കിരീടമില്ലാതെ എന്ത് ക്യാപ്റ്റൻ; ബാഴ്സയുടെ ക്യാപ്റ്റനായതിന് പിന്നാലെ ജോയൻ ഗാംപർ ട്രോഫി നേടി റാഫിഞ്ഞ
Raphinha wins Joan Gamper Trophy: ഈജിപ്ഷ്യൻ ക്ലബ്ബായ അൽ അഹ്‌ലിയെ 2-1 ന് പരാജയപ്പെടുത്തി ജോയൻ ഗാംപർ ട്രോഫി ബാഴ്സലോണ സ്വന്തമാക്കി. ക്യാപ്റ്റൻ എന്ന നിലയിലുള്ള റാഫിഞ്ഞയുടെ ആദ്യ കിരീട നേട്ടം ആണ് ഇത്. ബാഴ്‌സലോണയുടെ 125 വർഷത്തെ ചരിത്രത്തിൽ ക്ലബ്ബിന്റെ ഒഫീഷ്യൽ ഫസ്റ്റ് ക്യാപ്റ്റനാകുന്ന ആദ്യ ബ്രസീലിയൻ താരമാണ് റാഫിഞ്ഞ. ആക്രമണ നിരയിൽ നിരന്തരം ഭീഷണി ഉയർത്തുകയും ടീമിന്റെ രണ്ടാം ഗോൾ നേടുകയും ചെയ്ത മികവിന് ഈ മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പ്രത്യേക ട്രോഫി റാഫിഞ്ഞയെത്തേടിയെത്തി.

Raphinha Wins Joan Gamper Trophy
പുതിയ ഒന്നാം നമ്പർ ക്യാപ്റ്റനായി ബ്രസീൽ താരം റാഫിഞ്ഞ എത്തിയ ശേഷം നടന്ന മത്സരത്തിൽ ജോയൻ ഗാംപർ ട്രോഫി കിരീടം ചൂടി ബാഴ്സലോണ. ഈജിപ്ഷ്യൻ ക്ലബ്ബായ അൽ അഹ്‌ലിയെ 2-1 ന് പരാജയപ്പെടുത്തിയാണ് ബാഴ്‌സലോണ കിരീടം സ്വന്തമാക്കിയത്. ക്യാപ്റ്റൻ എന്ന നിലയിലുള്ള റാഫിഞ്ഞയുടെ ആദ്യ കിരീട നേട്ടത്തിൽ ആരാധകർ അതീവ സന്തുഷ്ടരാണ്. ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം പ്രധാന മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പുള്ള ഒരു പരിശീലനം എന്ന നിലയിലാണ് ഈ മത്സരം ആരാധകർ കാണുന്നത്. ഇപ്പോൾ നേടിയ വിജയം കൂടി കൂട്ടി ഇത് 48-ാം തവണയാണ് ബാഴ്‌സലോണ ജോയൻ ഗാംപർ ട്രോഫി ചാമ്പ്യന്മാരാകുന്നത്.
ഹൻസി ഫ്ലിക്കിന്റെ പരിശീലനത്തിൻ കീഴിൽ പ്രീ-സീസൺ മത്സരങ്ങൾ വിജയത്തോടെ പൂർത്തിയാക്കാൻ സാധിച്ചു എന്നത് ലാ ലിഗ സീസണിലേക്ക് കടക്കുന്ന ബാഴ്‌സലോണയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നു. പുതിയ ലാലിഗ സീസണിലെ ബാഴ്‌സലോണയുടെ ആദ്യ മത്സരം ഞായറാഴ്ചയാണ് നടക്കുക, എൽചയാണ് ഇതിൽ ബാഴ്സയുടെ എതിരാളികൾ.
