Indian Captaincy: ശ്രേയസുള്ളപ്പോള്‍ എന്തിന് പ്രിന്‍സ്? ഏകദിന, ടി20 ടീമുകള്‍ക്ക് പുതിയ നായകന്‍? ഇന്ത്യന്‍ ടീമില്‍ ഇനി ‘അയ്യരിസം’
Shreyas Iyer’s Potential Promotion to India’s Full-Time White-Ball Captain : ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായേക്കും. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒറ്റ നായകനെ നിയമിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ഐപിഎല്ലിലെ മികച്ച പ്രകടനാണ് ശ്രേയസിന് തുണയായത്.

ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ
T20I and ODI Captaincy, 8-5-2026: ഇത്തവണത്തെ ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റന്‍സിയിലാണ് വലിയ മാറ്റം വരാനിരിക്കുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒറ്റ നായകനെ നിയമിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ ടി20 ടീമിലെത്തിയേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ നായകൻ സൂര്യകുമാർ യാദവ് ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ, അയ്യർക്ക് ടീമിന്റെ നായകസ്ഥാനം നൽകാനാണ് സാധ്യത.
എന്നാല്‍ ഏകദിനത്തിലും, ടി20യിലും ഒറ്റ ക്യാപ്റ്റന്‍ മതിയെന്നാണ് ബോര്‍ഡിന്റെ നിലപാട്. അതുകൊണ്ട്, ഗില്ലിനെ ഏകദിനത്തിലെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റി, ആ സ്ഥാനത്തേക്കും അയ്യരിനെ നിയോഗിക്കാനാണ് സാധ്യത. അടുത്ത സീസണായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ ട്വന്റി-20 ടീമിൽ മാറ്റങ്ങൾ പ്രകടമാകുമെന്ന് ബിസിസിഐ വൃത്തങ്ങൾ എൻഡിടിവിയോട് സ്ഥിരീകരിച്ചു.
സൂര്യ പുറത്തേക്ക്
നിലവില്‍ 35 വയസുള്ള സൂര്യകുമാര്‍ ഉടന്‍ തന്നെ ടീമില്‍ നിന്ന് പുറത്താകാനാണ് സാധ്യത. സമീപകാലത്ത് പരിതാപകരമായ പ്രകടനമാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ സൂര്യ പുറത്തെടുക്കുന്നത്.എന്നാല്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ശ്രേയസ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള താരത്തിന് അര്‍ഹമായ പരിഗണന നല്‍കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. 2023 ഡിസംബറിന് ശേഷം അയ്യര്‍ ഇന്ത്യയ്ക്കായി ടി20 കളിച്ചിട്ടില്ല.
Also Read: IPL 2026: ഐപിഎല്ലില്‍ ‘ഹണി ട്രാപ്പ്’ ഭീഷണി; താരങ്ങളുടെ മുറികളില്‍ റെയ്ഡ് നടത്താന്‍ ബിസിസിഐ
“പുതിയ ട്വന്റി-20 ടീമിനെ പ്രഖ്യാപിക്കുമ്പോൾ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. ട്വന്റി-20, ഏകദിന ടീമുകളെ ഒരാൾ തന്നെ നയിക്കുന്ന രീതിയിലേക്കാണ് ഞങ്ങൾ നോക്കുന്നത്. നിലവിൽ രണ്ട് ഫോർമാറ്റുകൾക്കുമാണ് പ്രാധാന്യം നൽകുന്നത്. യുവപ്രതിഭകളെ കണ്ടെത്തുന്നതോടൊപ്പം പരിചയസമ്പന്നരായ കളിക്കാർക്ക് അവസരം നൽകാനും ബിസിസിഐ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രേയസ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്; അദ്ദേഹത്തിന്റെ പരിക്കുകൾ നിർഭാഗ്യകരമായിരുന്നു,” എന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
ഐപിഎൽ ഫ്രാഞ്ചൈസിയെ വളരെ ധീരതയോടും അർപ്പണബോധത്തോടും കൂടിയാണ് ശ്രേയസ് നയിച്ചത്. വൈറ്റ്-ബോൾ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുൻനിരയിലുള്ളത് അദ്ദേഹമാണ്. സൂര്യകുമാർ യാദവ് നമ്മെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകനാണ്, അദ്ദേഹത്തിന്റെ സംഭാവനകൾക്ക് അർഹമായ പരിഗണന നൽകുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ട്വന്റി-20 ഫോർമാറ്റിൽ രണ്ട് വ്യത്യസ്ത ടീമുകളെ രൂപീകരിക്കാനും ബിസിസിഐ ലക്ഷ്യമിടുന്നു.
ഗില്ലിന് തിരിച്ചടി?
രോഹിത് ശർമ്മയിൽ നിന്ന് ഏകദിന ടീമിന്റെ നായകസ്ഥാനം കഴിഞ്ഞ വർഷമാണ് ശുഭ്മാൻ ഗില്ലിന് ലഭിച്ചത്. അടുത്ത വർഷം നടക്കാനിരിക്കുന്ന 50 ഓവർ ലോകകപ്പിന് മുന്നോടിയായി ടീം ഏകദിന മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ദീർഘകാലാടിസ്ഥാനത്തിൽ ഗില്ലിനെയായിരുന്നു നായകനായി കണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ ശ്രേയസ് അയ്യറെ നായകസ്ഥാനത്ത് പരീക്ഷിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ഗില്ലിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചേക്കാം.ടി20യിലെ വൈസ് ക്യാപ്റ്റന്‍സിയിലേക്ക് സഞ്ജു സാംസണിനും സാധ്യതയുണ്ട്.
English Summary
BCCI may appoint Shreyas Iyer as the unified white-ball captain. Shreyas Iyer is expected to replace Suryakumar Yadav and Shubman Gill. His strong IPL leadership and consistent form have impressed the board. These major changes will likely take effect after the IPL 2026 season.