ശ്രീശാന്ത്
പ്രേമ റാവത്ത്
അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടില്ലെങ്കിലും മികച്ച പ്രകടനംകൊണ്ട് ഇതിനകം ശ്രദ്ധ നേടിയ താരമാണ് പ്രേമ റാവത്ത്. വനിതാ പ്രീമിയർ ലീഗിലും (WPL), വുമൺസ് ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാർസ് ടൂർണമെന്റിലും പ്രേമയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏഷ്യാ കപ്പിൽ ഇന്ത്യ എ ടീമിനായി 9.62 ശരാശരിയിൽ 8 വിക്കറ്റുകൾ പ്രേമ വീഴ്ത്തിയിരുന്നു.
WPL-ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കഴിഞ്ഞ രണ്ട് സീസണുകളിലായി 6 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തരാഖണ്ഡ് ടീമിന്റെ കിരീടനേട്ടത്തിലും പ്രേമ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ ലോകകപ്പിൽ ജൂൺ 21 ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
നിർഭാഗ്യം വിട്ടൊഴിയാതെ ശ്രേയങ്ക
പരുക്കിന്റെ രൂപത്തിൽ നിർഭാഗ്യം ശ്രേയങ്കയെത്തേടി വീണ്ടും ഒരിക്കൽക്കൂടി എത്തുന്ന കാഴ്ചയാണ് നെതർലൻഡ്സിനെതിരെയുള്ള ഇന്ത്യയുടെ മത്സരത്തിൽ കണ്ടത്. ആറാം ഓവറിലെ ആദ്യ പന്ത് എറിഞ്ഞതിന് തൊട്ടുപിന്നാലെ, മിഡ്-ഓണിലേക്ക് പോയ പന്ത് തടയാൻ ശ്രമിക്കുന്നതിനിടെ ശ്രേയാങ്കയുടെ വലത് കാൽക്കുഴ തെറ്റുകയായിരുന്നു. കടുത്ത വേദനകൊണ്ട് മൈതാനത്ത് കിടന്ന് പുളഞ്ഞ ശ്രേയങ്കയെ ഒടുവില്‍ സ്‌ട്രെച്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്.
കരിയറിലുടനീളം വെല്ലുവിളിയായി പരുക്ക്
പരുക്കിന്റെ പിടിയിൽ നിന്നും മോചിതയായി ഈ വർഷത്തിന്റെ തുടക്കത്തിലാണ് ശ്രേയങ്ക ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. പരുക്കുകൾ ആവർത്തിച്ചുണ്ടാകുന്നത് മാനസികമായി തളർത്തിയെന്നും, കളി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നതായും കുടുംബത്തിന്റെ പിന്തുണയാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ വീണ്ടും പരുക്ക് വില്ലനായതോടെ ശ്രേയങ്കയുടെ ലോകകപ്പ് മോഹങ്ങൾക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്.
കപ്പിലേക്ക് കുതിക്കാൻ ഇന്ത്യ
2026 വനിതാ ടി20 ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളും മികച്ച മാർജിനിൽ വിജയിച്ച് ഗ്രൂപ്പ് എ-യിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യൻ ടീം. ഗ്രൂപ്പ് ഘട്ടത്തിൽ ആറ് ടീമുകളാണുള്ളത്. ഇതിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ മാത്രമേ സെമി ഫൈനലിലേക്ക് യോഗ്യത നേടൂ. നിലവിൽ പാകിസ്താനെ 64 റൺസിനും, നെതർലൻഡ്സിനെ 95 റൺസിനും തകർത്ത് മികച്ച നെറ്റ് റൺറേറ്റോടെ (+3.975) ഇന്ത്യ പോയിന്റ് പട്ടികയിൽ മുന്നിലാണ്.
English Summary
The Indian team, which is aiming for its maiden title in the Women’s T20 World Cup 2026, has suffered a setback. Off-spinner Shreyanka Patil, who was injured during the Group A match against the Netherlands, has been ruled out of the tournament. Instead, leg-spinner Prema Rawat has been included in the Indian team. Prema Rawat, who has not played an international match yet, is now lucky enough to make her debut through the World Cup.