SMAT 2024 : രഹാനെ 2.0ലൂടെ മുംബൈ; രജത് പാടിദാറിലൂടെ മധ്യപ്രദേശ്; സയ്യിദ് മുഷ്താഖ് അലി ട്രോഫി കലാശപ്പോരിന് കളമൊരുങ്ങി

SMAT 2024 Mumbai And Madhya Pradesh : സയ്യിദ് മുഷ്താഖ് അലി ട്രോഫി കലാശപ്പോരിൽ മുംബൈയ്ക്ക് മധ്യപ്രദേശ് എതിരാളികൾ. ഇരുവരും യഥാക്രമം ബറോഡയെയും ഡൽഹിയെയുമാണ് സെമിഫൈനലിൽ തോല്പിച്ചത്.

SMAT 2024 : രഹാനെ 2.0ലൂടെ മുംബൈ; രജത് പാടിദാറിലൂടെ മധ്യപ്രദേശ്; സയ്യിദ് മുഷ്താഖ് അലി ട്രോഫി കലാശപ്പോരിന് കളമൊരുങ്ങി

അജിങ്ക്യ രഹാനെ (Image Courtesy- Social Media)

Published: 

13 Dec 2024 | 08:41 PM

സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ മുംബൈയും മധ്യപ്രദേശും തമ്മിൽ ഏറ്റുമുട്ടും. ആദ്യ സെമിഫൈനലിൽ മുംബൈ ബറോഡയെ കീഴടക്കിയപ്പോൾ രണ്ടാം സെമിഫൈനലിൽ ഡൽഹിയെയാണ് മധ്യപ്രദേശ് തോല്പിച്ചത്. ഇത് രണ്ടാം തവണയാണ് മധ്യപ്രദേശ് ഫൈനലിലെത്തുന്നത്. ഇതുവരെ കിരീടം നേടാനായിട്ടില്ല. മുംബൈയ്ക്കും ഇത് രണ്ടാം ഫൈനലാണ്. ഒരുതവണ കിരീടം നേടി.

36 വയസുകാരനായ അജിങ്ക്യ രഹാനെയുടെ ചിറകിലേറിയാണ് മുംബൈ ഫൈനലിലെത്തിയത്. ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ദേശീയ ടീമംഗങ്ങളായ ശ്രേയാസ് അയ്യർ, ശിവം ദുബെ തുടങ്ങി വമ്പൻ പേരുകാരുണ്ടെങ്കിലും രഹാനെയാണ് ഇത്തവണ മുംബൈയുടെ തുരുപ്പുചീട്ട്. എട്ട് മത്സരങ്ങളിൽ നിന്ന് 169 സ്ട്രൈക്ക് റേറ്റിൽ 432 റൺസ് നേടിയ രഹാനെ തന്നെയാണ് ഏറ്റവുമധികം റൺസ് നേടിയവരിൽ ഒന്നാമത്. 61.71 ആണ് താരത്തിൻ്റെ ശരാശരി. സെമിഫൈനലിലും സ്ഥിതി വ്യത്യസ്തമായില്ല.

ബറോഡയെ 7 വിക്കറ്റ് നഷ്ടത്തിൽ 158 റൺസിന് ഒതുക്കാൻ മുംബൈ ബൗളർമാർക്ക് സാധിച്ചു. മുംബൈ ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ബറോഡയ്ക്ക് ഉയർന്ന സ്കോറിലെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരങ്ങളിലൊക്കെ മികച്ച പ്രകടനം നടത്തിയ ഹാർദ്ദിക് പാണ്ഡ്യ കേവലം അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായത് ബറോഡയ്ക്ക് തിരിച്ചടിയായി. 24 പന്തിൽ പുറത്താവാതെ 36 റൺസ് നേടിയ ശിവാലിക് ശർമ്മയാണ് ബറോഡയുടെ ടോപ്പ് സ്കോറർ. മുംബൈയ്ക്കായി സൂര്യാൻഷ് ഷെഡ്ഗെ രണ്ട് വിക്കറ്റ് വീഴ്ത്തി.

