Ranji Trophy: ഒഡീഷ പതറുന്നു, ഇന്നിങ്‌സ് ജയം ലക്ഷ്യമിട്ട് കേരളം
Kerala eye innings win as Odisha fall to 102/4 on day 3 in Ranji trophy: മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒഡീഷ രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റിന് 102 എന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സില്‍ കേരളം 404 റണ്‍സിനും, ഒഡീഷ 225 റണ്‍സിനും പുറത്തായിരുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി സന്ദീപ് പട്‌നായിക്കും, റണ്ണൊന്നുമെടുക്കാതെ നിനാദ് റത്വയുമാണ് ക്രീസില്‍.
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരായ മത്സരത്തില്‍ ഇന്നിങ്‌സ് ജയം ലക്ഷ്യമിട്ട് കേരളം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒഡീഷ രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റിന് 102 എന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സില്‍ കേരളം 404 റണ്‍സിനും, ഒഡീഷ 225 റണ്‍സിനും പുറത്തായിരുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി സന്ദീപ് പട്‌നായിക്കും, റണ്ണൊന്നുമെടുക്കാതെ നിനാദ് റത്വയുമാണ് ക്രീസില്‍. രണ്ടാം ഇന്നിങ്‌സില്‍ ഇതുവരെ കേരളത്തിനായി ജലജ് സക്‌സേന രണ്ട് വിക്കറ്റും, എംഡി നിധീഷ്, ആദിത്യ സര്‍വതെ, വൈശാഖ് ചന്ദ്രന്‍, അഭിജിത്ത് പ്രവീണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ആദ്യ ഇന്നിങ്‌സിലെ പോലെ രണ്ടാം ഇന്നിങ്‌സിലും ഒഡീഷ തുടക്കം മുതല്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചു. രണ്ടാം ഓവറില്‍ ഓപ്പണര്‍ ശന്തനു മിശ്രയെ (അഞ്ച് പന്തില്‍ രണ്ട്) ആദിത്യ സര്‍വതെ പുറത്താക്കി. എട്ടാം ഓവറില്‍ 19 പന്തില്‍ ഒമ്പത് റണ്‍സെടുത്ത ഓം ടി മുണ്ടെയെ വൈശാഖ് ചന്ദ്രന്‍ എല്‍ബിഡബ്ല്യുവില്‍ കുരുക്കി.
രണ്ട് വിക്കറ്റിന് 29 എന്ന നിലയില്‍ പതറിയ ഒഡീഷയെ ഓപ്പണര്‍ ഗൗരവ് ചൗധരിക്കൊപ്പം ചേര്‍ന്ന് ക്യാപ്റ്റന്‍ ശുഭാന്‍ഷു സേനാപതി കരകയറ്റാന്‍ ശ്രമിച്ചു. ഒഡീഷയുടെ സ്‌കോര്‍ നൂറിലെത്തിയപ്പോള്‍ 67 പന്തില്‍ 30 റണ്‍സെടുത്ത ശുഭാന്‍ഷുവിനെ പുറത്താക്കി ജലജ് സക്‌സേന ഈ കൂട്ടുക്കെട്ട് പൊളിച്ചു. രണ്ട് പന്തുകള്‍ക്കിപ്പുറം ഗൗരവ് ചൗധരിയും ജലജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 111 പന്തില്‍ 53 റണ്‍സാണ് ഗൗരവ് നേടിയത്.
ആദ്യ ഇന്നിങ്‌സില്‍
നാലു വിക്കറ്റ് പിഴുത വൈശാഖ് ചന്ദ്രന്റെയും, മൂന്ന് വിക്കറ്റെടുത്ത ആദിത്യ സര്‍വതെയുടെയും, രണ്ട് വിക്കറ്റ് സ്വന്തമാക്കിയ ജലജ് സക്‌സേനയുടെയും, ഒരു വിക്കറ്റ് നേടിയ എംഡി നിധീഷിന്റെയും ബൗളിങ് മികവിലാണ് ആദ്യ ഇന്നിങ്‌സില്‍ ഒഡീഷയെ 225 റണ്‍സിന് കേരളം പുറത്താക്കിയത്.
ഒഡീഷ ഓപ്പണര്‍ ഗൗരവ് ചൗധരി ആദ്യ ഇന്നിങ്‌സിലും അര്‍ധ സെഞ്ചുറി (86 പന്തില്‍ 50) നേടിയിരുന്നു. 117 പന്തില്‍ 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭാന്‍ഷുവും ഒഡീഷയ്ക്കായി പൊരുതി. 69 പന്തില്‍ 34 റണ്‍സെടുത്ത രാജേഷ് ധുപറും, 46 പന്തില്‍ 37 റണ്‍സെടുത്ത ലളിത് യാദവുമാണ് ചെറുത്തുനില്‍പ് നടത്തിയ മറ്റ് രണ്ട് ബാറ്റര്‍മാര്‍. മറ്റ് ഒഡീഷ ബാറ്റര്‍മാര്‍ക്കാരും കേരളത്തിന്റെ ബൗളിങിനെ അതിജീവിക്കാനായില്ല.
സെഞ്ചുറികള്‍ നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ (പുറത്താകാതെ 263 പന്തില്‍ 139), സച്ചിന്‍ ബേബി (235 പന്തില്‍ 112), അര്‍ധ സെഞ്ചുറി നേടിയ ആദിത്യ സര്‍വതെ (77 പന്തില്‍ 53) എന്നിവരുടെ മികവിലാണ് കേരളം കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയത്.
English Summary
Kerala posted a massive total of 404 runs, fueled by centuries from Mohammed Azharuddeen and Sachin Baby. Kerala’s bowlers then dismissed Odisha for 225 runs in their first innings. Following on, Odisha struggled again and slumped to 102 for 4 by stumps on Day 3. Jalaj Saxena picked up two crucial wickets as Kerala firmly set their sights on an innings victory.