Manav Krishna: കടന്നുവന്ന വഴിയില്‍ സാമ്യങ്ങളേറെ; റോളിലും മാറ്റമില്ല; മാനവ് കൃഷ്ണ അടുത്ത സഞ്ജു സാംസണോ?
Similarities between Manav Krishna and Sanju Samson: ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ അണ്ടര്‍ 19 സ്‌ക്വാഡില്‍ ഇടംപിടിച്ച മലയാളി താരം മാനവ് കൃഷ്ണ അടുത്ത 'സഞ്ജു സാംസണാ'കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മാനവ് കൃഷ്ണയുടെയും സഞ്ജു സാംസണിന്റെയും കരിയറുകളില്‍ ചില സമാനതകളുണ്ട്.

മാനവ് കൃഷ്ണയും സഞ്ജു സാംസണും
Under-19 Malayali Cricketer Manav Krishna: ക്രിക്കറ്റിനെ ഹൃദയത്തിലേറ്റിയവരാണ് ഇന്ത്യക്കാര്‍. ക്രിക്കറ്റ് ഒരു വികാരമായി കൊണ്ടുനടക്കുന്നവരില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നു. ദേശീയ ടീമില്‍ ഇടം നേടുകയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നിരവധി മലയാളി താരങ്ങള്‍ പ്രയത്‌നിക്കുന്നുണ്ടെങ്കിലും, ആ മോഹം പൂവണഞ്ഞത് ചുരുക്കം ചിലര്‍ക്ക് മാത്രമാണ്. കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച്, ഇന്ത്യന്‍ ടീമിലെത്താനായത് മൂന്നേ മൂന്ന് പേര്‍ക്ക് മാത്രമാണ്; ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത്, സഞ്ജു സാംസണ്‍ എന്നീ മൂന്ന് താരങ്ങള്‍ക്ക് മാത്രം.
ഇതില്‍ നിലവില്‍ സജീവമായി കളിക്കുന്നത് സഞ്ജു മാത്രമാണ്. ഇനിയും നിരവധി കേരള താരങ്ങള്‍ സീനിയര്‍ ടീമിലെത്തുന്നത് കാണാനാണ് ഓരോ മലയാളിയുടെയും ആഗ്രഹം. ആ സ്വപ്‌നസാക്ഷാത്കാരത്തിന്റെ ആദ്യ ചവിട്ടുപടിയാണ് അണ്ടര്‍ 19 ക്രിക്കറ്റ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ അണ്ടര്‍ 19 സ്‌ക്വാഡില്‍ ഇടംപിടിച്ച മാനവ് കൃഷ്ണ അടുത്ത ‘സഞ്ജു സാംസണാ’കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
കേരളത്തിന്റെ അണ്ടര്‍ 19 ക്യാപ്റ്റന്‍
കഴിഞ്ഞ ദിവസമാണ് മാനവ് ഇന്ത്യയുടെ അണ്ടര്‍ 19 സ്‌ക്വാഡിലെത്തിയത്. കേരളത്തിന്റെ അണ്ടര്‍ 19 ക്യാപ്റ്റനാണ് ഈ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ മാനവ് ശ്രീലങ്കയ്‌ക്കെതിരായ അണ്ടര്‍ 19 ടെസ്റ്റ് (ചതുര്‍ദിനം) മത്സരത്തിനുള്ള സ്‌ക്വാഡിലാണ് ഇടം പിടിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് താരത്തിന് തുണയായത്.
Also Read: Sanju Samson: വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാലും സഞ്ജു സാംസണ്‍ ‘സേഫ്’; പുറത്താകുന്നത് മറ്റൊരു താരം?
കഴിഞ്ഞ അണ്ടര്‍ 19 സീസണില്‍ 592 റണ്‍സാണ് ഈ യുവ വിക്കറ്റ് കീപ്പര്‍ അടിച്ചുകൂട്ടിയത്. കൂച്ച് ബിഹാര്‍ ട്രോഫിയില്‍ തുടരെ രണ്ട് സെഞ്ചുറികള്‍ നേടി. സൗരാഷ്ട്രയ്‌ക്കെതിരെ നേടിയത് 189 റണ്‍സ്. ഹൈദരാബാദിനെതിരെ അടിച്ചുകൂട്ടിയത് 144 റണ്‍സ്. കേരളത്തിന്റെ അണ്ടര്‍ 16 ക്യാപ്റ്റനായും താരം മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.
സഞ്ജുവുമായി സാമ്യതകളേറെ
കൂച്ച് ബിഹാര്‍ ട്രോഫിയിലെ ഉജ്ജ്വല പ്രകടനമാണ് സഞ്ജുവിന് 2012-ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റിലേക്ക് വഴിതുറന്നത്. കൂച്ച് ബിഹാര്‍ ട്രോഫിയില്‍ പുറത്തെടുത്ത മികവാണ് മാനവിനും തുണയായത്. ഇരുവരുടെയും റോളിലും മാറ്റമില്ല. രണ്ടു പേരും വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്. സാമ്യതകള്‍ ഇവിടെയും അവസാനിക്കുന്നില്ല. സഞ്ജുവിനെ പോലെ മാനവും ഡല്‍ഹിയില്‍ വെച്ചാണ് ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ചത്. 13-ാം വയസിലാണ് മാനവ് കേരളത്തിലേക്ക് എത്തുന്നത്. ഇരുവരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണെന്നതാണ് മറ്റൊരു പ്രത്യേകത.
കേരള ക്രിക്കറ്റ് ലീഗില്‍
2025-ല്‍ കേരള ക്രിക്കറ്റ് ലീഗ് ലേലത്തില്‍ മാനവ് പങ്കെടുത്തിരുന്നു. കെസിഎല്‍ ലേലത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു മാനവ്. 2026 ജനുവരിയില്‍ ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫിയില്‍ അരങ്ങേറി. എന്‍എസ്‌കെ ട്രോഫിയിലെ പ്രോമിസിങ് യങ്‌സ്റ്റര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ഒമാന്‍ സന്ദര്‍ശിച്ച കേരള സ്‌ക്വാഡില്‍ മാനവുമുണ്ടായിരുന്നു. ബിസിസിഐയുടെ സെന്റര്‍ ഫോര്‍ എക്‌സ്‌ലന്‍സ് ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍-അനിത ദമ്പതികളുടെ മകനാണ്. സഹോദരന്‍ മാധവ് കൃഷ്ണയും കേരളത്തിന്റെ അണ്ടര്‍ 19 ടീമിനായി കളിക്കുന്നു.
English Summary
Manav Krishna, Kerala’s Under-19 player, has been selected for India’s Under-19 squad against Sri Lanka. The young wicketkeeper-batter earned his spot after scoring 592 runs in the recent domestic season. He shares many similarities with Sanju Samson, as both are from Thiruvananthapuram and started cricket in Delhi. Manav also made his Ranji Trophy debut for Kerala in January 2026.