Also Read : Paddy Upton: 2011 ലോകകപ്പ് വിജയത്തിലുണ്ട്, ഹോക്കി ഒളിമ്പിക്സ് മെഡലിലുണ്ട്, ഇപ്പോൾ ഗുകേഷിനൊപ്പവുമുണ്ട്; പാഡി അപ്ടൺ എന്ന സ്റ്റാർമേക്കർ

മറുപടി ബാറ്റിംഗിൽ പൃഥ്വി ഷായെ (8) വേഗം നഷ്ടമായെങ്കിലും അനായാസം ബാറ്റ് ചെയ്ത രഹാനെയും ശ്രേയാസ് അയ്യരും രണ്ടാം വിക്കറ്റിൽ തന്നെ മുംബൈ ജയമുറപ്പിച്ചു. 88 റൺസിൻ്റെ കൂട്ടുകെട്ടിന് ശേഷം 30 പന്തിൽ 46 റൺസ് നേടിയ ശ്രേയാസ് മടങ്ങി. സൂര്യകുമാർ യാദവ് (1) വീണ്ടും നിരാശപ്പെടുത്തി. ഇതിനിടെ ഫിഫ്റ്റിയും കടന്ന് സെഞ്ചുറിയിലേക്ക് കുതിച്ച രഹാനെ മൂന്നക്കത്തിന് കേവലം രണ്ട് റൺസകലെ വീഴുകയായിരുന്നു. 56 പന്തിൽ 11 ബൗണ്ടറിയും അഞ്ച് സിക്സറും സഹിതം 98 റൺസ് നേടി രഹാനെ പുറത്തായതിന് പിന്നാലെ എത്തിയ സൂര്യാൻഷ് ഷെഡ്ഗെ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സറടിച്ച് കളി അവസാനിപ്പിച്ചു. ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം.

രണ്ടാം സെമിയിൽ ഡൽഹിയെ ഏഴ് വിക്കറ്റിനാണ് മധ്യപ്രദേശ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹിയ്ക്ക് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 146 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഡൽഹിയ്ക്കായി കളത്തിലിറങ്ങിയ എല്ലാവരും ഇരട്ടയക്കം കടന്നെങ്കിലും ആർക്കും ഉയർന്ന സ്കോർ നേടാനായില്ല. 21 പന്തിൽ 29 റൺസ് നേടിയ പ്രിയാൻഷ് ആര്യയാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. മധ്യപ്രദേശിനായി വെങ്കടേഷ് അയ്യർ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ആദ്യ പന്തിൽ തന്നെ മധ്യപ്രദേശിനെ ആദ്യ വിക്കറ്റ് നഷ്ടമായി. 3 വിക്കറ്റ് നഷ്ടത്തിൽ 46 റൺസെന്ന നിലയിലാണ് രജത് പാടിദാർ ക്രീസിലെത്തുന്നത്. തുടർന്ന് നാലാം വിക്കറ്റിൽ ഹർപ്രീത് സിംഗ് ഭാട്ടിയയുമൊത്ത് അപരാജിതമായ 106 റൺസ് കൂട്ടിച്ചേർത്ത പാടിദാർ മധ്യപ്രദേശിനെ അനായാസം വിജയത്തിലെത്തിച്ചു. ഹർപ്രീത് സിംഗ് സാവധാനം കളിച്ചപ്പോൾ സ്പിന്നർമാരെ തുടരെ ആക്രമിച്ച് പാടിദാർ വേഗത്തിൽ കളി അവസാനിപ്പിച്ചു. 29 പന്തിൽ നാല് ബൗണ്ടറിയും ആറ് സിക്സറും സഹിതം 66 റൺസ് നേടിയ പാടിദാറും 38 പന്തിൽ നാല് ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 46 റൺസ് നേടിയ ഹർപ്രീത് സിംഗും നോട്ടൗട്ടാണ്.

ഈ മാസം 15ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് ഫൈനൽ.

 

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി