വീട്ടുപടിക്കൽ നിന്ന് അപ്രത്യക്ഷമാകുന്ന മാലിന്യങ്ങൾക്ക് യഥാർത്ഥത്തിൽ എന്ത് സംഭവിക്കുന്നു?
പലപ്പോഴും ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളാണ് ഈ ഡംപിംഗ് യാർഡുകൾക്ക് സമീപം താമസിക്കുന്നത്. പുകഞ്ഞു കത്തുന്ന മാലിന്യങ്ങളിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ചും, പതിറ്റാണ്ടുകളായി വിഷദ്രാവകം കലർന്ന് മലിനമായ ഭൂഗർഭജലം കുടിച്ചുമാണ് അവർ ജീവിക്കുന്നത്. നമ്മുടെ വീട്ടുപടിക്കൽ നിന്ന് ഒരു മാലിന്യസഞ്ചി അപ്രത്യക്ഷമാകുമ്പോൾ കിട്ടുന്ന ആശ്വാസത്തിന്, ഏതാനും കിലോമീറ്ററുകൾക്കപ്പുറമുള്ള ദരിദ്രമായ മറ്റൊരു വീട്ടുപടിക്കൽ മനുഷ്യർ വലിയ വില നൽകേണ്ടി വരുന്നുണ്ട്.
ഡൽഹിയിലെ അപ്പാർട്ട്‌മെൻ്റിൽ ഒരു വീട്ടമ്മ എല്ലാ ദിവസവും രാവിലെ തൻ്റെ അടുക്കളയിലെ മാലിന്യങ്ങൾ ശ്രദ്ധാപൂർവ്വം പച്ച, നീല എന്നിങ്ങനെ വ്യത്യസ്ത ബിന്നുകളിലേക്ക് തരംതിരിച്ച് മാറ്റാറുണ്ട്; റസിഡൻ്റ്സ് അസോസിയേഷൻ കർശന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്. താൻ ചെയ്യുന്ന ഈ വേർതിരിക്കൽ മാലിന്യങ്ങളെ രണ്ട് വ്യത്യസ്തവും ഉത്തരവാദിത്തമുള്ളതുമായ സംസ്കരണ വഴികളിലേക്ക് എത്തിക്കുമെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ ഭൂരിഭാഗം ദിവസങ്ങളിലും സംഭവിക്കുന്നത് മറ്റൊന്നാണ്: രണ്ട് ബിന്നുകളിലെയും മാലിന്യങ്ങൾ മുനിസിപ്പൽ കോർപ്പറേഷന്റെ ഒരൊറ്റ ലോറിയിലേക്ക് ഒന്നിച്ചാണ് തള്ളുന്നത്; ഒടുവിൽ നഗരാതിർത്തിയിലെ കൂറ്റൻ മാലിന്യമലയിലേക്കും.
ഇന്ത്യ ഓരോ ദിവസവും ഉത്പാദിപ്പിക്കുന്നത്
ഇന്ത്യ ഓരോ ദിവസവും ഉത്പാദിപ്പിക്കുന്നത് 1,59,000 ടണ്ണിലധികം മാലിന്യമാണ്. ഒരു വർഷത്തെ കണക്കിലേക്ക് മാറ്റിയാൽ ദേശീയതലത്തിൽ ഇത് ഏകദേശം 62 ദശലക്ഷം ടൺ വരും. ഈ പടുകൂറ്റൻ അളവിൽ നിന്ന് ഏകദേശം 43 ദശലക്ഷം ടൺ മാലിന്യം മാത്രമാണ് തദ്ദേശ സ്ഥാപനങ്ങളുടെ സംവിധാനങ്ങളിലൂടെ ശേഖരിക്കപ്പെടുന്നത്. അതിൽത്തന്നെ, ശാസ്ത്രീയമായ സംസ്കരണത്തിന് വിധേയമാകുന്നത് കേവലം 12 ദശലക്ഷം ടൺ മാത്രമാണ്. ബാക്കി വരുന്ന 31 ദശലക്ഷം ടണ്ണും തുറസ്സായ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയാണ്. മൊത്തത്തിൽ നോക്കിയാൽ, രാജ്യത്തെ മാലിന്യത്തിന്റെ 19 ശതമാനം മാത്രമാണ് കൃത്യമായി സംസ്കരിക്കപ്പെടുന്നത്. ബാക്കി 80 ശതമാനത്തിലധികവും ശേഖരിച്ച ശേഷം സംസ്കരിക്കപ്പെടാതെ കിടക്കുകയോ, അല്ലെങ്കിൽ ഒട്ടും ശേഖരിക്കപ്പെടാതെ പോവുകയോ ചെയ്യുന്നു.
മാലിന്യക്കൂമ്പാരങ്ങളുടെ എണ്ണം പത്തിരട്ടി
ഇതൊരു വ്യക്തിഗത അശ്രദ്ധയുടെ മാത്രം കഥയല്ല. മറിച്ച്, രാജ്യം പുറന്തള്ളുന്ന മാലിന്യത്തിന്റെ വേഗതയ്ക്കൊപ്പം അടിസ്ഥാന സൗകര്യങ്ങൾ വളരാത്തതിന്റെ നേർച്ചിത്രമാണ്. രാജ്യത്തുടനീളം ശാസ്ത്രീയമായി നിർമ്മിച്ച സാനിറ്ററി ലാൻഡ്‌ഫില്ലുകളെ അപേക്ഷിച്ച് യാതൊരു നിയന്ത്രണവുമില്ലാത്ത തുറന്ന മാലിന്യക്കൂമ്പാരങ്ങളുടെ എണ്ണം പത്തിരട്ടിയാണ്. മാലിന്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും, മാലിന്യം അഴുക്കുമ്പോൾ രൂപപ്പെടുന്ന ‘ലീച്ചേറ്റ്’ (Leachate) എന്ന വിഷദ്രാവകം മണ്ണിലേക്കിറങ്ങാതെ തടയാനും ശാസ്ത്രീയ ലാൻഡ്‌ഫില്ലുകൾക്ക് കഴിയും. എന്നാൽ യാതൊരുവിധ മുൻകരുതലുകളുമില്ലാത്ത തുറന്ന ഡംപിംഗ് യാർഡുകൾ പതിറ്റാണ്ടുകളോളം നിയന്ത്രണമില്ലാതെ വളരുകയും, രാസവിഷങ്ങൾ മണ്ണിലേക്കും ഭൂഗർഭജലത്തിലേക്കും ഒഴുക്കിവിടുകയും ചെയ്യുന്നു. ഇതിനിടയിൽ മാലിന്യങ്ങൾക്കുള്ളിൽ അടിഞ്ഞുകൂടുന്ന മീഥെയ്ൻ വാതകം പലപ്പോഴും വലിയ തീപിടുത്തങ്ങൾക്കും കാരണമാകുന്നു.
ഒരു സാധാരണ ദിവസത്തെ മാലിന്യത്തിന്റെ കാര്യമെടുത്താൽ ഇതിന്റെ യഥാർത്ഥ ദുരന്തം വ്യക്തമാകും. ഏതൊരു ഇന്ത്യൻ നഗരത്തിലെയും ഒരു വീട്ടിൽ നിന്ന് ഒരൊറ്റ കവറിലിട്ട് വലിച്ചെറിയുന്ന പച്ചക്കറി അവശിഷ്ടങ്ങളും, പ്ലാസ്റ്റിക് കവറും, പൊട്ടിയ കളിപ്പാട്ടവും ഒരേ വണ്ടിയിൽ ഒരേ തുറന്ന മൈതാനത്തേക്കാണ് യാത്രയാകുന്നത്. വളമായി മാറേണ്ടിയിരുന്ന പച്ചക്കറി അവശിഷ്ടങ്ങൾ പ്ലാസ്റ്റിക്കുകൾക്കിടയിൽ കുരുങ്ങി കിടന്ന് അഴുകുകയും, കാർബൺ ഡൈ ഓക്സൈഡിനേക്കാൾ അപകടകാരിയായ മീഥെയ്ൻ വാതകം പുറത്തുവിടുകയും ചെയ്യുന്നു. എന്നാൽ വേർതിരിച്ച് വെച്ചിരുന്നെങ്കിൽ പുനരുപയോഗിക്കാമായിരുന്ന പ്ലാസ്റ്റിക് കവർ ജൈവമാലിന്യവുമായി കലരുന്നതോടെ വീണ്ടെടുക്കാൻ കഴിയാത്തവിധം ഉപയോഗശൂന്യമാകുന്നു. പൊട്ടിയ കളിപ്പാട്ടമാകട്ടെ, നൂറ്റാണ്ടുകളോളം നശിക്കാതെ അവിടെത്തന്നെ അവശേഷിക്കുകയും ചെയ്യും.
‘മിക്സഡ്’ മാലിന്യക്കവറുകളാണ്
കോടിക്കണക്കിന് കുടുംബങ്ങളിൽ നിന്ന് ദിവസേന പുറന്തള്ളപ്പെടുന്ന ഇത്തരത്തിലുള്ള ഒരൊറ്റ ‘മിക്സഡ്’ മാലിന്യക്കവറുകളാണ് രാജ്യത്തെ പ്രധാന നഗരങ്ങളുടെ അതിർത്തികളിൽ പടുകൂറ്റൻ മാലിന്യമലകൾ രൂപപ്പെടാൻ കാരണം. സമീപത്തെ ബഹുനില കെട്ടിടങ്ങളെക്കാൾ ഉയരത്തിൽ വളർന്നുനിൽക്കുന്ന ഇത്തരം പർവ്വതങ്ങൾ കിലോമീറ്ററുകൾക്കപ്പുറത്തുനിന്ന് പോലും വ്യക്തമായി കാണാം; പലയിടത്തും ഇവ ഇന്നും അനുദിനം വളർന്നുകൊണ്ടിരിക്കുകയുമാണ്.
ഈ മാലിന്യമലകൾക്ക് സമീപം താമസിക്കുന്നവർ ഒരിക്കലും അതിനുള്ളിലെ മാലിന്യങ്ങൾ മുഴുവൻ ഉണ്ടാക്കിയവരല്ല. പലപ്പോഴും ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളാണ് ഈ ഡംപിംഗ് യാർഡുകൾക്ക് സമീപം താമസിക്കുന്നത്. പുകഞ്ഞു കത്തുന്ന മാലിന്യങ്ങളിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ചും, പതിറ്റാണ്ടുകളായി വിഷദ്രാവകം കലർന്ന് മലിനമായ ഭൂഗർഭജലം കുടിച്ചുമാണ് അവർ ജീവിക്കുന്നത്. നമ്മുടെ വീട്ടുപടിക്കൽ നിന്ന് ഒരു മാലിന്യസഞ്ചി അപ്രത്യക്ഷമാകുമ്പോൾ കിട്ടുന്ന ആശ്വാസത്തിന്, ഏതാനും കിലോമീറ്ററുകൾക്കപ്പുറമുള്ള ദരിദ്രമായ മറ്റൊരു വീട്ടുപടിക്കൽ മനുഷ്യർ വലിയ വില നൽകേണ്ടി വരുന്നുണ്ട്.
ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ കാര്യമായ ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്നതും കാണാതിരുന്നുകൂടാ. 2014 മുതൽ സ്വച്ഛ് ഭാരത് മിഷനിലൂടെ ശൗചാലയ ലഭ്യത വർദ്ധിപ്പിക്കാനും ഗ്രാമ-നഗര വ്യത്യാസമില്ലാതെ മാലിന്യ ശേഖരണം കാര്യക്ഷമമാക്കാനും സാധിച്ചിട്ടുണ്ട്; അത് അളക്കാവുന്ന ഒരു നേട്ടം തന്നെയാണ്. എന്നാൽ മാലിന്യങ്ങൾ ശേഖരിക്കുന്നത് കൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല, അവ സംസ്കരിക്കപ്പെടുക കൂടി വേണം. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (CPCB) കണക്കുകൾ പ്രകാരം, സംസ്കരണ ശേഷി അതിവേഗം വർദ്ധിപ്പിച്ചില്ലെങ്കിൽ 2030-ഓടെ ഇന്ത്യയിലെ വാർഷിക മാലിന്യ ഉത്പാദനം 165 ദശലക്ഷം ടണ്ണിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്.
ശ്രദ്ധയോടെ മാലിന്യം വേർതിരിച്ചാലും
വീടുകളിൽ നാം എത്ര ശ്രദ്ധയോടെ മാലിന്യം വേർതിരിച്ചാലും, പുറത്തുനിൽക്കുന്ന ലോറി അതെല്ലാം ഒന്നിച്ചുകൂട്ടി കൊണ്ടുപോവുകയാണെങ്കിൽ വ്യക്തിപരമായ ആ പരിശ്രമം കൊണ്ട് കാര്യമായ ഫലമുണ്ടാകില്ല എന്നതാണ് നിരാശാജനകമായ യാഥാർത്ഥ്യം. അതുകൊണ്ട് അടുക്കളയിൽ മാത്രമല്ല, ശേഖരണ വാഹനം, ട്രാൻസ്ഫർ സ്റ്റേഷൻ, സംസ്കരണ പ്ലാന്റ് തുടങ്ങി അവസാന ഘട്ടം വരെയും മാലിന്യം വേർതിരിച്ചു തന്നെയാണോ കൈകാര്യം ചെയ്യുന്നത് എന്ന് സ്വന്തം തദ്ദേശ സ്ഥാപനത്തോട് ചോദിക്കുകയാണ് പ്രധാനം. രാജ്യത്തെ ചില നഗരങ്ങൾ ഇത് വളരെ മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ട്; എന്നാൽ പല നഗരങ്ങളിലും ഇന്നും ഇത് വെറും പ്രഹസനമായി തുടരുന്നു.
അടുത്ത തവണ നിങ്ങളുടെ വീട്ടുപടിക്കൽ നിന്ന് മാലിന്യ വണ്ടി നീങ്ങുമ്പോൾ, അത് യഥാർത്ഥത്തിൽ എങ്ങോട്ടാണ് പോകുന്നതെന്നും അവിടെ അതിന് എന്ത് സംഭവിക്കുന്നുവെന്നും വെറുതെയെങ്കിലും ചിന്തിക്കുന്നത് നന്നായിരിക്കും