Also Read: അച്ഛന്റെ പാരമ്പര്യം ആൺ മക്കളുടെ കുത്തകയല്ല! ലൂക്ക മോഡ്രിച്ചിന്റെ മകൾ റയൽ മാഡ്രിഡ് വനിതാ അക്കാദമിയിൽ
ബാഴ്‌സലോണയുടെ 125 വർഷത്തെ ചരിത്രത്തിൽ ക്ലബ്ബിന്റെ ഒഫീഷ്യൽ ഫസ്റ്റ് ക്യാപ്റ്റനാകുന്ന ആദ്യ ബ്രസീലിയൻ താരമാണ് റാഫിഞ്ഞ എന്ന പ്രത്യേകതയുണ്ട്. മാർക്ക്-ആന്ദ്രെ ടെർ സ്റ്റീഗൻ, റൊണാൾഡ് അരാഹോ എന്നിവർ ലോണിൽ മറ്റ് ക്ലബ്ബുകളിലേക്ക് മാറിയതോടെയാണ് റഫീഞ്ഞ ബാഴ്‌സലോണയുടെ ഒന്നാം നായകനായി റാഫീഞ്ഞ തെരഞ്ഞെടുക്കപ്പെട്ടത്.
ക്യാപ്റ്റനായ ശേഷമുള്ള റഫീഞ്ഞയുടെ ആദ്യ ഗോളും അൽ അഹ്‌ലിക്കെതിരായ മത്സരത്തിൽ പിറന്നു. മികച്ച പ്രകടനം പുറത്തെടുത്ത ഈ ബ്രസീലിയൻ വിങ് ഫോർവേഡിന് അർഹതയ്ക്കുള്ള അംഗീകാരമായി പ്രത്യേക പുരസ്കാരം കൂടി ലഭിച്ചത് ഇരട്ടി മധുരമായി. അലജാൻഡ്രോ ബാൽഡെയുടെ മികച്ച പാസിൽ നിന്ന് ഈജിപ്ഷ്യൻ സ്‌ട്രൈക്കർ ഹംസ അബ്ദെൽ കരീം ആണ് ബാഴ്‌സക്കായി ആദ്യ ഗോൾ നേടിയത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ക്യാപ്റ്റൻ റാഫിഞ്ഞ പെനാൽറ്റിയിലൂടെ ബാഴ്‌സയുടെ ലീഡ് 2-0 ആയി ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ കൗണ്ടർ അറ്റാക്കിലൂടെ അൽ അഹ്‌ലി താരം സീസോ (Zizo) ഒരു ഗോൾ മടക്കി (2-1). മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആന്റണി ഗോർഡൻ എടുത്ത പെനാൽറ്റി അൽ അഹ്‌ലി ഗോൾകീപ്പർ മുഹമ്മദ് എൽ ഷെനാവി മികച്ച രീതിയിൽ തടുത്തതിനാൽ ബാഴ്‌സക്ക് മൂന്നാം ഗോൾ നേടാനായില്ല.
മാൻ ഓഫ് ദി മാച്ച്
ആക്രമണ നിരയിൽ നിരന്തരം ഭീഷണി ഉയർത്തുകയും ടീമിന്റെ രണ്ടാം ഗോൾ നേടുകയും ചെയ്ത മികവിന് മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പ്രത്യേക ട്രോഫി റാഫിഞ്ഞയെത്തേടിയെത്തി. ക്ലബ്ബിന്റെ നായകസ്ഥാനത്തും അറ്റാക്കിങ് നിരയിലും ഒരുപോലെ മിന്നുന്ന ഫോമിലുള്ള റാഫിഞ്ഞയുടെ പ്രകടനം വരാനിരിക്കുന്ന ലാ ലിഗ സീസണിലേക്ക് ബാഴ്‌സലോണയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ്.
English Summary
Barcelona won the Joan Gamper Trophy after defeating Egyptian club Al Ahly 2-1. This is Raphinha’s first trophy as captain. Raphinha is the first Brazilian player to be the official first captain of the club in Barcelona’s 125-year history. Raphinha was awarded the special trophy for the best player of the match for his constant threat in attack and scoring the team’s second goal.